പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയിലെ തീപ്പിടിത്തം; സമഗ്രാന്വേഷണം നടത്തുമെന്ന് അഗ്നിശമന സേന

Posted on: November 1, 2018 9:41 am | Last updated: November 1, 2018 at 11:28 am

തിരുവനന്തപുരം: മണ്‍വിളയിലെ പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് അഗ്നിശമന സേന അറിയിച്ചു. പോലീസും അഗ്നിശമന സേനയും സംയുക്തമായാണ് അന്വേഷണം നടത്തുക. ഫൊറന്‍സിക് സംഘം വിശദമായ പരിശോധന നടത്തും. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറിയുടെ ഒരു നിലയില്‍ കഴിഞ്ഞ ദിവസം ചെറിയ തോതില്‍ തീപ്പിടിത്തമുണ്ടായിരുന്നു. ഫയര്‍ ഫോഴ്‌സിന്റെ ഒരു യൂനിറ്റെത്തിയാണ് തീയണിച്ചത്.

ബുധനാഴ്ച വൈകീട്ട് 6.30നാണ് ഉത്പാദന യൂനിറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് തീപ്പിടിത്തമുണ്ടായത്. രണ്ടാം ഷിഫ്റ്റില്‍ ജോലി ചെയ്യാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 120 പേര്‍ ഈ സമയം കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്ന പുലര്‍ച്ചെയോടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്.
പ്ലാസ്റ്റിക് കത്തി വന്‍ തോതില്‍ വിഷപ്പുക പടര്‍ന്നതിനാല്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. രണ്ട് കിലോ മീറ്റര്‍ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അപകടത്തില്‍ വിഷപ്പുക ശ്വസിച്ച് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയറാം രഘു, ഗരീഷ് എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.