സാമൂഹിക മാധ്യമങ്ങളില്‍ പരസ്യവും വാര്‍ത്തയും നല്‍കുന്നതിന് മാര്‍ഗരേഖ; ലംഘിച്ചാല്‍ 5,000 ദിര്‍ഹം പിഴ

Posted on: October 31, 2018 7:04 pm | Last updated: October 31, 2018 at 7:04 pm

അബുദാബി: സാമൂഹിക മാധ്യമങ്ങളില്‍ പരസ്യവും വാര്‍ത്തയും നല്‍കുന്നതിന് ദേശീയ മീഡിയ കൗണ്‍സില്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പരസ്യം ചെയ്യുന്നവര്‍ക്ക് 5000 ദിര്‍ഹം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. കച്ചവട സ്ഥാപനങ്ങളുടെയും മറ്റും വ്യാജ പ്രചാരണങ്ങളില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാനദണ്ഡം കൊണ്ടുവന്നത്. ഇതോടൊപ്പം അച്ചടി, ശ്രവ്യ, ദൃശ്യ മാധ്യമ സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചു.

വാര്‍ത്തകളും ചിത്രങ്ങളും രാജ്യത്തിന്റെ നിയമത്തിനും സാമ്പത്തിക സംവിധാനത്തിനും വിരുദ്ധമാകരുതെന്നും നിഷ്‌കര്‍ഷിക്കുന്നു. നിയമനടപടി നേരിടുന്ന ഉല്‍പന്നങ്ങളോ സേവനങ്ങളോ പ്രചരിപ്പിക്കരുത് തുടങ്ങി മാധ്യമങ്ങളുടെ ഉള്ളടക്കത്തിലും മറ്റും അനവധി മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനത്തിനും വ്യക്തിക്കും 5000 ദിര്‍ഹം പിഴ ചുമത്തുമെന്നും വ്യക്തമാക്കുന്നു. ഒരുവര്‍ഷത്തിനകം നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഇരട്ടിയാകുമെന്നും മുന്നറിയിപ്പ് നല്‍കി.

കിംവദന്തികളും അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കാന്‍ പാടില്ല. പൊതുധാര്‍മിക മൂല്യങ്ങള്‍ക്കെതിരായ ചിത്രങ്ങളോ വാര്‍ത്തകളോ പ്രസിദ്ധീകരിക്കരുത്, പകര്‍പ്പവകാശ നിയമത്തെ മാനിക്കണം, വാര്‍ത്ത സത്യസന്ധവും ധാര്‍മികവും നിലവാരവുമുള്ളതായിരിക്കണം. അടിസ്ഥാനമില്ലാത്ത പരസ്യവും പ്രസിദ്ധീകരിക്കാന്‍ പാടില്ല.
തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ചിത്രവും ദൃശ്യവും വാചകങ്ങളും അരുത്, ഉല്‍പന്നത്തെയോ സേവനത്തെയോ പെരുപ്പിച്ച് കാണിക്കരുത്, മറ്റു വ്യാപാര നാമങ്ങളുമായി സാമ്യമുള്ളതോ സംശയം ഉളവാക്കുന്നതോ ആകാനും പാടില്ലെന്നും നിയമം അനുശാസിക്കുന്നു.