കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് വില്‍പന ഉടന്‍ തുടങ്ങും

Posted on: October 27, 2018 4:25 pm | Last updated: October 27, 2018 at 4:25 pm

അബുദാബി: കണ്ണൂരില്‍ നിന്നും അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസിന്റെ ടിക്കറ്റ് വില്‍പന രണ്ട് ദിവസത്തിനകം ആരംഭിക്കും. ആദ്യ വിമാനം ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒമ്പതിന് രാവിലെ 11ന് പറന്നുയരും. ഐ എക്‌സ് 738 നമ്പര്‍ വിമാനമാണ് കണ്ണൂര്‍ അബുദാബി-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുക. ഈ മാസം 28ന് ആരംഭിക്കുന്ന ശൈത്യകാല പട്ടികയിലാണ് ഷെഡ്യൂള്‍ ഇടം നേടിയത്. കണ്ണൂരിനെക്കൂടാതെ പുതുതായി സര്‍വീസ് ആരംഭിക്കുന്ന വിമാനത്താവളങ്ങളുടെ കൂട്ടത്തില്‍ ബെംഗളൂരുവും ഉണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 19-ാമത്തെ സെക്ടറാണ് കണ്ണൂര്‍. കണ്ണൂരില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ യാത്ര വിമാനമിറക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തന്നെയാകും ആദ്യ രാജ്യാന്തര വാണിജ്യ സര്‍വീസും ആരംഭിക്കുക.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിക്കുന്ന ദിവസം തന്നെ സര്‍വ്വീസ് നടത്താനുളള തയ്യാറെടുപ്പിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അബുദാബിയിലേക്കാവും ആദ്യ സര്‍വീസ്. കണ്ണൂരില്‍ നിന്നും അബുദാബി കൂടാതെ ദുബൈ, മസ്‌കറ്റ്, ഷാര്‍ജ, ദോഹ, റിയാദ് തുടങ്ങിയ നഗരങ്ങളിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തും. കണ്ണൂരില്‍ നിന്നും അബുദാബിയിലേക്ക് 4 മണിക്കൂറാണ് സമയ ദൈര്‍ഘ്യം. ഉദ്ഘാടന ദിവസം രാവിലെ 11 ന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 1.30 അബുദാബിയിലെത്തി ഉച്ചക്ക് 2.30 കണ്ണൂരിലേക്ക് തിരിച്ചു പോകും. പ്രാദേശിക സമയം രാത്രി എട്ടിനാണ് കണ്ണൂരിലെത്തുക.

ഉദ്ഘാടന ദിവസം മാത്രമാണ് രാവിലെ 11ന് വിമാനം അബുദാബിയിലേക്ക് സര്‍വീസ് നടത്തുക. മറ്റു ദിവസങ്ങളില്‍ രാവിലെ ഒമ്പതിന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന വിമാനം പ്രദേശിക സമയം രാവിലെ 11. 30 ന് അബുദാബിയിലെത്തും. അബുദാബിയില്‍ നിന്നും ഉച്ചക്ക് 12.30 പുറപ്പെടുന്ന വിമാനം വൈകിട്ട് ആറിന് കണ്ണൂരിലെത്തും. ചൊവ്വ, വ്യാഴം, ഞായര്‍ എന്നീ ദിവസങ്ങളിലാണ് കണ്ണൂര്‍ അബുദാബി കണ്ണൂര്‍ റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുക.