Connect with us

Editorial

പുസ്തകച്ചുമടെടുക്കുന്ന വിദ്യാര്‍ഥികള്‍

Published

|

Last Updated

എന്തിനാണ് ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ട് താങ്ങാവുന്നതിലേറെ പുസ്തകച്ചുമട് എടുപ്പിക്കുന്നത്? സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജിയില്‍ കേരള ഹൈക്കോടതിയുടേതാണ് ചോദ്യം. വിദ്യാര്‍ഥികളുടെ പ്രയാസം ലഘൂകരിക്കുന്നതിന് പാഠപുസ്തകങ്ങള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ചീഫ് ജസ്റ്റിസ് അടങ്ങുന്ന കോടതി ബഞ്ച് വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം കുറക്കാന്‍ നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതിയും അടുത്തിടെ ഉത്തരവിട്ടിരുന്നു.

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കണമെന്ന് സി ബി എസ് ഇ ഡയറക്ടര്‍ 2016 സെപ്തംബര്‍ 12ന് ഇറക്കിയ സര്‍ക്കുലറില്‍ അഫിലിയേറ്റഡ് സ്‌കൂളുകളോടാവശ്യപ്പെട്ടിരുന്നു. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുക, അമിത ഭാരം കൊണ്ടുള്ള ദോഷങ്ങള്‍ അസംബ്ലികള്‍ പോലുള്ള സ്‌കൂള്‍ പരിപാടികളില്‍ കുട്ടികളെ ബോധവത്കരിക്കുക, സ്‌കൂളില്‍ കുടി വെള്ളം ലഭ്യമാക്കുകയും അമിതഭാരമുള്ള വാട്ടര്‍ ബോട്ടിലുകള്‍ കൊണ്ടു വരരുതെന്ന് കുട്ടികളെ ഉപദേശിക്കുകയും ചെയ്യുക, പുസ്തകങ്ങളുടെ എണ്ണം കുറക്കാന്‍ സഹായകമായ വിധത്തില്‍ ദൈനംദിന ടൈംടേബില്‍ തയ്യാറാക്കുക, ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കാതിരിക്കുക തുടങ്ങിയവയാണ് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍. എന്നാല്‍ ഇത് നടപ്പാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ സന്നദ്ധമാകുന്നില്ലെന്ന് പരാതിപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
ഭാരമേറിയ പുസ്തകച്ചുമട് വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് 2012ല്‍ പഠനം നടത്തിയിരുന്നു. ഭാരമുള്ള സ്‌കൂള്‍ ബാഗുകള്‍ തോളിലേറ്റുന്ന വിദ്യാര്‍ഥികളുടെ നട്ടെല്ലിന് കാര്യമായ തകരാറുകള്‍ സംഭവിച്ചതായി പഠനത്തില്‍ കണ്ടെത്തി. സര്‍വേക്ക് വിധേയമാക്കിയ 12 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളില്‍ 57 ശതമാനം പേരുടെയും അസ്ഥിവ്യൂഹങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. കടുത്ത പുറംവേദനയും നടുവേദനയും ഇവരെ അലട്ടുന്നു. പലര്‍ക്കും ശരിയായ രീതിയില്‍ ഇരിക്കാന്‍ കഴിയുന്നില്ല. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 40 ശതമാനം വിദ്യാര്‍ഥികള്‍ അലസരായി മാറി. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യമേഖലയിലുള്ളവരും വെളിപ്പെടുത്തുന്നു.
ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ബാഗിന്റെ ഭാരം സ്വന്തം ശരീര ഭാരത്തിന്റെ പത്തിലൊന്നില്‍ കൂടരുതെന്നാണ് 2006ലെ സ്‌കൂള്‍ ബാഗ് നിയമം അനുശാസിക്കുന്നത്. ഇതനുസരിച്ച് ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം രണ്ട് കിലോയിലും മൂന്ന്, നാല് ക്ലാസുകാരുടേത് മൂന്ന് കിലോയിലും കൂടരുത്. അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ നാല് കിലോയിലും ഒമ്പത്, പത്ത് ക്ലാസുകാരുടേത് അഞ്ച് കിലോയിലും അധികമാകാന്‍ പാടില്ല. എന്നാല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം വിദ്യാര്‍ഥികളുടെയും ബാഗിന്റെ ഭാരം ശരീര ഭാരത്തിന്റെ 35 ശതമാനത്തില്‍ അധികമായിരുന്നു. ചില പീ പ്രൈമറി വിദ്യാര്‍ഥികളുടെ ബാഗുകള്‍ പോലും അഞ്ച് കിലോയില്‍ അധികമാണെന്നാണ് കണ്ടെത്തിയത്.

