Connect with us

Ongoing News

കോഹ്‌ലിയുടെ സെഞ്ച്വറി വിഫലം; ഇന്ത്യ 43 റണ്‍സ് തോല്‍വി

Published

|

Last Updated

പൂനെ: തുടര്‍ച്ചയായ മൂന്നാം ഏകദിന സെഞ്ച്വറി നേടി നായകന്‍ വിരാട് കോഹ്ലി മുന്നില്‍ നിന്ന് നയിച്ചിട്ടും വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ തോറ്റു. 43 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. വിന്‍ഡീസ് ഉയര്‍ത്തിയ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.4 ഓവറില്‍ 240 റണ്‍സിന് പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലായി. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാമത്തെ കളി സമനിലയില്‍ കലാശിച്ചിരുന്നു.

107 റണ്‍സെടുത്ത കോഹ്ലി പുറത്തായതോടെയാണ് ഇന്ത്യ കളി കൈവിട്ടത്. 119 പന്തില്‍ പത്ത് ബൗണ്ടറിയും ഒരു സിക്‌സറും നേടിയ കോഹ്ലിയെ സാമുവല്‍സ് ബൗള്‍ഡാക്കുകയായിരുന്നു. 35 റണ്‍സെടുത്ത ശിഖര്‍ ധവാനും 24 റണ്‍സെടുത്ത ഋഷാഭ് പന്തിനുമൊഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. രോഹിത് ശര്‍മ (എട്ട്), അമ്പട്ടി റായുഡു (22), എംഎസ് ധോണി (ഏഴ്), ഭുവനേശ്വര്‍ കുമാര്‍ (10), ചാഹല്‍ (മൂന്ന്), ഖലീല്‍ അഹ്മദ് (മൂന്ന്), ബുംറ (പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റ്‌സമാന്മാരുടെ സംഭാവന. കുല്‍ദീപ് യാദവ് 15 റണ്‍സുമായി പുറത്താകാതെ നിന്നു. വിന്‍ഡീസിനായി സാമുവല്‍സ് മൂന്നും ഹോള്‍ഡര്‍, മെകോയ്, നഴ്‌സ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഷെയ് ഹോപ്പിന്റെ അര്‍ധ സെഞ്ച്വറി പ്രകടനവും (95), ആഷ്‌ലി നഴ്‌സിന്റെ (22 പന്തില്‍ 40) വെടിക്കെട്ട് ബാറ്റിംഗുമാണ് വിന്‍ഡീസ് ഇന്നിംഗ്‌സിന് കരുത്തു പകര്‍ന്നത്. നാല് ബൗണ്ടറികളും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു നഴ്‌സിന്റെ ഇന്നിംഗ്‌സ്.
55 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസിനെ ഹോപ്പും ഷിംറോന്‍ ഹെറ്റ്മയെറും ചേര്‍ന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. ഹെറ്റ്‌മെയര്‍ 37 റണ്‍സെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും കുല്‍ദീപ് യാദവ് രണ്ടും ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹ്്മദ്, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.