Connect with us

Prathivaram

കൊട്ടപ്പുറത്തെ തലകൊണ്ടുള്ള വോളിബോള്‍

Published

|

Last Updated

കൊട്ടപ്പുറം സംവാദത്തില്‍ സി പി ഉമര്‍ സുല്ലമി മൗലവിയും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും

ചെറുവാടി പുഴമാട്ട്മ്മല്‍ വെച്ചാണ് ഇ കെ ഹസന്‍ മുസ്‌ലിയാരും ചേകന്നൂരും സംവാദം നടത്തിയത്. മൂന്ന് വഖ്തിന് ചേകന്നൂര് ആയത് ഓതി. അത് അഞ്ച് എന്നുള്ളതിന് തെളിവാണ് എന്ന് ഹസന്‍ മുസ്‌ലിയാര് സമര്‍ഥിച്ചു. ഏകവചനം, ദ്വിവചനം, ബഹുവചനം എന്ന അറബി ഭാഷാ നിയമം ഹസന്‍ മുസ്‌ലിയാര്‍ ഉദ്ധരിച്ചത് ഇവിടെ വെച്ചാണ്. ഹസന്‍ മുസ്‌ലിയാരുടെ പരിഹാസം സഹിക്കാതെ മറുപക്ഷത്തുള്ള ഒരാള് കത്തി ഊരി.. കീലത്ത് മുഹമ്മദ് മാസ്റ്ററുടെ ജീവിതവും നിലപാടുകളും, അവസാന ഭാഗം..

?എങ്ങനെയാണ് ധൈര്യം വന്നത്, ഖണ്ഡന പ്രസംഗത്തിനൊക്കെ പോകാന്‍
പടച്ച റബ്ബ് തന്ന തൗഫീഖ്. മഹാന്മാരെ, പണ്ഡിതന്മാരെ സ്‌നേഹിച്ചതിന്റെ പേരില്‍ അവന്‍ നല്ല ഓര്‍മശക്തി തന്നു. പരുക്ക് പറ്റിയ ശേഷം കുറച്ച് പോയിരുന്നു. അത് ശരിയായി. ഞാന്‍ പറയുന്ന ഉദാഹരണം, പരുത്തി തീരെ മണം ഇല്ലാത്തതാണ്, സെന്റ് കുപ്പിയുടെ അടുത്ത് വെച്ചാല്‍ അതിന്റെ മണം നോക്കൂ.