ഇക്കാര്യത്തില്‍ അധികൃതരുടെ കണ്ണു തുറപ്പിക്കാന്‍ പോന്നതായിരുന്നു 2016 ആഗസ്റ്റില്‍ മഹാരാഷ്ട്രയിലെ ഒരു പ്രസ് ക്ലബ്ബില്‍ കയറിച്ചെന്ന് രണ്ട് കൊച്ചു വിദ്യാര്‍ഥികള്‍ നടത്തിയ അഭ്യര്‍ഥന. “പാഠ പുസ്തകക്കെട്ടുകള്‍ ചുമന്ന് ഞങ്ങളുടെ നടുവൊടിഞ്ഞിരിക്കുന്നു. ഇക്കാര്യമൊന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് ഞങ്ങളെയൊന്ന് സഹായിക്കാമോ” എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് മഹാരാഷ്ട്രയിലെ ചാന്ദ്രപൂര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ ഏഴാം ക്ലാസുകാരായ വിദ്യാര്‍ഥികളുടെ ചോദ്യം. എട്ട് വിഷയങ്ങളിലായി 16 മുതല്‍ 20 പുസ്തകങ്ങള്‍ വരെ സ്‌കൂളിലേക്ക് ചുമന്നു കൊണ്ടു പോകണം. പുസ്തകങ്ങളുടെ എണ്ണം കുറക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് വ്യക്തമാക്കിയ വിദ്യാര്‍ഥികള്‍ വര്‍ക്ക് ബുക്കുകള്‍ സ്‌കൂളില്‍ സൂക്ഷിക്കാന്‍ സംവിധാനമുണ്ടാക്കുകയോ, പീരിയഡുകളുടെ എണ്ണം കുറക്കുകയോ ചെയ്താല്‍ ഭാരം കുറേയേറെ കുറക്കാനാകുമെന്ന നിര്‍ദേശവും വെച്ചു. താങ്ങാവുന്നതിലേറെ പുസ്തകഭാരം ചുമക്കുന്ന വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രയാസത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവം. രണ്ട് വര്‍ഷം കടന്നു പോയിട്ടും രാജ്യത്തെ പാഠപുസ്തക കെട്ടുകളുടെ ഭാരത്തിന് കുറവ് വന്നിട്ടില്ല.

ഭാരം കുറക്കുന്നതിന് ഓരോ പാഠപുസ്തകവും മൂന്ന് ഭാഗങ്ങളാക്കി ഒരോ ടേമിലും ഓരോ ഭാഗം വീതം വിതരണം ചെയ്യുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കിയതായി കഴിഞ്ഞ മെയില്‍ കേന്ദ്ര മാനവശേഷി വികസനവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചിരുന്നു. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഗൃഹപാഠം നല്‍കരുതെന്നാവശ്യപ്പെടുന്ന ബില്‍ ഉടന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറയുകയുണ്ടായി. വിദ്യാര്‍ഥികള്‍ ക്ലാസ്മുറികളിലെ ലോക്കറുകളില്‍ പുസ്തകം വെച്ചു പൂട്ടി വീട്ടിലേക്കു പോകുന്ന സംവിധാനമാണ് സര്‍ക്കാര്‍ ആദ്യം ആലോചിച്ചതെങ്കിലും ഇത് കൂടുതല്‍ ചെലവ് വരുത്തുമെന്ന വിലയിരുത്തലിലാണ് പുസ്തകങ്ങള്‍ ഓരോ സെമസ്റ്ററിനു മാത്രമായി തയ്യാറാക്കുന്ന അഭിപ്രായത്തിലേക്ക് നീങ്ങിയത്. എന്നാല്‍ വര്‍ഷങ്ങളായി ഇത്തരം പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയല്ലാതെ അത് നിയമമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രഖ്യാപിക്കുന്ന പദ്ധതികള്‍ എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കിയും സ്‌കൂള്‍ അധികൃതര്‍ അത് നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്തിയും വിദ്യാര്‍ഥികളെ ചുമട്ടുകാരാക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് സര്‍ക്കാറും കോടതികളും നടപടി സ്വീകരിക്കേണ്ടതുണ്ട്.

Latest