ആക്ടിവിസ്റ്റുകളെന്ന പേരില്‍ ഗൂഢലക്ഷ്യങ്ങളുമായി എത്തുന്നവര്‍ക്ക് ബലം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല: മന്ത്രി കടകംപള്ളി

Posted on: November 4, 2018 7:08 pm | Last updated: November 5, 2018 at 9:27 am

തിരുവനന്തപുരം: ആക്ടിവിസ്റ്റുകളെന്ന പേരില്‍ ഗൂഢലക്ഷ്യങ്ങളുമായി എത്തുന്നവര്‍ക്ക് ബലം കാണിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചിത്തിര ആട്ടവിശേഷത്തിനായി നടതുറക്കുമ്പോള്‍ ഏതെങ്കിലും ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് എത്തിയാല്‍ പ്രവേശിപ്പിക്കില്ല. ഗൂഢലക്ഷ്യങ്ങളുമായി വരുന്നവരെയാണ് ആക്ടിവിസ്റ്റുകള്‍ എന്ന് ഉദ്ദേശിച്ചത്. യുവതികളാരും ഇതുവരെ ശബരിമലയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും മന്ത്രി പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ വില കല്‍പ്പിക്കുന്നുണ്ട്. ശബരിമലയില്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെടുന്ന സമയമാണിത്. പ്രശ്‌നങ്ങളില്ലാതെ ശബരിമലയില്‍ ചടങ്ങുകള്‍ നടക്കുമെന്നും വിശ്വാസികള്‍ക്ക് സുരക്ഷ കൊടുക്കുന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.