? യുക്തിവാദം തിളച്ചുമറിഞ്ഞ ഒരു കാലം ഉണ്ടായിരുന്നല്ലോ മുമ്പ്
തീര്‍ച്ചയായും. അതായത് മനുഷ്യരുടെ കേവല യുക്തിക്കനുസരിച്ച് നീങ്ങാം എന്ന ചിന്ത. മനുഷ്യനെ നയിക്കുന്നത് അവന്റെ യുക്തിയാണ്. യുക്തിയുടെ കൈയിലാണ് സംഗതി നില്‍ക്കുന്നത് എന്ന ചിന്ത. ഇടമറുകായിരുന്നു അതിന്റെ ആള്‍. ഞാന്‍ പറഞ്ഞു. എടമറുകേ, നിങ്ങളെ അച്ഛന് ഒമ്പത് അല്ലെങ്കില്‍ പന്ത്രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്. നിങ്ങക്ക് നാല് അനുജന്മാര് വേറെയും ഉണ്ട്. അച്ഛന്‍ വളരെ സാമ്പത്തികം കുറഞ്ഞ അളാണ്. അപ്പോ പെങ്ങളെ നിങ്ങള്‍ക്ക് കെട്ടിക്കൂടേ? അതും പെണ്ണ് തന്നെയല്ലേ, “വ ലഹാ മാ മിസ്‌ലഹാ” എന്ന് പറഞ്ഞ മാതിരി. അവള്‍ക്കുള്ളതൊക്കെ ഇവള്‍ക്കും ഇല്ലേ? എന്താ കെട്ടാത്തത്? ഇതിനാണ് ധാര്‍മികത എന്ന് പറയുന്നത്. മൃഗങ്ങള്‍ക്ക് ധാര്‍മികത ഇല്ല. നാല്‍ക്കാലിയാണ്. മനുഷ്യന്‍ യുക്തിയിലല്ല ജീവിക്കുന്നത്, ധാര്‍മികതയിലാണ്. ഒന്നുകൂടിയുണ്ട്. ഭാര്യയും ഭര്‍ത്താവും ശാരീരികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഭാര്യ ചിലപ്പോള്‍ ഇത് എന്റെ ഇക്കാക്ക ആണല്ലോ അല്ലെങ്കില്‍, ഭര്‍ത്താവ് ഇത് എന്റെ ഇത്താത്ത ആണല്ലോ എന്ന് ചിന്തിച്ചുപോയാല്‍ വികാരത്തിന് മൂര്‍ച്ച കുറയും. അങ്ങനെ സംഭവിച്ചാല്‍ ഉണ്ടാകുന്ന സന്താനങ്ങള് ദിനേശ് ബീഡി പോലെ വണ്ണം കുറഞ്ഞ് നീളം കൂടിയതായിരിക്കും. അതുകൊണ്ട് ഒരൊറ്റ അച്ഛനും തന്റെ മക്കളെ കല്യാണം കഴിച്ചില്ല. അമ്മയെയും കല്യാണം കഴിച്ചില്ല. യുക്തികൊണ്ട് കഴിക്കുന്നതിന് എന്താ പ്രശ്‌നം? എന്റെ ധാര്‍മികത, പരലോകത്ത് ജീവിക്കണം എന്നാണ്. ഇവിടെ ഈ ലോകം സമ്പൂര്‍ണ നീതി നടപ്പാക്കാന്‍ പര്യാപ്തമല്ല. ഇവിടെ കൊലപാതകി, തെമ്മാടി, കള്ളുകുടിയന്‍, വ്യഭിചാരി, കള്ളന്‍… പിന്നെ നല്ല മനുഷ്യര് വേറെയും. ഇവിടെ മഴ പെയ്യുമ്പോള്‍ ഒരു സ്ഥലത്തേക്ക് ഹീറ്റര്‍ വെക്കാനും മറ്റേ പറമ്പിലേക്ക് എ സി ആക്കാനും പറ്റില്ലല്ലോ. അതുള്ളത് മറ്റൊരു ലോകത്താണല്ലോ. അതിനാണ് പരലോകം എന്ന് പറയുന്നത്. അങ്ങനെ വിശദീകരിച്ചു പ്രസംഗിക്കും.

