പ്രവാസി വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍

Posted on: November 1, 2018 8:55 am | Last updated: October 31, 2018 at 11:05 pm

ധാരാളം ഇന്ത്യന്‍ സ്‌കൂളുകള്‍ ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്നു. സമ്പന്നരുടെ മക്കളെന്നും ജീവിത സൗകര്യങ്ങള്‍ അനുഭവിക്കുന്നവരാണെന്ന വ്യാഖ്യാനങ്ങള്‍ക്ക് വിധേയരാണ് ഇവിടങ്ങളില്‍ പഠിക്കുന്നവര്‍. എന്നാല്‍ യാഥാര്‍ഥ്യമോ?
കുടുംബസമേതം താമസിക്കുന്ന പ്രവാസികളിലേറെയും വരുമാനത്തിലെ നല്ലൊരു പങ്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കുന്നവരാണ്. എന്നാല്‍, പ്രവാസി വിദ്യാര്‍ഥികള്‍ ഇപ്പോഴും സ്‌റ്റേറ്റിന്റെ പരിഗണനയില്‍ വരുന്ന സമൂഹത്തിന് പുറത്താണ് നിര്‍ത്തപ്പെടുന്നത്. ഗള്‍ഫിലെ പല സിറ്റികളിലും സ്‌കൂളുകള്‍ ഇല്ല. നൂറുകണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് പലരും പഠനം പൂര്‍ത്തിയാക്കുന്നത്. ഹോം ട്യൂഷന്‍ സമ്പ്രദായത്തില്‍ അഭയം തേടുന്നവരുമുണ്ട്. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി നാട്ടില്‍ ഇത്തരം പ്രദേശങ്ങളില്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് പോലെ ഇവിടെയും സാധ്യമാക്കാം.

ഭാഷാ പ്രാവീണ്യം നന്നായി ലഭിക്കുന്നുണ്ടെന്നതും വിവിധ സംസ്‌കാരങ്ങളെ അടുത്തറിയുന്നുവെന്നതും നിസ്സാരമായി കാണാന്‍ പറ്റില്ല. പലപ്പോഴും ഫഌറ്റ് ജീവിതത്തിനു സമാനമാണ് ഇവരുടെ ജീവിതം. താങ്ങാവുന്ന ബജറ്റില്‍ നിലവാരമുള്ള സ്‌കൂളുകളാണ് പ്രവാസി വിദ്യാര്‍ഥികള്‍ക്കാവശ്യം. പ്രവാസി വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സ്വാതന്ത്ര്യവും പ്രാദേശിക ആവിഷ്‌കാരങ്ങളും കൊണ്ട് വരുന്നതിന് എംബസി/ കോണ്‍സുലേറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉഭയകക്ഷി ബന്ധങ്ങളിലൂടെ ഒരു നയം ഉണ്ടാകണം. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക കലാലയമോ സംവിധാനങ്ങളോ ഇല്ല. പരിസ്ഥിതിയുടെ മണമില്ലാത്ത പഠനമാണ് പ്രവാസി വിദ്യാര്‍ഥികളുടേതെന്ന് ആക്ഷേപമുണ്ട്. പ്രകൃതിയെ കാണുക, അനുഭവിക്കുക, അറിയുക എന്നുള്ളത് നടക്കാത്തത് കൊണ്ട് ആവിഷ്‌കാരം മുരടിക്കുന്നു.

മുടക്കിയ പണത്തിന്റെ തോതനുസരിച്ച് ലാഭം കൊയ്യുകയാണ് പല സ്വകാര്യ സ്‌കൂളുകളുടെയും പ്രധാന ലക്ഷ്യം. കമ്മ്യൂണിറ്റി സ്‌കൂളുകള്‍ കുറവുള്ള സ്ഥലങ്ങളില്‍ ഉയര്‍ന്ന ഫീസാണ്. അത് പോലെ, കമ്മ്യൂണിറ്റി സ്‌കൂളുകള്‍ക്ക് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സംവിധാനിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാക്കണം.വിവിധ ദേശക്കാരായ സഹപാഠികളില്‍ നിന്ന് നല്ല സ്വഭാവങ്ങള്‍ പകര്‍ന്നു കിട്ടുകയും നമ്മുടെ വിദ്യാര്‍ഥികളുടെ ഉദാത്തമായ ഗുണങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുമ്പോഴാണ് പഠനത്തോടൊപ്പം ശരിയായ സാംസ്‌കാരിക വ്യവഹാരങ്ങള്‍ കൂടി നടക്കുക.

