വിമാനാപകടം: തിരച്ചിലിനിടെ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു

Posted on: November 3, 2018 10:01 pm | Last updated: November 3, 2018 at 10:01 pm
ഇന്തോനേഷ്യന്‍ കടലില്‍ നിന്ന് കണ്ടെത്തിയ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍

ജക്കാര്‍ത്ത: കടലില്‍ വീണ ലയണ്‍ എയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായും മൃതദേഹങ്ങള്‍ക്കായും നടന്ന തിരച്ചിലിനിടെ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു. സിയഹ്‌റില്‍ ആന്റോ (48 )ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഡൈവറാണ് അബോധാവസ്ഥയിലായ ആന്റോയെ കണ്ടെത്തിയത്. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുകയാണ്.

പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ കടലിലേക്ക് പതിച്ച വിമാനത്തില്‍ 189 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ 73 പേരുടെ മൃതദേഹം മാത്രമാണ് കിട്ടിയത്. അതില്‍ തന്നെ നാല് പേരെ മാത്രമെ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ.
അപകടത്തിന്റെ കാരണങ്ങള്‍ ലഭിക്കാന്‍ വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ ലഭിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഒരു ബ്ലാക്ക് ബോക്‌സ് നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ അത് കേടുവന്ന നിലയിലാണ്. ഇതില്‍ നിന്ന് വിവരം വീണ്ടെടുക്കാന്‍ പ്രയാസമാകുമെന്നാണ് വിദഗ്ധര്‍ അറിയിച്ചത്.

ലയണ്‍ എയറിന്റെ ബോയിംഗ് 737 മാക്‌സ് എട്ട് വിമാനം തിങ്കളാഴ്ചയാണ് ജക്കാര്‍ത്തയില്‍ നിന്ന് പങ്കാല്‍ പിനാംഗിലേക്ക് പുറപ്പെട്ട് 13ാം മിനുട്ടില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.