? അക്കാലത്ത് അതിനൊപ്പിച്ച് മതത്തിനുള്ളിലും ഉണ്ടായല്ലോ യുക്തിവാദം.
അതാണല്ലോ മുജാഹിദും ജമാഅത്തെ ഇസ്‌ലാമിയുമൊക്കെ. അതല്ലേ പണ്ട് ഹസന്‍ മുസ്‌ലിയാര് പറഞ്ഞത് നിങ്ങളെ കേവലയുക്തി എവിടെ കിടക്കുന്ന്, പടച്ച റബ്ബിന്റെ ശരീഅത്ത് എവിടെ കെടക്ക്ന്ന് എന്ന്. കീഴ്‌വായു പോയാല്‍ വുളു ഉണ്ടാക്കുമ്പോ തല ങ്ങനെ തടക്ന്ന്. ചന്തിമേല്‍ തടവണ്ടേ കുറച്ച്. അതിലെ കാറ്റ് പോയിട്ടല്ലേ വുളു മുറിഞ്ഞത്? ഇവരുടെ ഈ മതയുക്തിവാദമാണ് യുക്തിവാദത്തിലേക്ക് ചെറുപ്പക്കാരെ നയിച്ചത്. യുക്തിക്കനുസരിച്ച് മതത്തെ വ്യാഖ്യാനിക്കാന്‍ നോക്കി. പടച്ച റബ്ബിന്റെ ശരീഅത്തനുസരിച്ച് നമ്മള് നീങ്ങുക എന്നല്ലാതെ പടച്ച റബ്ബിന്റെ ശരീഅത്തൊന്ന് വേറെ, നമ്മക്ക് തോന്നുന്നത് ഒന്ന് വേറെ. ഇമാം ഗസ്സാലി ഒരു കിതാബ് തന്നെ എഴുതീട്ട്ണ്ട്. നബി തങ്ങള് പറഞ്ഞിട്ടുണ്ടല്ലോ, മനുഷ്യന്റെ ഹൃദയം കുരുവിയുടെ മാതിരിയാണ്. ഏത് സമയത്തും നാലഞ്ച് സ്ഥലത്തേക്ക് ഇങ്ങനെ പാറിക്കൊണ്ടിരിക്കും. ഫോണ്‍ പോസ്റ്റുമ്മല്, പിന്നെ മരത്തില്. പിന്നെ ഇറയത്ത്. നമ്മക്ക് ചിലപ്പൊ തോന്നും അത് ചെയ്യണോ? അല്ലെയിപ്പോ ചെയ്താ എന്താ? ചെയ്തില്ലെങ്കില്‍ എന്താ, ആരാ ചെയ്യാ? ഇതുകൊണ്ടാണ് അത്തഹിയ്യാത്തിന് ശേഷം, യാ മുഖല്ലിബല്‍ ഖുലൂബ് സബ്ബിത് ഖുലൂബനാ അലാ ദീനിക വതാഅത്തിക് എന്ന് ചൊല്ലാന്‍ പഠിപ്പിച്ചത്.

? കൊടിയത്തൂര് അടുത്താണല്ലോ. എല്ലാ വിഭാഗം ആശയക്കാരും ഉള്ള നാടാണ്.
ഞാന്‍ പറയാറുണ്ട്, അവിടെ ഇല്ലാത്ത കൂട്ടരെ എണ്ണുകയാണ് എളുപ്പം എന്ന്. ഖുതുബ പരിഭാഷ വേണം എന്ന് വാദിച്ച ഒരു അബ്ദുല്‍ അസീസ് മുസ്‌ലിയാര് ഉണ്ടായിരുന്നു. അദ്ദേഹം ജംഇയ്യത്തുല്‍ ഉലമായ ഇസ്സുന്നിയ്യ എന്നൊരു സംഘടന ഉണ്ടാക്കി. ഇ കെ ഹസന്‍ മുസ്‌ലിയാര് പറഞ്ഞു “ഇസ്സുന്നി” എന്ന് പറഞ്ഞാല്‍ മതി എന്ന്. ഏറ്റവും കൂടുതല്‍ ഖാദിയാനികള്‍ ഉള്ള രണ്ടാമത്തെ സ്ഥലം ആണത്രേ ഈ കൊടിയത്തൂര്. ഒന്ന് വന്നാല്‍ അതില്‍ നിന്നാണല്ലോ എല്ലാവരും. തബ്‌ലീഗ്, മുജാഹിദ് ആയിത്തീരും, പിന്നെ ജമാഅത്തായിട്ടുണ്ടാകും. കൊടിയത്തൂര് പണ്ട് അഹ്മദ്‌കോയ ശാലിയാത്തിയൊക്കെ ദര്‍സ് നടത്തിയ സ്ഥലമാണ്. മുസ്‌ലിയരുപ്പാപ്പ എന്ന വലിയ്യ് ഉണ്ടായിരുന്നു.

ഇ കെ ഹസന്‍ മുസ്‌ലിയാര്‍

? ഒരു മുബാഹല നടന്നിരുന്നല്ലോ
1989 മെയ് 28 ഞായറാഴ്ചയായിരുന്നു കൊടിയത്തൂരില്‍ മുബാഹല നടന്നത്. ഇരുപക്ഷവും ശാപം വര്‍ഷിക്കാനും അനുഗ്രഹം ഇറങ്ങാനും ആറ് മാസം പടച്ചവന് അവധിയും കൊടുത്തു. പടച്ചവനേ ഞങ്ങള് ഹഖിന്റെ ആളുകളല്ലെങ്കില് ഞങ്ങളെ നശിപ്പിക്കണേ, ഇതുപോലെ മുജാഹിദും പറഞ്ഞു, ജമാഅത്തുകാരും പറഞ്ഞു. അന്ന് ഉള്ളാള്‍ തങ്ങളുടെയും ഉസ്താദിന്റെയും വിശദീകരണം വന്നു. ഈ മുബാഹല ശരിയായ രീതിയിലല്ല. ഉത്തരം കിട്ടാന്‍ പറ്റിയ സാഹചര്യമല്ല. ഉത്തരം കിട്ടിയുമില്ല. ആറ് മാസം കഴിഞ്ഞപ്പോള്‍ നിരീശ്വരവാദികള്‍ എഴുതി ഈശ്വരനില്ല എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്ന്. ഇതില്‍ ഹഖിന്റെ കക്ഷികള്‍ ഇല്ല, ദുആക്ക് ഇജാബത്തിന് പറ്റുന്ന സാഹചര്യമില്ല, സന്ദര്‍ഭവുമല്ല. അതുകൊണ്ട് ഉത്തരവും കിട്ടിയില്ല.