രക്ഷിതാക്കള്‍, സമൂഹം, അനുഭവങ്ങള്‍ എന്നിവയൊക്കെ വിശാലാര്‍ഥത്തില്‍ കുട്ടികള്‍ക്ക് വിദ്യ നല്‍കുന്നു എന്ന് പറയാമെങ്കിലും പ്രധാനമായും അധ്യാപകര്‍ തന്നെയാണ് കുട്ടികളെ വാര്‍ത്തെടുക്കുന്നത്. അധ്യാപകരുടെ മികവ് കുട്ടികളില്‍ മികവായി പ്രകടമാകുമെന്നുറപ്പിക്കാം. കുടുംബ ബജറ്റുകള്‍ താങ്ങി നിര്‍ത്തുന്നതിനു വേണ്ടി അധ്യാപന പരിചയമില്ലാത്ത വീട്ടമ്മമാര്‍ അധ്യാപകരാകുന്നു. സാമ്പത്തികമായ കാരണത്താലോ മറ്റോ അധ്യാപകര്‍ക്ക് കൃത്യമായ ഇടവേളകളില്‍ ഉണ്ടാവേണ്ട പരിശീലനം നല്‍കുന്ന സ്‌കൂളുകള്‍ നന്നേ കുറവ്. രക്ഷിതാക്കളെയും സമൂഹത്തെയും പ്രത്യേകം ബോധവത്കരിച്ച് കൂട്ടായ പ്രതികരണങ്ങള്‍ സൃഷ്ടിക്കപ്പെടണം.

ഗള്‍ഫ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് കൂടുതല്‍ കാര്‍ക്കശ്യം അനിവാര്യമാണ്. അവധാനതയോടെയും കാര്യ ഗൗരവത്തോടെയും ഈ വിഷയത്തെ കണക്കിലെടുത്ത് നിയമനം നടത്തുന്നവരെ വിസ്മരിക്കുന്നില്ല. യോഗ്യതകള്‍, അനുഭവ സമ്പത്ത്, സബ്ജക്ട് നോളഡ്ജ് എന്നിവ കൃത്യതയോടെ പരിശോധിച്ച് നിയമനം നടത്തിയാല്‍, അതിന്റെ ഗുണഫലം പ്രവാസി വിദ്യാര്‍ഥികളില്‍ പ്രകടമാവും.

എല്‍ കെ ജി, യു കെ ജി ക്ലാസുകളില്‍ കുട്ടികള്‍ക്ക് പരീക്ഷ എന്നത് മാറ്റപ്പെടേണ്ടതുണ്ട്. അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏഴ് വയസ്സില്‍ കുട്ടികള്‍ പഠനം തുടങ്ങുമ്പോള്‍ നമ്മുടെ കുട്ടികള്‍ ഇപ്പോഴും 3-4 വയസ്സില്‍ വലിയ മത്സരങ്ങളില്‍ പങ്കുചേരേണ്ടി വരുന്നു. കെ ജി ക്ലാസുകളിലെങ്കിലും ബാഗും പുസ്തകങ്ങളും ഇല്ലാത്ത കളികളില്‍ കേന്ദ്രീകരിച്ചുള്ള തുടക്കം എത്ര സന്തോഷത്തോടെയാണ് കുട്ടികള്‍ ഏറ്റെടുക്കുക. കുട്ടികളില്‍ ഉണ്ടാക്കുന്ന ചിന്തകളാണ് പഠനം അമിത ഭാരമായി തോന്നിക്കുന്നതും തിരിച്ചും. നിരന്തരം പരീക്ഷ, ക്ലാസ് ടെസ്റ്റ്, യൂനിറ്റ് ടെസ്റ്റ് തുടങ്ങി എപ്പോഴും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുന്ന രീതികളും പുനഃപരിശോധിക്കേണ്ടതുണ്ട്. പ്രൊജക്ടുകളും അസൈന്മെന്റുകളും രക്ഷിതാക്കള്‍ തന്നെ ചെയ്തു തീര്‍ക്കുന്ന രീതിയാണ് പൊതുവെ കണ്ടു വരുന്നത്. രക്ഷിതാക്കളുടെ മേന്മ പ്രകടിപ്പിക്കുന്നതിനു വേണ്ടിയുള്ള അവസരമായി കാണുന്നവര്‍ അത് സ്വയം ചെയ്യുന്നതിലൂടെ കുട്ടികളുടെ വളര്‍ച്ചക്കുള്ള അവസരത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും നിഷേധിക്കുകയാണ്.

