ഐ ലീഗ്: മോഹന്‍ ബഗാനെ സമനിലയില്‍ പിടിച്ച് ഗോകുലം കേരള

Posted on: October 27, 2018 7:13 pm | Last updated: October 27, 2018 at 8:39 pm

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ കൊല്‍ക്കത്ത മോഹന്‍ ബഗാനെ സമനിലയില്‍ പിടിച്ച് ഗോകുലം കേരള എഫ് സി. കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന കേരളം രണ്ടാം പകുതിയില്‍ നേടിയ സെല്‍ഫ് ഗോളിലാണ് സമനില പിടിച്ചത്.

നാല്‍പ്പതാം മിനുട്ടില്‍ ഉഗാണ്ടന്‍ താരം ഹെന്റി കിസീക്കെയാണ് ബഗാന് വേണ്ടി വല കുലുക്കിയത്. കഴിഞ്ഞ സീസണില്‍ ഗോകുലത്തിന്റെ താരമായിരുന്ന കിസീക്കെ ഫ്രീ കിക്കില്‍ നിന്നാണ് ഗോള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച കേരളം അവസരങ്ങള്‍ നെയ്‌തെടുത്തു. ഇതിനിടെ 71ാം മിനുട്ടില്‍ ലാല്‍ചുന്‍കിമയുടെ സെല്‍ഫ് ഗോള്‍ വന്നതോടെ മത്സരം സമനിലയിലായി. പകരക്കാരനായെത്തിയ എസ് രാജേഷ് നടത്തിയ നീക്കമാണ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്. തൊട്ടുപിന്നാലെ രാജേഷിന്റെ ഒരു തകര്‍പ്പന്‍ ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു.

ഈ മാസം 31ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ നെരോക്ക എഫ് സി യാണ് ഗോകുലത്തിന്റെ എതിരാളികള്‍. മോഹന്‍ ബഗാന്‍ അടുത്ത മത്സരത്തില്‍ ഐസ്വാള്‍ എഫ് സിയെ നേരിടും. നവംബര്‍ മൂന്നിനാണ് മത്സരം.