Connect with us

Ongoing News

വിന്‍ഡീസിന് ആദ്യവിക്കറ്റ് നഷ്ടം

Published

|

Last Updated

തിരുവനന്തപുരം: ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. വിന്‍ഡീസിന് ആദ്യവിക്കറ്റ് നഷ്ടം. കീറണ്‍ പവലാണ് പുറത്തായത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ധോണിക്ക് ക്യാച്ച്‌

പരമ്പര സ്വന്തമാക്കന്‍ ഇന്ത്യയും സമനിലയില്‍ തളക്കാന്‍ വെസ്റ്റ് ഇന്‍ഡീസും ഇന്നിറങ്ങുമ്പോള്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആവേശം അലതല്ലും.  മത്സരം ഉച്ചക്ക് 1.30ന് ആരംഭിക്കും. രണ്ടാമത് അന്താരാഷ്ട്ര മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നതെങ്കിലും ആദ്യ ഏകദിന മത്സരമാണ് ഇന്ന് നടക്കുന്നത്.

പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരമായതിനാല്‍ ബാറ്റിംഗഗ് വെടിക്കെട്ടിനാണ് തലസ്ഥാന നഗരിയിലെ സ്റ്റേഡിയത്തില്‍ ആരാധകര്‍ കാതോര്‍ക്കുന്നത്. 42,000 കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ 30,000ത്തിലേറെ ആരാധകര്‍ ഗ്രീന്‍ഫീല്‍ഡിലെത്തുമെന്ന് ഉറപ്പാണ്. സ്റ്റേഡിയത്തിളെ അപ്പര്‍ ഗ്യാലറി ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നതായി കെ സി എ അറിയിച്ചു.

ഗ്രീന്‍ഫീല്‍ഡിന് മുകളില്‍ മഴക്കോള്
കഴിഞ്ഞ ടി20 മത്സരത്തിന്റെ ആവേശം കെടുത്തിയ മഴ ഇത്തവണയും ഭീഷണിയായി സ്റ്റേഡിയത്തിന് മുകളില്‍ ഉരുണ്ട് കൂടിയിട്ടുണ്ട്. ഇന്ന് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. നാല് വര്‍ഷത്തിനപ്പുറം കേരളത്തിലെത്തിയ ഏകദിന മത്സരത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകരും കെ സി എയും നല്‍കുന്നത്. മികച്ച ബാറ്റിംഗ് പിച്ചാണ് സ്‌പോര്‍ട്‌സ് ഹബില്‍ ഒരുക്കിയിരിക്കുന്നത്. മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും സ്‌പോര്‍ട്‌സ് ഹബ്ബില്‍ പൂര്‍ത്തിയായി.

അഞ്ചാം പിച്ചില്‍ വെടിക്കെട്ട്
ഗ്രൗണ്ടിലെ അഞ്ചാമത്തെ പിച്ചിലാണ് മത്സരം നടക്കുക. കഴിഞ്ഞ ദിവസം ഇരു ടീമുകളും തിരുവനന്തപുരെത്തിയിരുന്നു. ഇന്നലെ ഇന്ത്യന്‍ ടീം മാത്രമാണ് പക്ഷേ, പരിശീലനത്തിനെത്തിയത്. രാവിലെ ഒമ്പതോടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയോടൊപ്പം ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, രാഹുല്‍ തുടങ്ങിയ താരങ്ങള്‍ പരിശീലനത്തിനിറങ്ങി. 12ഓടെ പരിശീലനം മതിയാക്കി അവര്‍ ഹോട്ടലിലേക്ക് മടങ്ങി. ഇരു ടീമുകള്‍ക്കും പരിശീലനത്തിനായി നാല് പിച്ചുകള്‍ ഗ്രൗണ്ടിന്റെ തെക്കുഭാഗത്ത് ഒരുക്കിയിരുന്നെങ്കിലും വിന്‍ഡീസ് കളിക്കാര്‍ അത് പ്രയോജനപ്പെടുത്തിയില്ല. ഇരു ടീമുകളുടെയും മാനെജ്‌മെന്റ് സ്റ്റാഫുകള്‍ ഗ്രൗണ്ട് സന്ദര്‍ശിച്ച് പിച്ചും സൗകര്യങ്ങളും പരിശോധിച്ചു.