? ഒരുപാട് സംവാദങ്ങളും വിവാദങ്ങളും നടന്ന പ്രദേശങ്ങളാണല്ലോ ഈ പരിസരം
ചെറുവാടി പുഴമാട്ട്മ്മല്‍ വെച്ചാണ് ഇ കെ ഹസന്‍ മുസ്‌ലിയാരും ചേകന്നൂരും സംവാദം നടത്തിയത്. ചെറുപ്പമാണന്ന്. മൂന്ന് വഖ്തിന് ചേകന്നൂര് ആയത് ഓതി. അത് അഞ്ച് എന്നുള്ളതിന് തെളിവാണ് എന്ന് ഹസന്‍ മുസ്‌ലിയാര് സമര്‍ഥിച്ചു. ഏകവചനം, ദ്വിവചനം, ബഹുവചനം എന്ന അറബി ഭാഷാ നിയമം ഹസന്‍ മുസ്‌ലിയാര്‍ ഉദ്ധരിച്ചത് അവിടെ വെച്ചാണ്. ഹസന്‍ മുസ്‌ലിയാരുടെ പരിഹാസം സഹിക്കാതെ മറുപക്ഷത്തുള്ള ഒരാള് കത്തി ഊരി. അന്ന് അധ്യക്ഷന്‍ പുളിക്കല്‍ മൊയ്തീന്‍ കുട്ടി ഹാജിയായിരുന്നു, വലിയപറമ്പിലുള്ള. ചേകന്നൂര് എന്ന് പറഞ്ഞാല്‍ വഹാബി മൂത്തതല്ലേ. നീര്‍ക്കോലി മൂത്തതാണ് മണ്ടിലി എന്ന് പറയാറില്ലേ? തബ്‌ലീഗ് എന്ന് പറഞ്ഞാല്‍ പനിയാണ്. ആ പനിക്ക് ചികിത്സിച്ചില്ലെങ്കില്‍ പൊട്ടിയോ വയരിയോ (അഞ്ചാംപനിയും ചിക്കന്‍പോക്‌സും) ഉണ്ടാകും. അതിനെ നമ്മള് നിയന്ത്രിച്ചില്ലേല് ഒന്നുകില്‍ വഹാബിയാകും അല്ലെങ്കില്‍ മൗദൂദിയാകും. ഇതേരീതിയിലാണ് ചേകന്നൂരിന്റെ പോക്കുണ്ടായത്. ആദ്യം കടുത്ത വഹാബിയായി, മൗദൂദിയായി, പിന്നെ സ്വന്തം ആശയമായി. ഹസന്‍ മുസ്‌ലിയാരുടെ ഈ രീതിയിലുള്ള പ്രസംഗം പതിയില്‍ (പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍) നിന്നുള്ള അവതരണ ശൈലി കണ്ടിട്ടാണ്. ചോദ്യം കൊണ്ട് തന്നെ ഉത്തരം കൊടുക്കുന്ന ആളായിരുന്നല്ലോ പതി. “ആകാശത്തിന്‍മേലും ഭൂമിക്ക് താഴെയും അവരുടെ കൊടിനീള അത്തിര ഉള്ളോവര്‍” എന്ന മുഹ്‌യിദ്ദീന്‍ മാല പാടി, അത്ര വലിയ കൊടി വാങ്ങാന്‍ കിട്ടുന്ന തുണിഷാപ്പ് എവിടെ എന്ന് എടവണ്ണ അലവി മൗലവി ചോദിച്ചു. വഹ്തസിമൂ ബി ഹബ്‌ലില്ലാഹ് എന്നു പറയുന്നുണ്ടല്ലോ ഖുര്‍ആനില്‍, എല്ലാ കാലത്തുമുള്ള ആളുകള്‍ക്ക് പിടിക്കാന്‍ പറ്റുന്ന ആ വലിയ കയറ് വില്‍ക്കുന്ന കടയുടെ തൊട്ടപ്പുറത്തെ കടയിലുണ്ടാകും എന്നാണ് പതി മറുപടി കൊടുത്തത്. കുറ്റിച്ചിറയിലൊക്കെ ഹസന്‍ മുസ്‌ലിയാരുടെ ശൈലി അതായിരുന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് എസ് വൈ എസ് കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന്‍ കഴിഞ്ഞാല്‍ ചോദ്യോത്തരത്തിനുള്ള അവസരം. അത് ആദ്യം ഹസന്‍ മുസ്‌ലിയാരാണ് ഉണ്ടാക്കിയത്. ഹസന്‍ മുസ്‌ലിയാര് പറഞ്ഞ കാര്യം, ഒരു ചോദ്യത്തിന് നമ്മള് മറുപടി പറഞ്ഞാല്‍ എല്ലാവരും കേള്‍ക്കുമല്ലോ. അതുകൊണ്ട് ഏറെക്കാലം ദര്‍സ് നടത്തുന്നതുകൊണ്ടുള്ള ഫലമാണ് ഒരു ഇശ്കാലിന് മറുപടി കൊടുത്താലുള്ളത് എന്നാണ്. അന്നൊരു ചോദ്യം. എടവണ്ണ സലാമിന്റെ വകയാണെന്ന് തോന്നുന്നു. മുസ്‌ലിയാരെ, സ്ത്രീകള്‍ പള്ളിയില്‍ പോകാന്‍ പാടില്ല എന്നല്ലേ പറയുന്നത്. ഒരു മഹല്ലിന്റെ അങ്ങേ അറ്റത്ത് ഒരു ഭാര്യയും ഭര്‍ത്താവും ഉണ്ട്. അവര്‍ മാത്രമേ ഉള്ളൂ. അവിടെ ഭര്‍ത്താവ് വെള്ളിയാഴ്ച പള്ളിയില്‍ പോയാല്‍ സ്ത്രീയെ ആരെങ്കിലും അക്രമിക്കും. ആ സമയത്ത് എങ്കിലും ഈ സ്ത്രീക്ക് ഭര്‍ത്താവിന്റെ കൂടെ പോന്നുകൂടേ. വാണിയമ്പലം ഉസ്താദ് ചോദ്യം വായിച്ചു. കേട്ട ഉടനെ ഹസന്‍ മുസ്‌ലിയാര്‍ പറഞ്ഞു, ഉത്തരം ഞാന്‍ കൊടുക്കും. ചോദ്യം ഒന്നുകൂടി വായിച്ചു. ഇതുവരെ പറഞ്ഞത് സ്ത്രീകള്‍ പള്ളിയില്‍ പോകല്‍ ഹറാം എന്നാല്‍, ഈ ചോദ്യത്തില്‍ പറഞ്ഞ സന്ദര്‍ഭമാണെങ്കില്‍ അവിടെ പുരുഷന് പള്ളിയില്‍ പോകലാണ് ഹറാം. അന്ന് ആളുകള് കൊല്ലി പൊട്ടിപ്പോകുന്ന ഉച്ചത്തിലാണ് തക്ബീറ് ചൊല്ലിയത്. ആ മറുപടി നോക്കണം.

