Connect with us

Editorial

നായിഡു നല്‍കുന്ന ആത്മവിശ്വാസം

Published

|

Last Updated

പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന തെലുഗു ദേശം പാര്‍ട്ടി മേധാവിയും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ പുതിയ നീക്കം ചരിത്രപരമായ ചുവടുവെപ്പായി കാണാവുന്നതാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി ചര്‍ച്ച നടത്തിയ നായിഡു ബി ജെ പിവിരുദ്ധ പ്രതിപക്ഷ നിരയില്‍ സജീവമായി നിലയുറപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. എന്‍ സി പി നേതാവ് ശരത് പവാര്‍, നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, ആര്‍ എല്‍ ഡി നേതാവ് അജിത് സിംഗ് എന്നിവരുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് രാഹുല്‍ ഗാന്ധിയെ നായിഡു കണ്ടത്. ബി എസ് പി നേതാവ് മായാവതി, ബി ജെ പി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ എന്നിവരുമായി കഴിഞ്ഞ ആഴ്ച നായിഡു ചര്‍ച്ച നടത്തിയിരുന്നു. ദേശീയതലത്തില്‍ ബി ജെ പിക്കെതിരെ മഹാസഖ്യം ശക്തിപ്പെടുമെന്ന പ്രതീക്ഷയാണ് ഈ കൂടിക്കാഴ്ചകള്‍ നല്‍കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബി എസ് പിയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.

യു പിയിലെ ഉപതിരഞ്ഞെടുപ്പുകളില്‍ വലിയ മുന്നേറ്റം സൃഷ്ടിച്ച മഹാസഖ്യ മാതൃകക്ക് തുടര്‍ച്ച നഷ്ടപ്പെടുകയാണോയെന്ന ആശങ്കയാണ് മായാവതിയുടെ പുതിയ നിലപാട് സൃഷ്ടിച്ചത്. ഈ സാഹര്യത്തില്‍ ടി ഡി പിയുടെ നീക്കം കക്ഷി ബന്ധങ്ങളെ മാറ്റിമറിക്കാന്‍ പോന്നതാണ്. ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് എന്‍ ഡി എ സഖ്യം ടി ഡി പി ഉപേക്ഷിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തും പരമ്പരാഗതമായി കോണ്‍ഗ്രസ് വിരുദ്ധ ക്യാമ്പിലാണ് ടി ഡി പി ഉണ്ടായിരുന്നത്. 1990കളുടെ അവസാനം സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഇടതു പര്‍ട്ടികളുമായി ചേര്‍ന്നാണ് ടി ഡി പി മത്സരിച്ചിരുന്നത്. 1999, 2004, 2014 തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്കൊപ്പം ചേര്‍ന്നു. 2009ല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ തെലങ്കാന രാഷ്ട്ര സമിതിയെ (ടി ആര്‍ എസ്) ആണ് ടി ഡി പി കൂട്ടുപിടിച്ചത്. രാഷ്ട്രീയ സാഹചര്യം മാറുന്നതിന്റെ ലക്ഷണമായി കൂടി നായിഡുവിന്റെ സഖ്യശ്രമത്തെ വിലയിരുത്താവുന്നതാണ്.

