Connect with us

National

അടിസ്ഥാന വില മാത്രമേ കോടതിക്കും നല്‍കാനാകൂ; റഫാല്‍ ഇടപാടിനെക്കുറിച്ച് പൂര്‍ണമായും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ വില അടക്കമുള്ള വിവരങ്ങള്‍ പൂര്‍ണമായും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിശദവിവരം വെളിപ്പെടുത്തുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായകരമാകും. അടിസ്ഥാന വില മാത്രമേ കോടതിക്കും നല്‍കാനാകൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. റാഫേല്‍ ഇടപാടില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി ബുധനാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ എന്ത് തരത്തിലുള്ള വിശദീകരണം നല്‍കണമെന്നത് സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുത്തിരിക്കുന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റിനെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. അതില്‍ അടിസ്ഥാന വിലയാണ് വെളിപ്പെടുത്തിയത്. അതില്‍ കൂടുതല്‍ സുപ്രീം കോടതിയില്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.

റാഫേല്‍ യുദ്ധവിമാനങ്ങളുടെ വില, അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനിയെ കരാറിന്റെ ഭാഗമാക്കിയതിന്റെ നടപടിക്രമങ്ങള്‍, സാങ്കേതിക വിദ്യ തുടങ്ങിയ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ യു യു ലളിത്, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് വിവരങ്ങള്‍ പത്ത് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടത്.
റാഫേല്‍ യുദ്ധവിമാനത്തിന്റെ വില ഉള്‍പ്പെടെയുള്ള സുപ്രധാനമായ വിവരങ്ങള്‍ കൈമാറാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചത്. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതിനാലാണ് വിവരം കൈമാറാനാകാത്തതെന്നും പാര്‍ലിമെന്റില്‍ പോലും ഇത് വെളിപ്പെടുത്താനാകില്ലെന്നുമാണ് എ ജി അറിയിച്ചത്. വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കാനാകില്ലെങ്കില്‍ എന്തുകൊണ്ട് കൈമാറാനാകില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. റാഫേല്‍ ഇടപാടിന്റെ വിവരങ്ങള്‍ ഹരജിക്കാര്‍ക്ക് നല്‍കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

59,000 കോടി രൂപക്ക് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് 2016ല്‍ ഫ്രാന്‍സുമായി കരാര്‍ ഒപ്പുവെച്ചത്. യു പി എ സര്‍ക്കാറിന്റെ കാലത്ത് തീരുമാനിച്ചതിലും അധിക വില നല്‍കിയാണ് മോദി സര്‍ക്കാര്‍ റാഫേല്‍ കരാര്‍ ഒപ്പുവെച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിരോധ മേഖലയില്‍ പരിജ്ഞാനമില്ലാത്ത അംബാനിയുടെ കമ്പനിയെ ഇതിലുള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ വഴിവിട്ട് പ്രവര്‍ത്തിച്ചതായും ആരോപണമുണ്ട്. റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ ഇന്ത്യയിലെ പങ്കാളിയാക്കിയത് തങ്ങളുടെ സ്വന്തം നിലയിലുള്ള തീരുമാനമാണെന്നാണ് റാഫേല്‍ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി ദസോള്‍ട്ട് ഏവിയേഷന്‍ അറിയിച്ചത്.