Connect with us

National

റിസര്‍വ്് ബേങ്കും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള ഭിന്നത രൂക്ഷം; പ്രധാനമന്ത്രി ബേങ്ക് മേധാവിമാരുടെ യോഗം വിളിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്കിന്റെ അധികാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് കേന്ദ്ര ധനമന്ത്രാലയവും ആര്‍ബിഐ ഗവര്‍ണറും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. കേന്ദ്ര സര്‍ക്കാറിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് നല്‍കിയ നിര്‍ദേശങ്ങളാണ് ഭിന്നതക്ക് കാരണമായത്. മൈക്രോഫിനാന്‍സ് അടക്കമുള്ള ബേങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലിക്വിഡിറ്റി സംബന്ധിച്ചും ചെറുകിട വായ്പാ സ്ഥാപനങ്ങള്‍ക്ക് വായ്പാ സഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള കര്‍ശന ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന ്‌കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് റിസര്‍വ് ബേങ്ക് ആക്ടിലെ സെക്ഷന്‍ ഏഴ് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബേങ്കിന് നിര്‍ദേശം നല്‍കുന്നത്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തര്‍ക്കത്തിന് അടിയന്തിര പരിഹാരം കാണാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബേങ്ക് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്.

കുറച്ച് നാളുകളായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്.പൊതുമേഖലാ ബേങ്കുകളെ തകര്‍ച്ചയുടെ വക്കിലെത്തിച്ചത് ആര്‍ബിഐ നയമാണെന്ന് ജയ്റ്റ്‌ലി ആരോപിച്ചിരുന്നു. ആര്‍ബിഐയുടെ സ്വതന്ത്രാധികാരത്തില്‍ കൈകടത്തിയാല്‍ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ പിറ്റേന്ന് മുന്നറിയിപ്പും നല്‍കി. ഇതോടെയാണ് ചേരിപ്പോര് രൂക്ഷമായത്.

Latest