Connect with us

Editorial

അമിത്ഷായുടെ ഒരുക്കങ്ങള്‍

Published

|

Last Updated

നേരത്തെ ശബരിമലയില്‍ യുവതികളുടെ പ്രവേശനത്തെ അനുകൂലിച്ച ബി ജെ പി കളം മാറിച്ചവിട്ടിയതിന്റെ പിന്നിലെ അജന്‍ഡ മറനീക്കി പുറത്തു വന്നിരിക്കയാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശനത്തോടെ. സ്ത്രീപ്രവേശനത്തെ തടസ്സപ്പെടുത്തുന്ന സമരക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ പിണറായി സര്‍ക്കാറിനെ വലിച്ചു താഴെയിടുമെന്നാണ് അദ്ദേഹം കണ്ണൂരില്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടന വേദിയില്‍ ഭീഷണി മുഴക്കിയത്. ശബരിമല വിഷയമുണ്ടാക്കിയ അനുകൂലാവസ്ഥ മുതലാക്കി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാകണം ഉണ്ടാകേണ്ടതെന്നായിരുന്നു സംസ്ഥാന നേതാക്കളോട് അമിത്ഷായുടെ നിര്‍ദേശം. വോട്ടിംഗ് ശതമാനത്തിന്റേയും ഒരു നിയമസഭാ സീറ്റിന്റെയും കണക്കുകളില്‍ ആശ്വാസം കണ്ടെത്താതെ ഉടനെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പാക്കിയില്ലെങ്കില്‍ ദേശീയ നേതൃത്വം ഒപ്പമുണ്ടാകില്ലെന്നും സംസ്ഥാന നേതൃത്വത്തെ അദ്ദേഹം അറിയിച്ചു. ശബരിമല വിധി നടപ്പാക്കുന്നതില്‍ വാശി കാണിക്കുന്ന സര്‍ക്കാര്‍ മുസ്‌ലിം പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉള്‍പ്പെടെയുള്ള കോടതിവിധികള്‍ എന്തുകൊണ്ടാണ് നടപ്പാക്കാത്തതെന്ന വര്‍ഗീയ ചേരിതിരവ് സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളും അമിത്ഷായില്‍ നിന്നുണ്ടായി.

ശബരിമല പ്രശ്‌നത്തിലെ കോടതി വിധി ഉപയോഗപ്പെടുത്തി സംഘര്‍ഷ ഭരിതമായ പ്രക്ഷോഭങ്ങള്‍ നടത്തി നിയമവാഴ്ച തകര്‍ക്കുകയും അതിന്റെ വിടവിലൂടെ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുയുമാണ് ബി ജെ പി അജന്‍ഡ. തരംകിട്ടിയാല്‍ 365-ാം വകുപ്പ് ദുര്‍വിനിയോഗം ചെയ്തു പിണറായി സര്‍ക്കാറിനെ താഴെയിറക്കാനും പാര്‍ട്ടി ആഗ്രഹിക്കുന്നു. എന്നാല്‍ രാജ്യത്തെ പരമോന്നത കോടതി വിധി നടപ്പാക്കാനുള്ള സുരക്ഷാ സജ്ജീകരണങ്ങളെ ചൊല്ലി സര്‍ക്കാറിനെ താഴെവലിച്ചിടുമെന്ന ഭീഷണി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അമരക്കാരന് ഒട്ടും യോജിക്കാത്തതായിപ്പോയി. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി പ്രയോഗിക്കാനുള്ളതല്ല 365-ാം വകുപ്പ്. ഒരു സംസ്ഥാനത്ത് ഭരണഘടനാസംവിധാനം അപ്രസക്തമാകുന്ന തരത്തില്‍ നിയമവാഴ്ച തകരുമ്പോള്‍ അറ്റകൈയായി ഉപയോഗിക്കാനുള്ളതാണ് ഈ അധികാരം. പിണറായി സര്‍ക്കാറിനോടുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഇത് ഉപയോഗപ്പെടുത്തുന്നത് ഭരണഘടനയോടും ജൂഡീഷ്യറിയോടുമുള്ള വെല്ലുവിളിയാണെന്ന് അമിത്ഷാക്ക് അറിയാതെ വരില്ലല്ലോ.