സുരക്ഷിത മേഖല
രാവിലെ 11ഓടെ കാണികളെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കും. കനത്ത സുരക്ഷാ പരിശോധനയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഒഴികെ വെള്ളമോ ഭക്ഷണമോ അടക്കം മറ്റ് സാധനങ്ങളൊന്നും ഗ്രൗണ്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. ഗ്രൗണ്ടിന്റെയും പരിസരത്തെയും സുരക്ഷക്കായി 3000ത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

വിസ്മയ മൈതാനം
കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് “അമേസിംഗ്” എന്നാണ് ഇരു ടീമുകളും ഒഫീഷ്യല്‍സും നല്‍കുന്ന വിശേഷണം. രാജ്യത്തിനകത്തും പുറത്തും പല സ്റ്റേഡിയങ്ങളിലും കളിച്ചിട്ടുണ്ടെങ്കിലും കാര്യവട്ടത്തെ സ്റ്റേഡിയവും പിച്ചും താരങ്ങളെ വല്ലാതെ ആകര്‍ഷിച്ചു. പരിശീലകരും ഇക്കാര്യം ആവര്‍ത്തിക്കുന്നു. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലെ സൗകര്യങ്ങളില്‍ ഒരു പോലെ സംതൃപ്തരാണ് രണ്ട് ടീമുകളും.

“കാണികള്‍ക്ക് നല്ല കളി”
“എത്ര മനോഹരമായാണ് ഈ സ്റ്റേഡിയവും പിച്ചും ഒരുക്കിയിരിക്കുന്നത്. അതിനൂതനമായ സാങ്കേതിക വിദ്യയും കാണികള്‍ക്കുള്ള ഇരിപ്പിടങ്ങളുടെ വിന്യാസവും ഏറെ മികച്ചതാണ്. പച്ചപ്പ് വിരിച്ച ഗ്രൗണ്ടും കളിമണ്ണില്‍ നിര്‍മിച്ച പിച്ചുകളും കാണുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നു. മികച്ച മത്സരമായിരിക്കും ഇവിടെ കാണികള്‍ക്ക് ആസ്വദിക്കാനാകുക”- വെസ്റ്റ്ഇന്‍ഡീസ് പരിശീലകന്‍ നിക് പോതാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യക്കെതിരെ ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കരുത്തുള്ള യുവാക്കളാണ് ടീമംഗങ്ങള്‍. നാലാം ഏകദിനത്തിലെ തോല്‍വി സാധാരണ ക്രിക്കറ്റ് മത്സരത്തില്‍ സംഭവിക്കാറുള്ളതായേ കരുതുന്നുള്ളൂ. ചില ദിവസങ്ങളില്‍ ജയിക്കും. മറ്റു ചില ദിവസങ്ങളില്‍ തോല്‍ക്കും. അതേക്കുറിച്ച് ആലോചിച്ച് അടുത്ത മത്സരങ്ങളില്‍ വേവലാതിപ്പെടാറില്ലെന്നും നിക് പോതാസ് പറഞ്ഞു.

“വിജയത്തോടെ മടങ്ങും”
“കഴിഞ്ഞ വര്‍ഷം ഇന്ത്യ- ന്യൂസിലാന്‍ഡ് ടി20 മത്സരത്തിനായി എത്തിയപ്പോഴെ കാര്യവട്ടം സ്റ്റേഡിയം അമ്പരപ്പിച്ചെന്ന് ഇന്ത്യയുടെ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍. അന്ന് കോരിച്ചൊരിയുന്ന മഴയായിരുന്നു. മണിക്കൂറുകളോളം മഴ നിര്‍ത്താതെ പെയ്തിട്ടും മത്സരം മുടങ്ങിയില്ല. എട്ടോവറാക്കി ചുരുക്കിയ മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് കാണികളില്‍ നിന്ന് ലഭിച്ചത്. താരങ്ങള്‍ക്കെല്ലാം മത്സരം നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞു. വിജയത്തോടെയാണ് ഇന്ത്യ അന്ന് മടങ്ങിയത്. ഇക്കുറിയും വിജയം ആവര്‍ത്തിക്കും”- അദ്ദേഹം പറഞ്ഞു.
ബാറ്റിംഗ് പിച്ചാണ് കാര്യവട്ടത്തേത്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, ധോണി തുടങ്ങിയവരുടെ പ്രകടനം ടീമിന് കരുത്താകും. ബൗളിംഗില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest