കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: വോട്ടിംഗ് പുരോഗമിക്കുന്നു

Posted on: November 3, 2018 9:28 am | Last updated: November 3, 2018 at 10:57 am

ബെംഗളുരു: കര്‍ണാടകയില്‍ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് തുടങ്ങി. ബല്ലാരി , ശിവമോഗ, മാണ്ഡ്യ എന്നീ ലോക്‌സഭാ സീറ്റുകളിലേക്കും രാമനഗര, ജാംഘണ്ഡി നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടിംഗിനായി 6,450 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.

നവംബര്‍ ആറിന് വോട്ടെണ്ണും. കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് രൂപീകരിച്ച സഖ്യ സര്‍ക്കാര്‍ ബിജെപിയെ നേരിടുന്ന തിരഞ്ഞെടുപ്പ് സര്‍ക്കാറിനും ബിജെപിക്കും ഏറെ നിര്‍ണായകമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനഹിത പരിശോധന കൂടിയാണ് ഈ ഉപതിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി കുമാര സ്വാമിയുടെ ഭാര്യ അനിതാ കുമാരിയാണ് രാമനഗര മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എന്‍ ചന്ദ്രശേഖര്‍ മത്സരത്തില്‍നിന്ന് പിന്‍മാറി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ജെഡിഎസിന് ഇവിടെ വലിയ വിജയം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. പല നേതാക്കളുടേയും മക്കളും ബന്ധുക്കളും മത്സരിക്കുന്ന തിരഞ്ഞെടുപ്പെന്ന നിലയിലും ഈ ഉപതിരഞ്ഞെടുപ്പ് ശ്രദ്ധേയമാണ്.