? ഹസന്‍ മുസ്‌ലിയാര്‍ക്ക് ശേഷമാണല്ലോ കൊട്ടപ്പുറം സംവാദം ഉണ്ടാകുന്നത്
ഹസന്‍ മുസ്‌ലിയാര്‍ 1982ല്‍ മരിച്ചു. ഇനി ആരോടും സംവാദം നടത്താം. ആ ധൈര്യത്തില് പുളിക്കല് വെച്ച് വഹാബികള്‍ വെല്ലുവിളിച്ചു. പുളിക്കല്‍ എന്നു പറഞ്ഞാല്‍ അവര്‍ക്ക് കുറേ ആളുകളുള്ള നാടാണ്. ആ വെല്ലുവിളി എസ് വൈ എസ് സ്വീകരിച്ചതാണ് കൊട്ടപ്പുറം സംവാദമായി വന്നത്. പുളിക്കല് തൊട്ടുപ്പറമാണല്ലോ കൊട്ടപ്പുറം. സാധാരണ സംവാദം നടക്കുമ്പൊ മുജാഹിദുകള്‍ ശിര്‍ക്കാണ് എന്ന് പറയും. സുന്നി ശിര്‍ക്കല്ല എന്ന് പറയും. സുആല്‍, ജവാബ് എന്ന മട്ടില്‍ അങ്ങനെ പോകും. ഇവിടെ വഹാബികള്‍ ശിര്‍ക്കാണ് എന്ന് പറഞ്ഞപ്പൊ ഉസ്താദ് അടവ് മാറ്റി. മൗലവി സാഹിബേ, ശിര്‍ക്കിന്റെ തഅ്‌രീഫ് എന്താണ് എന്ന് ചോദിച്ചു. അപ്പോള്‍ ഇസ്തിഗാസ ശിര്‍ക്കാണ് എന്ന് ആവര്‍ത്തിച്ചു. ആണോ അല്ലേ എന്നല്ല, നിര്‍വചനം പറയണം. പറയാതെ വിടൂല എന്ന് പറഞ്ഞു. ചോദ്യം ശക്തമായപ്പോ ചെറിയമുണ്ടം അബ്ദുര്‍റസാഖ് മദനി തൊട്ടടുത്ത ആളോട് എന്താ എന്ന് ചോദിച്ചു. അയാള്‍ അടുത്തയാളോട് ചോദിച്ചു. തലോണ്ട് വോളിബോള് കളിക്കുക എന്ന് പറയാ. അങ്ങനെ ബേക്കിന്ന് ഒരുത്തന്‍ പറഞ്ഞു കൊടുത്തു. ഇന്നശ്ശിര്‍ക്ക ല ളുല്‍മുന്‍ അളീം എന്ന്. അപ്പൊ ഉസ്താദ് പറഞ്ഞു ഇത് ശിര്‍ക്കിന്റെ തഅ്‌രീഫ് അല്ല, ശിര്‍ക്കിനെ കുറിച്ചുള്ള മറ്റൊരു ആയത്താണ്. ഞാന്‍ ചോദിച്ചത് തഅ്‌രീഫാണ്. നിങ്ങള് പഠിച്ചില്ലെങ്കില്‍ പഠിച്ചോളൂ…. ഇസ്ബാത്തു ശ്ശരീക്കി ഫില്‍ ഉലൂഹിയ്യത്തി ബി മഅ്‌നാ വുജൂബില്‍ വുജൂദി ഔ ഇസ്തിഹ്കാക്കില്‍ ഇബാദ… ഇതേ കുറിച്ച് സലാം സുല്ലമി തന്നെ പറഞ്ഞിട്ടുണ്ടല്ലോ മുജാഹിദ് പ്രസ്ഥാനത്തിന് അത്ര വലിയ വിജയം ഉണ്ടായിട്ടില്ല, അബ്ദുല്‍ ഖാദര്‍ മൗലവിക്ക് പാളിച്ചകള്‍ സംഭവിച്ചു, കാന്തപുരം കുറച്ചൊക്കെ തിളങ്ങിയിട്ടുണ്ടെന്നത് മറച്ചുവെച്ച് വെച്ചിട്ട് കാര്യമില്ല എന്നൊക്കെ. ചെറിയമുണ്ടം പ്രശോഭിച്ചിട്ടില്ലെന്നും ഇബ്‌നു ജരീര് എന്തിനാണ് എടുത്തുവെച്ചത് എന്ന് ചെറിയമുണ്ടത്തിന് അറിയില്ലായിരുന്നു എന്നുമൊക്കെ. സത്യത്തില്‍ ശിര്‍ക്കിന്റെ നിര്‍വചനം ചോദിച്ചതോടെ ഖാദര്‍ മൗലവി, ചെറിയമുണ്ടത്തെ ഇറക്കി രക്ഷപ്പെടുകയാണ് ചെയ്തത്. എ പി ഉസ്താദ് തന്നെ കഴിഞ്ഞ ദിവസം പറഞ്ഞല്ലോ, അന്ന് ചോദിച്ച ശിര്‍ക്കിന്റെ നിര്‍വചനം ഇപ്പോഴും കാത്തിരിക്കുകയാണ് എന്ന്. പിറ്റേന്ന് ചന്ദ്രികയില്‍ ഇങ്ങനെ വന്നു. സുന്നികള്‍ പിന്തിരിഞ്ഞോടി, സംവാദം കഴിഞ്ഞു എന്ന്. അന്ന് ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്, ബസില്‍ പോകുമ്പോള്‍ പറമ്പിലേക്ക് നോക്കിയാല്‍ മതി, തെങ്ങ് കവുങ്ങും ഓടുമ്പോലെ തോന്നും. അതുപോലെ, ഓട്ടത്തിന്റെ നീളം പോലെയാണ് ആയുസ്സിന്റെ നീളം എന്ന നിലക്ക് മുജാഹിദുകള്‍ ഓടിയപ്പൊ സുന്നികള് ഓടിയതാണെന്ന് തോന്നിപ്പോയതാണ് എന്ന്.

