തിരുവനന്തപുരം: മണ്‍വിളയിലെ പ്ലാസ്റ്റിക് നിര്‍മാണ യൂനിറ്റിലുണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി തുടരുന്നു. ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ആളുകളെ ഒഴിപ്പിച്ചു. തീപ്പിടിത്തമുണ്ടായി അഞ്ച് മണിക്കൂറായിട്ടും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. വലിയ തോതില്‍ വിഷപ്പുക അന്തരീക്ഷത്തില്‍ ഉയരുകയാണ്.
സ്‌പോര്‍ട്‌സ് ഹബ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിനത്തെ തീപ്പിടിത്തം ബാധിക്കുമോയെന്ന ആശങ്കയും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. തീപ്പിടിത്തമുണ്ടായ പ്രദേശത്തിന്റെ ആറ് കിലോമീറ്റര്‍ ഉള്ളിലാണ് കാര്യവട്ടത്തെ സ്‌റ്റേഡിയം. എന്നാല്‍, ഉച്ചക്ക് ശേഷമാണ് മത്സരം എന്നതിനാല്‍, ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് നിഗമനത്തിലാണ് അധികൃതര്‍.