ഇശ്ഖിന്‍ പ്രഭ പരത്തി…

ചെറുപ്പം മുതലേ തിരുനബി തങ്ങളുടെ അപദാനങ്ങള്‍ പാടാനും പറയാനും രചിക്കാനും താത്പര്യം കാണിക്കുകയും ആനന്ദം കണ്ടെത്തുകയും ചെയ്തു. കവിത ജീവിതമാക്കിയ സൂഫിയായിരന്നു അദ്ദേഹം. 'ഇത് അല്ലാഹുവിനെ കാണുന്ന ബൈത്താണല്ലൊ'- ആരമ്പപ്പൂവിനെ കുറിച്ച് വടകര മുഹമ്മദാജി തങ്ങള്‍ പറഞ്ഞതാണിത്.
ഓര്‍മ
Posted on: November 4, 2018 7:49 pm | Last updated: November 4, 2018 at 7:49 pm

ആരമ്പപ്പൂവായ മുത്ത് നബിയുടെ
ഹള്‌റത്തില്‍ ചെന്നെത്താന്‍
ഞങ്ങള്‍ക്ക് തൗഫീഖ് ഏകല്ലാഹ്
വാഹല്ലില്‍ ഖുബ്ബത്തില്‍ ഖള്‌റാഇ
ഖുബ്ബത്തി
സയ്യിദില്‍ കൗനൈനി അഫഌല
ഖുര്‍റത്തല്‍ ഐനൈനി’

മുഖവുര ആവശ്യമില്ല കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്ക്. ആരമ്പപ്പൂവ് എന്ന് കേട്ടാല്‍ മതി ആ മുഖവും കര്‍മങ്ങളും മനസ്സില്‍ തെളിയാന്‍. ഒരേ സമയം വിവിധ തലങ്ങളിലൂടെ കടന്നുപോയ ജീവിതം. ചിന്തയിലും വിചാരങ്ങളിലും കര്‍മങ്ങളിലും സമീപനത്തിലും വേറിട്ട വ്യക്തിത്വം. സ്‌നേഹമായിരുന്നു ജീവിതം മുഴുക്കെ. പടച്ചവനോടും നബിയോരോടും മതത്തോടും പ്രസ്ഥാനത്തോടും പണ്ഡിതരോടും സഹജീവികളോടുമെല്ലാം സ്‌നേഹം പ്രകാശിപ്പിച്ചു ഉസ്താദ്; പല വഴികളിലൂടെ. ആറ്റിക്കുറുക്കി പറഞ്ഞാല്‍ ഒരു പച്ച മനുഷ്യസ്‌നേഹി.

ഹൃദയയുറവയില്‍
നിന്നൊഴുകിയ കവിതകള്‍
‘ഇത് അല്ലാഹുവിനെ കാണുന്ന ബൈത്താണല്ലൊ’- ആരമ്പപ്പൂവിനെ കുറിച്ച് വടകര മുഹമ്മദാജി തങ്ങള്‍ പറഞ്ഞതാണിത്. ആരമ്പപ്പൂവിലടങ്ങിയ ഇശ്ഖിനെയും ഇലാഹീപ്രിതിയെയുമെല്ലാം ഇപ്പറഞ്ഞത് കാണിക്കുന്നുണ്ട്. കവിത ജീവിതമാക്കിയ സൂഫിയായിരുന്നു അദ്ദേഹം. കവിതയുടെ ഉള്ളടക്കത്തെ ജീവിതചര്യയാക്കി. സര്‍ഗശേഷി ആഴ്ന്നിറങ്ങിയതിന്റെ പ്രതിഫലനമെന്നോണം നിമിഷക്കവിതകളായിരുന്നു അവ. തലപുകഞ്ഞാലോചിച്ച് ഏകാന്തനായി സ്വസ്ഥമായി രചിക്കുന്നവയായിരുന്നില്ല അവ. നബിയോരോടുള്ള സ്‌നേഹം രൂഢമൂലമായ ആ ഹൃദയം ചിന്തിക്കുന്നത് പേനത്തുമ്പിലൂടെ കടലാസിലേക്ക് ഒഴുകുകയായിരുന്നു. അതിനാല്‍ തന്നെ കുണ്ടൂര്‍ കവിതകളുടെ സിംഹഭാഗവും ഹുബ്ബുന്നബിയായിരുന്നു. മിക്ക കവിതകളും ഹബീബിന്റെ ചാരത്തുനിന്ന് രചിക്കപ്പെട്ടവയുമാണ്. ഇതില്‍ ‘ആരമ്പപ്പൂവ്’ ആണ് ഏറെ ജനകീയമായത്. ഈ കവിതയുടെ ആശയം വിവരിച്ച് ഒരു പുസ്തകം പോലും ഇറങ്ങിയിട്ടുണ്ട്. ‘യാ നൂറല്‍ ഹുദാ അലൈക്കാ/ സ്വലാതുന്‍ മഅസ്സലാമി/ ഖുദ് ബി അയ്ദീനാ ഫകുന്നാ/ ഫില്‍ ഉമൗരി ഹാഇരീനാ’ എന്ന അദ്ദേഹത്തിന്റെ ബൈത് താജുല്‍ ഉലമക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.

ചെറുപ്പം മുതലേ തിരുനബി തങ്ങളുടെ അപദാനങ്ങള്‍ പാടാനും പറയാനും രചിക്കാനും താത്പര്യം കാണിക്കുകയും ആനന്ദം കണ്ടെത്തുകയും ചെയ്തു. നീറുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളുമായി ഉസ്താദിന്റെ അരികില്‍ വരുന്ന ഓരോരുത്തരോടും റസൂലിന്റെ മദ്ഹ് പാടാനും ബുര്‍ദ ചൊല്ലാനുമെല്ലാം നിര്‍ദേശിക്കുകയും അതുകൊണ്ട് മാത്രമേ ഇഹലോകത്തും പരലോകത്തും വിജയിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പഠിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തിലുടനീളം ഖസീദതുല്‍ ബുര്‍ദ വ്യാപിപ്പിച്ചതിന് പിന്നിലെ ചാലകശക്തി ഉസ്താദായിരുന്നു. ഓരോ കാവ്യ ശീലില്‍ നിന്നും സ്‌നേഹത്തിന്റെ പാരമ്യത മനസ്സിലാക്കാം. പ്രത്യേക സ്ഥലമെന്നോ മാസമെന്നോ വ്യത്യാസമില്ലാതെ സംഘടിപ്പിച്ച മദ്ഹ് മജ്‌ലിസുകളും മൗലിദ് സദസ്സുകളും ശ്രദ്ധേയമായിരുന്നു. മദ്ഹ് പാടുന്നവരോട് വളരെ സ്‌നേഹം പ്രകടിപ്പിച്ചു. വലിയ പ്രോത്സാഹനം നല്‍കി. ചെറിയവരെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ അഹ്‌ലുബൈത്തിനോട് അപാരമായ പ്രിയംവെച്ചു.

മലയാളം, അറബി, അറബി- മലയാളം തുടങ്ങിയ ഭാഷകളിലാണ് അദ്ദേഹം കവിതകള്‍ എഴുതിയത്. ചിലപ്പോള്‍ ഇവ മൂന്നിന്റെയും സങ്കലനവുമുണ്ടാകും. പ്രകീര്‍ത്തന കാവ്യങ്ങളും മര്‍സിയ്യത്തുകളും ക്ഷണക്കത്തുകളും സ്വാഗതഗാനങ്ങളും ആശംസാഗാനങ്ങളും ശിപാര്‍ശ കത്തുകളുമെല്ലാം കുണ്ടൂര്‍ കവിതകളില്‍ വിഷയീഭവിച്ചിട്ടുണ്ട്. ജോര്‍ജ് ഡബ്ല്യു ബുഷിന്റെ യാങ്കീ പട്ടാളം ഇറാഖില്‍ അധിനിവേശം നടത്തിയ സമയത്താണ് ഹൃദയം പൊട്ടിയുള്ള ഈ വരികള്‍ വിരചിതമായത്: ‘വ യദ്ഫഉ ള്വലാമു ഫീ അംരീക്കാ/ വ യന്‍സ്വുറുല്‍ മള്‌ലൂമു ലാ തഫ്‌രീക്കാ’. ഖസാഇദുല്‍ ഖാദിരിയ്യ അലാ ത്വരീഖത്തില്‍ മുസ്ത്വഫ്‌വിയ്യ എന്ന പേരില്‍ കുണ്ടൂര്‍ ഉസ്താദിന്റെ കാവ്യസമാഹാരം ഇറങ്ങിയിട്ടുണ്ട്.

നിമിഷക്കവി എന്നതുപോലെ നിമിഷ പ്രഭാഷകന്‍ കൂടിയായിരുന്നു ഉസ്താദ്. സ്ഥലമോ പ്രസംഗകരെയോ മുന്‍കൂട്ടി നിശ്ചയിക്കാതെയായിരുന്നു ആ പ്രഭാഷണ സദസ്സ്. പ്രസംഗം തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കും സദസ്സ് നിറയും. ആദര്‍ശ പ്രചാരണ രംഗത്ത് തൂലികക്ക് കാതലായ പങ്കുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രസ്ഥാന ജിഹ്വകളുടെ പ്രചാരണത്തിന് ഏറെ സമയം വിനിയോഗിച്ചു. വെന്നിയൂര്‍ മുതല്‍ കുണ്ടൂര്‍ വരെ മൂന്ന് കിലോമീറ്റര്‍ സിറാജിന്റെ കെട്ടും ചുമന്ന് കാല്‍നടയായി വിതരണം ചെയ്യുന്നത് ഉസ്താദിന്റെ പതിവായിരുന്നു. ആലോചിച്ചുനോക്കൂ, ആ ജീവിതത്തെളിമയും എളിമയും എത്രത്തോളമായിരുന്നെന്ന്. രിസാല ദൈ്വവാരികയില്‍ നിന്ന് വാരികയാക്കിയപ്പോള്‍ കുണ്ടൂരില്‍ വെച്ച് അത് പ്രകാശിപ്പിച്ചത് ഉസ്താദായിരുന്നു.

ചരിത്ര സംഭവങ്ങളെ കൊണ്ടും മികവുറ്റ പണ്ഡിതന്മാരാലും പ്രസിദ്ധമായ തിരൂരങ്ങാടിയിലെ നമ്പിടിപ്പറമ്പത്ത് കുഞ്ഞുമുഹമ്മദിന്റെയും ഖദീജയുടെയും മകനായാണ് ജനനം. വളര്‍ന്നതും ആത്മീയ ലോകം കെട്ടിപ്പടുത്തതും തിരൂരങ്ങാടിയുടെ അടുത്ത പ്രദേശവും ഉസ്താദിന്റെ സ്വന്തം നാടുമായ കുണ്ടൂരില്‍ വെച്ചായിരുന്നു. മകന്‍ ഗൗസുല്‍ അഅഌമിന്റെ പിന്‍ഗാമിയാകണം എന്ന ആഗ്രഹത്താല്‍ ജനിക്കുന്നതിന് മുമ്പ് തന്നെ അബ്ദുല്‍ ഖാദിര്‍ എന്ന പേര് ആ പിതാവ് തീരുമാനിച്ചിരുന്നു. ദാരിദ്ര്യം നിറഞ്ഞ കാലത്തായിരുന്നു ജനിച്ചതും വളര്‍ന്നതും. മതപഠന തുടക്കം തിരൂരങ്ങാടി ഈസ്റ്റ് ബസാറില്‍ അഹ്മദ് മൊല്ലയുടെ ഓത്തുപള്ളിയില്‍ നിന്നും ഭൗതിക വിദ്യാഭ്യാസം തിരൂരങ്ങാടി എല്‍ പി സ്‌കൂളില്‍ നിന്നുമായിരുന്നു. അഞ്ചാം തരത്തിന് ശേഷം ദര്‍സ് ജീവിതം ആരംഭിച്ചു. പരമ്പരാഗത ദര്‍സിന് പേരുകേട്ട ഇരുമ്പുചോലയില്‍ കെ എം എസ് എ പൂക്കോയ തങ്ങളുടെ അടുക്കലാണ് ആദ്യമായെത്തിയത്. പിന്നീട് കരിങ്ങനാട്ട് മുഹമ്മദ് മുസ്‌ലിയാര്‍, ഇരിങ്ങല്ലൂര്‍ അലവി മുസ്‌ലിയാര്‍ തുടങ്ങി ധാരാളം ഉസ്താദുമാരുടെ അടുക്കല്‍ വ്യത്യസ്തങ്ങളായ സ്ഥലങ്ങളില്‍ പഠനം തുടര്‍ന്നു. പിന്നീടാണ് ക്ലാരിയിലെത്തുന്നത്. ഈ സമയത്തായിരുന്നു വിവാഹം. പിന്നീട് ഇവിടെ മുദര്‍രിസായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പണ്ഡിതനായിരുന്ന കാഞ്ഞിരത്തിങ്ങല്‍ സെയ്ദാലി മുസ്‌ലിയാരുടെ മകന്‍ മുഹമ്മദ് മുസ്‌ലിയാരുടെ മകള്‍ ഫാത്തിമക്കുട്ടിയാണ് ഭാര്യ. ആഴത്തില്‍ മതവിജ്ഞാനമുണ്ടായിരുന്നു പത്‌നിക്ക്. ക്ലാരി ചെനക്കലില്‍ ഒന്നര വര്‍ഷം ദര്‍സ് നടത്തിയതിന് ശേഷമാണ് ബാഖിയാത്തിലേക്ക് മുത്വവ്വല്‍ പഠനത്തിന് പോയത്. ശേഷം ക്ലാരിയിലേക്കുതന്നെ മടങ്ങി.

ജീവിതകാലത്ത് തന്നെ മകന്റെ അരുംകൊലക്ക് സാക്ഷിയാകേണ്ടിവന്നു. രാഷ്ട്രീയ തിമിരം ബാധിച്ച കൂട്ടര്‍ മകന്‍ കുഞ്ഞുവിനെ കൊലക്കത്തിക്കിരയാക്കുകയായിരുന്നു. റമസാന്‍ മാസത്തിലാണ് ഏറെ ആഘാതമേല്‍പ്പിക്കുന്ന ആ സംഭവം നടന്നത്. പക്ഷേ, ഉസ്താദിനെ തളര്‍ത്താന്‍ അതൊന്നും പര്യാപ്തമായില്ല. മരിക്കുന്നതിന്റെ മാസങ്ങള്‍ക്ക് മുമ്പേ ഉസ്താദ് അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഖബര്‍ സ്വന്തം പണി കഴിപ്പിക്കുകയും അവിടെ ഖുതുബിയ്യതും റാത്തീബും ബുര്‍ദയുമെല്ലാം നിരന്തരമായി നടത്തി, കിടക്കാനുള്ള ഇടം അനുഗ്രഹീതമാക്കിയിരുന്നു. കുണ്ടൂരിലെ യത്തീംഖാനയും മറ്റും നടത്തിയ ഉസ്താദ്, വഫാത്തിന് രണ്ടു മാസം മുമ്പേ ഗൗസിയ്യ ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കി. ഒരേ സമയം സുന്നത്ത് ജമാഅത്തിന്റെ നേതാവും പ്രവര്‍ത്തകനുമായിരുന്നു. അറിവും സമയവും മതത്തിനും സാമൂഹിക സേവനത്തിനും വിനിയോഗിച്ച ഉസ്താദ് കിട്ടുന്നതെല്ലാം ഒരു കൈകൊണ്ട് സ്വീകരിച്ചു മറുകൈകൊണ്ട് പാവങ്ങളുടെയും പ്രയാസമനുഭവിക്കുന്നവരുടെയും കണ്ണുനീരൊപ്പാന്‍ ചെലവഴിച്ചു. നീറുന്ന പ്രശ്‌നങ്ങളുമായി തന്റെ മുമ്പില്‍ വരുന്ന ജനങ്ങള്‍ക്ക് തണല്‍ മരമായി. 2006 മാര്‍ച്ച് 28 (സഫര്‍ 28)ന് പണ്ഡിതരുടെയും ഉറ്റവരുടെയും സാന്നിധ്യത്തില്‍ ആ മനീഷി വിട പറഞ്ഞു.
.