പല താത്പര്യങ്ങളുള്ള, വിവിധങ്ങളായ വോട്ട് അടിസ്ഥാനങ്ങളുള്ള, വ്യത്യസ്തങ്ങളായ ചരിത്രമുള്ള പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ അണിനിരത്തുകയെന്നത് അത്യന്തം ശ്രമകരമായ ദൗത്യമാണ്. ബഹുകക്ഷി ജനാധിപത്യത്തില്‍ ഇത്തരം സഖ്യങ്ങള്‍ പുതിയ കാര്യമല്ല. ഇന്ന് പ്രാദേശികമായും ദേശീയമായും പ്രവര്‍ത്തിക്കുന്ന എല്ലാ പാര്‍ട്ടികളും വിവിധ സന്ദര്‍ഭങ്ങളില്‍ പല നിലയില്‍ സഖ്യമായിരുന്നവരാണ്. ബി ജെ പിവിരുദ്ധ കൂട്ടായ്മക്ക് ശ്രമിക്കുന്ന പാര്‍ട്ടികളില്‍ മിക്കവയും അവരുമായി കൂട്ടുചേര്‍ന്നതിന്റെ പാരമ്പര്യം പേറുന്നവരുമാണ്. അത്തരം കക്ഷികള്‍ ബി ജെ പിവിരുദ്ധതയുടെ പേരില്‍ ഇപ്പോള്‍ ഒന്നിക്കുമ്പോള്‍ അത് സ്വാഭാവികമാകുമോ എന്ന ചോദ്യത്തിന് രണ്ട് ഉത്തരമുണ്ട്. ഒന്ന്, കക്ഷി രാഷ്ട്രീയത്തില്‍ ഒന്നും അസാധ്യമല്ല എന്നതാണ്. രണ്ട് ഐക്യപ്പെടല്‍ അനിവാര്യമാക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. രാജ്യത്തെ സമാധാന കാംക്ഷികളും ജനാധിപത്യവിശ്വാസികളും മതേതര വാദികളുമായ മുഴുവന്‍ പേരും രണ്ടാമത്തെ ഉത്തരത്തിനാണ് കൊതിക്കുന്നത്. അധികാരം കൈപ്പിടിയിലൊതുക്കാനോ കുടുസ്സായ പ്രാദേശിക താത്പര്യങ്ങള്‍ സംരക്ഷിക്കാനോ ഉള്ള താത്കാലിക കസര്‍ത്തായി ഈ ഐക്യനീക്കങ്ങള്‍ മാറരുത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഫാസിസ്റ്റ് പ്രവണതയിലേക്ക് കൂപ്പുകൂത്തിക്കഴിഞ്ഞുവെന്നതിന് വലിയ ഗവേഷണത്തിന്റെ ആവശ്യമില്ല. മിക്ക ജനാധിപത്യ സ്ഥാപനങ്ങളെയും അത് ഗ്രസിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ പണനയം നിര്‍ണയിക്കുന്ന ആര്‍ ബി ഐയെ പോലും വെറുതെ വിടുന്നില്ല. ന്യൂനപക്ഷങ്ങളും ദളിത് ജനവിഭാഗങ്ങളും ഭീതിയിലാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുന്നു. വൈകാരികമായ പ്രശ്‌നങ്ങള്‍ വലിച്ചിട്ട് യഥാര്‍ഥ ജനകീയ പ്രശ്‌നങ്ങള്‍ മൂടിക്കളയുകയെന്ന തീവ്രവലതുപക്ഷ യുക്തി ഇത്രമാത്രം ഭീകരനില കൈവരിച്ച ഘട്ടം രാജ്യത്തുണ്ടായിട്ടില്ല. അതുകൊണ്ട് മതേതര മൂല്യം കാത്തു സൂക്ഷിക്കുന്ന ഗ്രൂപ്പുകളുടെയും പാര്‍ട്ടികളുടെയും വോട്ടുകള്‍ ഭിന്നിക്കുന്നത് തടയുകയെന്നത് ഏറ്റവും അനിവാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനമായി മാറിയിരിക്കുന്നു. അധികാര സമവാക്യങ്ങള്‍ക്കപ്പുറം രൂപപ്പെടുന്ന സഖ്യം ഒരേ സമയം തിരഞ്ഞെടുപ്പ് തന്ത്രവും ജനവിരുദ്ധ നയങ്ങള്‍ തിരുത്താനുള്ള സമ്മര്‍ദവുമാണ്.

പക്ഷേ, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപപ്പെടുന്ന സഖ്യം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമാകാന്‍ മാത്രം ഇഴയടുപ്പമുള്ളതാകുമോ? ആരാണ് നേതാവ്? സര്‍വസമ്മതനായ ഒരു നേതാവ് വിശാല സഖ്യത്തിന്റെ അനിവാര്യതയാണ്. ചന്ദ്രബാബു നായിഡുവും ശരത് പവാറും മമതയും മായാവതിയുമൊക്കെ യഥാര്‍ഥത്തില്‍ രാഹുലിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നുണ്ടോ? തത്കാലം ഈ ചോദ്യത്തിന് ഉത്തരം പറയാതിരിക്കുന്നുവെന്നത് കൊണ്ട് ചോദ്യമില്ലാതാകുന്നില്ലല്ലോ. തിരഞ്ഞെടുപ്പ് സഖ്യമെന്ന പ്രയോഗം തന്നെ തെറ്റാണ്. വോട്ടെടുപ്പിന്റെ തലേന്ന് രൂപപ്പെടുന്ന സഖ്യം ജനങ്ങള്‍ സ്വീകരിക്കില്ല. ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ യഥാര്‍ഥ ജനകീയ സമരം ഉയര്‍ത്തിക്കൊണ്ടു വന്നാകണം ഈ സഖ്യമുണ്ടാകേണ്ടത്. സാമ്പത്തിക രംഗത്ത് ഒരു കാലത്ത് സംഭവിച്ച തെറ്റുകള്‍ ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ് തന്നെ ഈ സമരപരമ്പരക്ക് നേതൃത്വം നല്‍കണം. ന്യൂനപക്ഷ, ദളിത് ജനവിഭാഗങ്ങളും കര്‍ഷകരും ചെറുകിടക്കാരും കൂലിപ്പണിക്കാരും ജീവനക്കാരും ഉള്‍ക്കൊളളുന്ന മഹാഭൂരിപക്ഷത്തിന്റെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണ് വിശാല സഖ്യമെന്ന ആത്മവിശ്വാസം ജനങ്ങളില്‍ സൃഷ്ടിക്കണം.

Latest