ഗള്‍ഫ് രാജ്യങ്ങളിലെ നിക്ഷേപ തൊഴില്‍ സാധ്യതകള്‍

Posted on: October 27, 2018 4:35 pm | Last updated: October 27, 2018 at 4:35 pm

സഊദിഅറേബ്യയില്‍, തൊഴില്‍ രംഗത്തെ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് എന്ന സൂചനയുണ്ട്. സാമ്പത്തിക, സാമൂഹിക മാറ്റത്തിന് ഗതിവേഗം കൂട്ടാന്‍ ‘നിതാഖത്തല്ലാതെ’ വഴിയില്ലെന്ന ഭരണകൂട തീരുമാനത്തിന്റെ ഭാഗമാണിത്.
ലക്ഷക്കണക്കിനു സ്വദേശി യുവതീ യുവാക്കളാണ് ആ രാജ്യത്തു തൊഴിലില്ലാതെയിരിക്കുന്നത്. ഇവരെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചില്ലെങ്കില്‍, തൊഴിലുകള്‍ എല്ലാം വിദേശികള്‍ക്ക് എന്ന അവസ്ഥ തുടര്‍ന്നാല്‍ സമൂഹത്തില്‍ അസ്വസ്ഥത പടരും. മാത്രമല്ല, വരുമാനത്തിന് എണ്ണയെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകാന്‍ കഴിയില്ല. നിക്ഷേപങ്ങളില്‍, കമ്പോളങ്ങളില്‍ വൈവിധ്യം വേണം. സാമൂഹികമായ മാറ്റങ്ങളും അനിവാര്യം.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധികാരത്തിന്റെ കേന്ദ്ര സ്ഥാനത്തു എത്തിയതോടെ സമഗ്ര പരിഷ്‌കരണമാണ് പോംവഴിയായി കണ്ടത്. ചരിത്ര യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട്, മുഹമ്മദ് ബിന്‍ സല്‍മാന്‍ പല നടപടികളും കൈക്കൊണ്ടു. അതില്‍, പ്രധാനമാണ് സ്വദേശിവത്കരണം. ഒറ്റ നോട്ടത്തില്‍ വിദേശികള്‍ക്ക് അല്‍പം പ്രയാസമുണ്ടാക്കുന്ന നടപടിയാണെങ്കിലും ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

സ്വയം പര്യാപ്തമായതും സംതൃപ്തിയുള്ളതുമായ സ്വദേശി സമൂഹം ഉണ്ടെങ്കില്‍ മാത്രമേ വികസനം പൂര്‍ണതയിലെത്തുകയുള്ളൂ. അല്ലെങ്കില്‍ അങ്ങിങ് കുറച്ചു കെട്ടിടങ്ങള്‍ മാത്രമാകും. സ്വദേശി സമൂഹം സാമ്പത്തികമായും ശക്തിപ്പെടുന്നതോടെ പുതിയ വാണിജ്യ വ്യവസായ കേന്ദ്രങ്ങള്‍ സ്ഥാപിതമാകും. ഈയിടെ, സഊദിയില്‍ ആഗോള നിക്ഷേപക സംഗമം നടന്നപ്പോള്‍ ഇത് കുറേക്കൂടി വ്യക്തമാക്കപ്പെട്ടു. സഊദി പെട്രോ കെമിക്കല്‍ വ്യവസായം വിപുലമാക്കാന്‍ അരാംകോ പോലുള്ള കമ്പനികള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഫ്രാന്‍സിലെ ടോട്ടലുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു. ആയിരക്കണക്കിന് തൊഴിലുകള്‍ ആണ് പുതുതായി സൃഷ്ടിക്കപ്പെടുക. അനുബന്ധമായി ധാരാളം സ്ഥാപനങ്ങള്‍ വരും. എം എ യൂസുഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് നിക്ഷേപ സംഗമത്തില്‍ പങ്കെടുത്തു. ലുലു ഗ്രൂപ്പിനും സഊദിയില്‍ കൂടുതല്‍ നിക്ഷേപ താല്‍പര്യമുണ്ട്. ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നര്‍ഥം. കുറഞ്ഞപക്ഷം, ലുലു ഗ്രൂപ്പിലെങ്കിലും നൂറുകണക്കിന് മലയാളികള്‍ എത്തിപ്പെടും. സഊദിയില്‍ യു എ ഇ കമ്പനികളും താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.
ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ സഊദി രണ്ടു വര്‍ഷം കൊണ്ട് അപൂര്‍വമായ കുതിപ്പ് കൈവരിക്കുമെന്നാണ് പ്രതീക്ഷ.
വികസനത്തില്‍ ദുബൈയെ മാതൃകയാക്കാന്‍ റിയാദ്, ജിദ്ദ പോലുള്ള നഗരങ്ങളോട് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ദുബൈക്ക് അധികം എണ്ണ വരുമാനമില്ല. എന്നിട്ടും ലോകോത്തര നഗരമായി ദുബൈ മാറി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദീര്‍ഘ വീക്ഷണ ഫലമാണത്. വിനോദസഞ്ചാരം, വാണിജ്യം,ഗതാഗതം എന്നീ രംഗങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം യാഥാര്‍ഥ്യമാക്കിയതോടെ വിദേശ നിക്ഷേപം ഒഴുകിയെത്തി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരേ പോലെ തൊഴില്‍ ലഭ്യമായി. ഈ മാന്ത്രിക വിദ്യയാണ് സഊദി നഗരങ്ങള്‍ പഠന വിധേയമാക്കുന്നത്.

സഊദിയില്‍ സ്വദേശിവത്കരണം നിമിത്തം ഈ വര്‍ഷം അഞ്ചു ലക്ഷത്തിലധികം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. വിദേശ നിക്ഷേപം വന്‍ തോതില്‍ സഊദിയില്‍ എത്തുകയാണെങ്കില്‍ ഇതിലധികം തൊഴിലുകള്‍ വിദേശികള്‍ക്ക് തുറന്നു കിട്ടുമെന്നാണ് കരുതേണ്ടത്. പത്തു വര്‍ഷം മുമ്പത്തെ ആഗോള സാമ്പത്തിക മാന്ദ്യ ഫലമായി യു എ ഇ യില്‍ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ആയിരക്കണക്കിന് തൊഴിലുകള്‍ നഷ്ടമായിരുന്നു. ആ സാഹചര്യം മറികടക്കാന്‍, എണ്ണ വരുമാനം ഇല്ലാതിരുന്നിട്ടും ദുബൈക്കായി.
ഇതേ ചാക്രികതയാണ് സഊദിയിലെ നഗരങ്ങളിലും സംഭവിക്കുക. അത് കൊണ്ട് നിതാഖാത് കൊണ്ട് വലിയ ആശങ്ക വിദേശികള്‍ക്ക് ആവശ്യമില്ല.വാസ്തവത്തില്‍, മധ്യപൗരസ്ത്യ മേഖലയുടെ സുസ്ഥിരതയ്ക്കു ഭീഷണി രാഷ്ട്രീയ പ്രശ്‌നങ്ങളാണ്. ഇത് പരിഹരിക്കപ്പെട്ടാല്‍ മറ്റെല്ലാം വഴിയേ ശരിയായിക്കൊള്ളും. സഊദി,യു എ ഇ,ബഹ്റൈന്‍ ഉള്‍പ്പെടുന്ന ഗള്‍ഫ് രാജ്യങ്ങള്‍ കെട്ടുറപ്പോടെ മുന്നോട്ടു പോകും. വികസനത്തിന്റെ വസന്തം തീര്‍ക്കും.