ശബരിമല തീര്‍ത്ഥാടകന്റെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണകാരണം രക്തസ്രാവം

Posted on: November 2, 2018 5:36 pm | Last updated: November 2, 2018 at 9:28 pm

പത്തനംതിട്ട: ശബരിമലക്ക് സമീപം ളാഹയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അയ്യപ്പ ഭക്തന്‍ ശിവദാസന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
മരണം രക്തസ്രാവത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. തുടയെല്ല് പൊട്ടിയാണ് രക്തസ്രാവമുണ്ടായത്. ആന്തരികാവയവങ്ങള്‍ക്ക് പരുക്കില്ല. ഉയര്‍ന്ന സ്ഥലത്ത് നിന്നുള്ള വീഴ്ചയിലാകാം തുടയെല്ല് പൊട്ടിയത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. വിഷം ഉള്ളില്‍ ചെന്നതായി സൂചനയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പന്തളം മുളക്കുഴ ശരത് ഭവനില്‍ ശിവദാസന്റെ(60) മൃതദേഹമാണ് ഇന്നലെ വൈകുന്നേരം ളാഹയിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. ശിവദാസന്റെ മരണം ശബരിമലയിലുണ്ടായ പോലീസ് നടപടിക്കിടെ സംഭവിച്ചതാണെന്ന് ആരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ പ്രചാരണം നടത്തിവരികയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയതിരുന്നു.

17, 18 തിയതികളിലാണ് ശബരിമലയില്‍ പോലീസ് നടപടിയുണ്ടാകുന്നത്. എന്നാല്‍, പതിനെട്ടിന് രാവിലെയാണ് ശിവദാസന്‍ ശബരിമല ദര്‍ശനത്തിന് വീട്ടില്‍ നിന്ന് പോകുന്നത്. പത്തൊന്‍പതിന് ഒരു തമിഴ്‌നാട് സ്വദേശിയൂടെ ഫോണില്‍ നിന്ന് വീട്ടില്‍ വിളിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കാണാതായത്. കുടുംബാംഗങ്ങളും നാട്ടുകാരും തിരച്ചില്‍ നടത്തിയിട്ടും ആളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ 25ന് പന്തളം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. വസ്തുത ഇതാണെന്നിരിക്കെ പോലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന് വരെ സംഘ്പരിവാര്‍ ബന്ധമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പത്തനംതിട്ട എസ്പി വി നാരായണന്‍ അറിയിച്ചിരുന്നു.