? പുതിയ മുജാഹിദ് പ്രശ്‌നങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ടോ
അവരുടെ കൂട്ടത്തില്‍ ജിന്നിനെ അടിച്ചോടിക്കുന്ന ഒരാള് ഇവിടെ അടുത്തുണ്ട്. ഏതോ എടവണ്ണഗ്രൂപ്പാണ് എന്നോ മറ്റോ പറയുന്നത് കേട്ടു. ജിന്നിനെ കുറിച്ച് സി എന്‍ അഹ്മദ് മൗലവി പറഞ്ഞല്ലോ, ഇണങ്ങാത്ത മനുഷ്യനാണ്. ജിന്ന് എന്ന പ്രത്യേകിച്ചൊരു വര്‍ഗം ഇല്ല എന്ന്. വര്‍ഗം തന്നെയാണ്. സി എന്‍ മുജാഹിദായിരുന്നു, പിന്നെ സി എന്‍ സ്വന്തം ആളായി. തുണിഷാപ്പ് നടത്തലായി. പട്ടത്തിന്റെ കയറ് അങ്ങട്ട് വിട്ടാല്‍ പിന്നെ ആകാശത്തേക്ക് പോകലല്ലേ. അങ്ങനെ പോയി.
( അവസാനിച്ചു.)
.

Latest