ഗള്‍ഫിലെ സ്‌കൂളുകളില്‍ വ്യത്യസ്ത സമയങ്ങളിലാണ് ഒരു രാജ്യത്ത് തന്നെ അക്കാദമിക് കലണ്ടര്‍. പ്രവാസി കുടുംബങ്ങളിലെ സഹോദരങ്ങളും മറ്റു പലരും പല രാജ്യങ്ങളിലായാണ് താമസം. ഇത് ഇവര്‍ക്ക് പരസ്പരം കാണുന്നതിനും ഇടപഴകുന്നതിനും അവസരം ഇല്ലാതാക്കുന്നു. കലണ്ടര്‍ ഏകീകരണം ഉണ്ടാകേണ്ടതാണെന്നാണ് പൊതുവായ അഭിപ്രായം. നാട്ടിലെ സിലബസ് അതേപടി പിന്തുടരുകയാണ് ഗള്‍ഫിലും. പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനുള്ള കഴിവിനേക്കാളും കൂടുതലാണ്. കഴിഞ്ഞ 15 വര്‍ഷമായി സി ബി എസ് ഇ സിലബസില്‍ കാര്യമായ മാറ്റങ്ങള്‍ നടന്നിട്ടില്ല. കാലാന്തരമായ മാറ്റങ്ങള്‍ വേണം.

ജീവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങള്‍, സംസ്‌കാരങ്ങള്‍, സാങ്കേതിക അറിവുകള്‍, മാതൃഭാഷാ പ്രാവീണ്യം, കൃഷിയറിവുകള്‍ എന്നിവ ഇവയില്‍ പ്രാധാന്യമുള്ളതാണ്. ലൈഫ് സ്‌കില്‍സ് ഇപ്പോഴത്തെ സിലബസില്‍ ഉണ്ടെങ്കിലും അതത്ര പ്രാമുഖ്യത്തോടെ പഠിപ്പിച്ചു കാണുന്നില്ല. കരിക്കുലത്തില്‍ ധാര്‍മികമൂല്യം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വേണ്ടത്ര ഉള്‍ക്കൊണ്ടിട്ടില്ല. പുസ്തക ചുമടിന്റെ ഭാരം കുറക്കാന്‍ ടേം തിരിച്ചുള്ള പുസ്തകം ആക്കുന്നതും ചര്‍ച്ച ചെയ്യാവുന്നതാണ്. പല വിദ്യാര്‍ഥികളും ഇടക്കാലത്താണ് ഗള്‍ഫിലേക്ക് എത്തുന്നത്. ചെറിയ ക്ലാസുകളില്‍ ഗള്‍ഫില്‍ പഠനം നടത്തി നാട്ടില്‍ സ്‌റ്റേറ്റ് സിലബസില്‍ തുടര്‍ പഠനം ഉദ്ദേശിക്കുന്നവരും കുടുംബത്തെ താല്‍കാലികമായി നാട്ടില്‍ നിര്‍ത്തി പിന്നീട് തിരിച്ചു കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നവരും തുടര്‍ച്ചക്ക് വേണ്ടി സി ബി എസ് ഇ സിലബസ് പിന്തുടരാന്‍ നിര്‍ബന്ധിതരാവുകയാണ്. കേരള ബോര്‍ഡ് സിലബസ് ഗള്‍ഫ് വിദ്യാലയങ്ങളില്‍ വ്യാപകമാക്കാനുള്ള ഇടപെടല്‍ ഉണ്ടാവണം.

പ്രവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തില്‍ സര്‍ക്കാറുകള്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകുന്നില്ല. ഇന്ത്യയില്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമായി നിലനില്‍ക്കുമ്പോള്‍ വിദേശത്ത് കഴിയുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മൗലികവും നിലവാരമുള്ളതും ചൂഷണരഹിതവുമായ വിദ്യാഭ്യാസം നേടുന്നതിനുള്ള സംവിധാന മൊരുക്കുന്നതിനും ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനും സംവിധാനമുണ്ടാകണം. പ്രവാസികളായ വിദ്യാര്‍ഥികള്‍ വലിയ പ്രതിസന്ധി നേരിടുന്നത് ഉപരിപഠനത്തിനാണ്. ഹയര്‍ സെക്കന്‍ഡറിയുടെ തുടര്‍ച്ചയായി സര്‍വകലാശാലാ സെന്ററുകള്‍ സ്ഥാപിക്കപ്പെടേണ്ടതുണ്ട്.

