യമനില്‍ വെടിനിര്‍ത്താന്‍ സഊദിക്ക് മേല്‍ യു എസ് സമ്മര്‍ദം

Posted on: October 31, 2018 11:08 pm | Last updated: October 31, 2018 at 11:08 pm

സന്‍ആ: യമനില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ കരാറിലെത്താനും യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഇരു വിഭാഗങ്ങളും ഉടന്‍ ചര്‍ച്ചയുടെ വഴിയിലേക്ക് കടക്കാനും അമേരിക്ക ആവശ്യപ്പെട്ടു. പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസ് ആണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. യമനിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖം തിരിച്ചുപിടിക്കാന്‍ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സൈന്യം 10,000 സൈനികരെ കൂടി വിന്യസിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അമേരിക്ക ഇടപെടുന്നത്. യമനില്‍ അരങ്ങേറുന്ന സംഘര്‍ഷം കുറെകാലമായി അമേരിക്ക കണ്ടുകൊണ്ടിരിക്കുന്നു. അറബ് സഖ്യ സൈന്യത്തിനെ നയിക്കുന്ന സഊദി അറേബ്യയും യു എ ഇയും ചര്‍ച്ചയുടെ വഴികളിലേക്ക് വരുമെന്നാണ് വിശ്വസിക്കുന്നത്.

ഇപ്പോള്‍ തന്നെ വെടിനിര്‍ത്തല്‍ കരാറിലെത്തേണ്ടത് അനിവാര്യമായിരിക്കുന്നു. ഭാവിയില്‍ എപ്പോഴെങ്കിലും സ്വീകരിക്കേണ്ട നയമല്ല ഇത്. വരുന്ന 30 ദിവസത്തിനുള്ളില്‍ യമനില്‍ സമാധാനം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും വാഷിംഗ്ടണിലെ പീസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംസാരിക്കവെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചൂണ്ടിക്കാട്ടി. യമനിലെ ജനവാസ മേഖലകളില്‍ ആക്രമണം നടത്തരുതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധം തകര്‍ത്ത രാജ്യത്ത് സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ഇനിയും വൈകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി മാര്‍ട്ടിന്‍ ഗിഫിത് സമാധാന നടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്. ഈ മാസം ജനീവയില്‍ വെച്ച് യമനിലെ ഇരു വിഭാഗം ആളുകളും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തണമെന്ന് പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസ് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുള്ള യമന്‍ സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സൈന്യം യമനിലെ ഹൂത്തി വിമതര്‍ക്ക് നേരെ ആക്രമണം തുടരുന്നത്. 2005ല്‍ തുടങ്ങിയ യമന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതുവരെ 10,000ത്തിലേറെ പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. യമനില്‍ ലക്ഷക്കണക്കിന് കുട്ടികളും മുതിര്‍ന്നവരും മാറാരോഗങ്ങളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്.