വിവാദ വെളിപ്പെടുത്തല്‍ : രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

Posted on: October 28, 2018 11:02 am | Last updated: October 28, 2018 at 5:09 pm

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ നന്ദന്‍കോട്ടുള്ള ഫഌറ്റില്‍വെച്ചാണ് കൊച്ചി സിറ്റി പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ശബരിമല വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് അറസ്റ്റ്. ശബരിമലയില്‍ യുവതീ പ്രവേശനം നടന്നാല്‍ രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കാന്‍ കുറച്ച് പേര്‍ തയ്യാറായി നിന്നിരുന്നുവെന്നാണ് രാഹുല്‍ വെളിപ്പെടുത്തിയിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുലിനെതിരെ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. മതസ്പര്‍ധ വളര്‍ത്തുന്നതടക്കമുള്ള നീക്കങ്ങള്‍ രാഹുല്‍ ഈശ്വറിന്റെ ഭാഗത്തുനിന്നുണ്ടായി എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. എറണാകുളം പ്രസ് ക്ലബ്ബില്‍വെച്ചാണ് രാഹുല്‍ ഈശ്വര്‍ വിവാദ പ്രസ്താവന നടത്തിയത്. ഇതിന്റെ വീഡിയോ ദ്യശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് നടന്നത്. എന്നാല്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് പിന്നീട് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. രക്തം വീഴ്ത്താന്‍ തയ്യാറെടുത്തുനിന്നവരെ താന്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.