ശ്രീലങ്കയിലെ പ്രതിസന്ധി ആഭ്യന്തര കലാപത്തിലേക്ക്; വെടിവെപ്പില്‍ ഒരു മരണം

Posted on: October 28, 2018 7:29 pm | Last updated: October 29, 2018 at 10:01 am

കൊളംബോ: പ്രധാനമന്ത്രി പദത്തില്‍ നിന്ന് റെനില്‍ വിക്രമസിംഗെയെ പുറത്താക്കിയതിന് പിന്നാലെ ശ്രീലങ്കയില്‍ രൂപപ്പെട്ട ഭരണപ്രതിസന്ധി ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുന്നു. വിക്രമ സിംഗ മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രിയായിരുന്ന അര്‍ജുന രണതുംഗയുടെ സുരക്ഷാ ജീവനക്കാര്‍ സിരിസേന അനുകൂലികൾക്ക് നേരെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

രണതുംഗ പൊതുമേഖലാ സ്ഥാപനമായ സൈക്ലോണ്‍ പെട്രോളിയം കോര്‍പറേഷനിലെ തന്റെ ഓഫീസിലേക്ക് കയറുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രസിഡന്റെ് സിരിസേനയെ അനുകൂലിക്കുന്ന ജനക്കൂട്ടത്തിന് നേരെയായിരുന്നു വെടിവെപ്പ്. ജനക്കൂട്ടം രണതുംഗയെ ഭീഷണിപെടുത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാടകീയമായ രാഷ്ട്രീയ നീക്കത്തിലൂടെയാണ് വെള്ളിയാഴ്ച വിക്രമസിംഗയെ പ്രസിഡന്റ് സിരിസേന പുറത്താക്കിയത്. ഇതിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ അക്രമസംഭമാണ് ഇന്നത്തേത്.