പ്രവാസി യൂനിവേഴ്‌സിറ്റി എന്ന ആശയം പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ആരംഭിക്കാന്‍ നടപടികളായിട്ടില്ല. പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സീറ്റ് സംവരണം ലഭിക്കുന്നതും ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അടയാളപ്പെടുത്തുന്നതുമായ പ്രവാസി സര്‍വകലാശാല യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്. പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സര്‍വീസ് അടഞ്ഞ അധ്യായമാണ്. ഇതിനു പരിഹാരമായി പി എസ് സി പരീക്ഷാ സെന്ററുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആരംഭിക്കണം.

കുട്ടികളില്‍ മാതൃഭാഷയോട് താത്പര്യം വര്‍ധിപ്പിക്കാനുതകുന്ന മത്സരങ്ങള്‍, കലാ പരിപാടികള്‍, ബോധവത്കരണങ്ങള്‍ എന്നിവ നടക്കേണ്ടതുണ്ട്. മാതൃഭാഷ, സാംസ്‌കാരിക പഠനങ്ങള്‍ക്ക് വേണ്ടി രൂപം കൊണ്ട കേരള സര്‍ക്കാറിന്റെ മിഷന്‍ സംവിധാനങ്ങളുടെ വ്യാപനം, സാമൂഹിക സംഘടനകള്‍, എംബസി, കോണ്‍സുലേറ്റ് പോലുള്ള സംവിധാനങ്ങള്‍ വഴി സാധ്യമാക്കണം.

കുട്ടികള്‍ നാടുമായുള്ള ബന്ധം നിരന്തരമായി പുലര്‍ത്തുന്നത് അവധി കാലത്താണ്. കുടുംബങ്ങള്‍ക്ക് ഓരോ വര്‍ഷത്തിലും സമ്മര്‍ വെക്കേഷന്‍ നാട്ടില്‍ ആഘോഷിക്കാന്‍ കഴിയണം. നാട്ടിലേക്കുള്ള സുഗമമായ യാത്രാ സംവിധാനം ഒരുക്കുക എന്നത് അധികൃതരുടെ കടമയാണ്. നാട്ടിലെ സാമൂഹിക പ്രവര്‍ത്തകരും സംഘടനകളും പ്രവാസി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നാട്ടിന്‍ പുറങ്ങളില്‍ ക്യാമ്പുകള്‍ പോലുള്ളവ സജ്ജമാക്കി നാട്ടറിവുകളും അനുഭവങ്ങളുമൊക്കെ കൊടുക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് സാമൂഹിക ബാധ്യതയായി കാണേണ്ടതുണ്ട്.

ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം വിദ്യാര്‍ഥികളുടെ ഭക്ഷണ സംസ്‌കാരമാണ്. പുലര്‍ച്ചെ വളരെ നേരത്തേ സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിതരാണ് പ്രവാസി വിദ്യാര്‍ഥികളിലധികവും. ജങ്ക് ഫുഡ് സംസ്‌കാരം ഇവരുടെ ആരോഗ്യത്തെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. പ്രഭാത ഭക്ഷണത്തിലെ കൃത്യതയും രാത്രി ഭക്ഷണം നേരത്തെ സംവിധാനം ചെയ്യുന്നതിലെ ശ്രദ്ധയും രക്ഷിതാക്കളില്‍ നിന്നുണ്ടാവേണ്ടതുണ്ട്.

സ്‌കൂളുകളില്‍ ലൈബ്രറി ഔവര്‍ എന്ന പേരില്‍ നാമമാത്രമായ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം കുട്ടികള്‍ക്ക് ആഴ്ചകളില്‍ നല്‍കുകയും ആ സമയം മാത്രം ലൈബ്രറി ഉപയോഗിക്കാനുള്ള അവസരം നല്‍കുകയും ചെയ്യുന്നു. പുസ്തകങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കാത്ത ലൈബ്രറികള്‍ ചില സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നു. ഇത് വായിക്കാനുള്ള കുട്ടികളുടെ അവകാശ ലംഘനമാണ്.

ഫഌറ്റ് ജീവിതം മൂലം അയല്‍പക്ക പരിചയം ഇല്ല. കുട്ടികളുടെ മാനസിക വൈയക്തിക വളര്‍ച്ചക്ക് പഠന പാഠ്യ പദ്ധതികള്‍ക്കതീതമായി സാമൂഹിക ചുറ്റുപാടിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്. ഭൂമിയും ആകാശവും അനുഭവിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് കൂട്ടു കൂടാനും കളിക്കാനും ഉല്ലസിക്കാനും നല്ല കൂട്ടായ്മകള്‍ സൃഷ്ടിക്കുക എന്നതാണ് പ്രധാന പരിഹാരം.