പിണറായി സര്‍ക്കാറിനെ പിരിച്ചു വിടണമെന്ന് കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ഇക്കര്യം സംസാരിച്ചിട്ടുണ്ടെന്നും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ദത്താത്രേയ വെളിപ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായി വേണം അമിത്ഷായുടെ ഭീഷണിയെ കാണാന്‍. ഉന്നത നേതാക്കള്‍ വിശിഷ്യാ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികള്‍ വളരെ കരുതലോടെ വേണം രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താന്‍. മൂന്നാം കിട രാഷ്ട്രീയ നേതാക്കളെ പോലെ ആവേശതിമര്‍പ്പില്‍ എന്തെങ്കിലുമൊക്കെ വിളിച്ചു പറയരുത്. കേരളത്തിലെ ക്രമസമാധാനം തകര്‍ന്നിരിക്കുന്നുവെന്നാണ് അമിത്ഷായുടെ വാദമെങ്കില്‍ യു പി യിലെയും ബി ജെ പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെയും നിയമവാഴ്ചത്തകര്‍ച്ചക്ക് നേരെ എന്തുകൊണ്ടാണ് അദ്ദേഹം കണ്ണടക്കുന്നത്? ഭീതിദമാണ് പ്രസ്തുത സംസ്ഥാനങ്ങളിലെ ക്രമസമാധാനത്തകര്‍ച്ച. ആള്‍ക്കൂട്ട അക്രമം നിത്യസംഭവമായി മാറിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കും ന്യൂനപക്ഷ സമൂദായങ്ങള്‍ക്കും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കോടതികള്‍ തന്നെ പലപ്പോഴും ഇതിനെതിരെ ശബ്ദിച്ചതാണ്.

ജനാധിപത്യ ഭരണ സംവിധാനത്തില്‍ ജനപ്രിയ പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് പാര്‍ട്ടികള്‍ക്കു ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗം. കുഴപ്പങ്ങള്‍ കുത്തിപ്പൊക്കലും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കലുമല്ല. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം ബി ജെ പിക്ക് ഗൂണം ചെയ്തിരിക്കാം. എന്നാല്‍ കേരളത്തിലെ ജനങ്ങല്‍ രാഷ്ട്രീയമായി ഉത്ബുദ്ധരാണെന്ന് എന്തുകൊണ്ടാണ് ഇനിയും അമിത്ഷായും പാര്‍ട്ടി സംസ്ഥാന നേതാക്കളും മനസ്സിലാക്കാത്തത്? ഇവിടെ വര്‍ഗീയ ധ്രുവീകരണത്തിനായി ആര്‍ എസ് എസും ബി ജെ പിയും എന്തെല്ലാം കളികള്‍ നടത്തി? എല്ലാം ജനങ്ങള്‍ അവഗണിക്കുകയായിരുന്നു.

അതേസമയം ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രശ്‌നത്തില്‍ വിശ്വാസത്തിന്റെ കാര്യം അടങ്ങിയതിനാല്‍ വളരെ സമചിത്തതോടെയായിരിക്കണം ആഭ്യന്തര വകുപ്പ് പ്രക്ഷോഭത്തെ കൈയാളേണ്ടത്. പ്രശ്‌നം ആളിക്കത്തിച്ചു സംഘര്‍ഷം സൃഷ്ടിക്കുന്നത് സംഘ്പരിവാര്‍ ശക്തികളാണെന്ന് സര്‍ക്കാറിന് നല്ല ബോധ്യമുള്ളതാണ്. അതേ നാണയത്തില്‍ സര്‍ക്കാറും തിരിച്ചടിച്ചാല്‍ വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുപ്പിനുള്ള അവസരമാകും. പബ്ലിസിറ്റിക്ക് വേണ്ടി ശബരിമലയിലെത്തിയ ആക്ടിവിസ്റ്റുകള്‍ക്ക് പോലീസ് അവസരമൊരുക്കിയതും നാമജപഘോഷയാത്രകളില്‍ പങ്കെടുത്ത സ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയുമെല്ലാം അനുചിതമായിപ്പോയി. ബി ജെ പിക്കും ആര്‍ എസ് എസിനും ഇറങ്ങിക്കളിക്കാന്‍ അവസരമൊരുക്കിയത് വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അത്യാവേശമാണ് എന്ന വിമര്‍ശനം കാണാതിരിക്കരുത്.

---- facebook comment plugin here -----

Latest