Connect with us

International

ഉപരോധം: ഇന്ത്യയടക്കം എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാമെന്ന് യുഎസ്

Published

|

Last Updated

വാഷിംഗ്ടണ്‍: ഇറാനെതിരെ യുഎസ് ഉപരോധം പുനസ്ഥാപിച്ചെങ്കിലും ഇന്ത്യ അടക്കം എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ യുഎസ് അനുമതി നല്‍കി. എന്നാല്‍ കുറഞ്ഞ അളവില്‍ മാത്രമേ ഇറക്കുമതി ചെയ്യാന്‍ സാധിക്കൂവെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കി. എട്ട് രാജ്യങ്ങളുടെ പട്ടിക യുഎസ് പുറത്തുവിട്ടിട്ടില്ല. ഇന്ത്യയെ കൂടാതെ ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഉണ്ടെന്നാണ് സൂചന.

ആണവ പദ്ധതിയുടെയും ഭീകരവാദത്തിന്റെയും പേരില്‍ ഇറാനെതിരെ യുഎസ് ചുമത്തിയ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആഗോള സാമ്പത്തിക നെറ്റ്‌വര്‍ക്കായ സ്വീഫ്റ്റി (swift) നോട് ഇറാനിയന്‍ ബാങ്കുകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ യുഎസ് ആവശ്യപ്പെട്ടു. ഇതുകൂടാതെ 700 കമ്പനികളേയും വ്യാപാരങ്ങളെയും കൂടി ഉപരോധത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും യുഎസ് തീരുമാനിച്ചു.

ഇറാന്‍ തങ്ങളുടെ ഭീകരവാദ നയങ്ങള്‍ ഉപേക്ഷിച്ച് സാധാരണ രാജ്യമായി മാറുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൈക് പോംപിയോ പറഞ്ഞു.