Connect with us

Editorial

തിര. കമ്മീഷന്‍ നിയമനം

Published

|

Last Updated

തിര. കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഭരണഘടനാ ബഞ്ചിന്റെ പരിശോധനക്ക് വിടാന്‍ തീരുമാനിച്ചിരിക്കുകയാണ് സുപ്രീം കോടതി. നിലവില്‍ കമ്മീഷണര്‍മാരുടെ നിയമന പ്രക്രിയയില്‍ അപാകതയുള്ളതിനാല്‍ നിയമനത്തിന് സ്വതന്ത്രമായ സംവിധാനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനായ അനൂപ് ബെന്‍സല്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് വിഷയം ഭരണഘടനാ ബഞ്ച് പരിശോധിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് കെ എസ് കൗള്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് വിലയിരുത്തിയത്. നിയമനത്തിന് കൊളീജിയം സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ബെന്‍സലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ ആവശ്യപ്പെട്ടത്. സി എ ജി ഉള്‍പ്പെടെയുള്ള 15 സുപ്രധാന സ്ഥാനങ്ങള്‍ കേന്ദ്ര മന്ത്രിസഭയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിയാണ് നിയമനം നടത്തുന്നതെന്നും തിര. കമ്മീഷന്റെ നിയമനം സര്‍ക്കാറിന്റെ അധികാര പരിധിയില്‍ പെട്ടതാണെന്നുമാണ് സര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചത്. ഒരു തസ്തികയുടെ നിയമന രീതിയില്‍ മാറ്റം വരുത്തിയാല്‍ മറ്റെല്ലാറ്റിനും ഇത് ബാധകമായേക്കുമെന്നതിനാല്‍ തിര. കമ്മീഷന്‍ നിയമനത്തിന് നിലവിലെ രീതി തുടരുകയാണ് അഭികാമ്യമെന്നും എ ജി അഭിപ്രായപ്പെട്ടെങ്കിലും കോടതി അതംഗീകരിച്ചില്ല.

രാഷ്ട്രീയ രംഗത്തെയും നിയമ വൃത്തങ്ങളുടെയും കാലങ്ങളായുള്ള ആവശ്യമാണ് തിര. കമ്മീഷണര്‍മാരുടെ നിയമനത്തിന് സ്വതന്ത്രമായ സംവിധാനം വേണമെന്നത്. ഈ നിയമനത്തില്‍ കേന്ദ്ര ഭരണകക്ഷിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ കടന്നുവരുന്ന സാഹചര്യത്തില്‍ ഈ ആവശ്യമുയര്‍ത്തി മുമ്പും പലരും കോടതികള്‍ കയറിയിട്ടുണ്ട്. തിര. കമ്മീഷണര്‍മാരുടെ നിയമനത്തിലെ സുതാര്യതയില്ലായ്മയെക്കുറിച്ച് 2017 മെയില്‍ സമാനമായ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ഉത്കണ്ഠ രേഖപ്പെടുത്തുകയും ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം കമ്മീഷണര്‍മാരെ നിയമിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് സര്‍ക്കാറിനെ ഉണര്‍ത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഇതിന് മുന്‍കൈയെടുക്കുന്നില്ലെങ്കില്‍ ഇടപെടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കുറ്റമറ്റ ഒരു സംവിധാനം ഇതുവരെ ആവിഷ്‌കരിച്ചിട്ടില്ല.

തിര. കമ്മീഷണര്‍മാരെ പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസാരം രാഷ്ട്രപതി നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് ഏകപക്ഷീയമായതിനാല്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ കടന്നുവരാറുണ്ട്. അടുത്ത കാലത്തായി കേന്ദ്ര ഭരണ കക്ഷിയെ തുണക്കുന്ന നടപടികള്‍ നിരന്തരം കമ്മീഷനില്‍ നിന്നുണ്ടാകുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഈ മാസം ആറിന് ഉച്ചക്ക് 12.30ന് നടത്താന്‍ തീരുമാനിച്ചിരുന്ന പത്രസമ്മേളനം തിര. കമ്മീഷന്‍ മൂന്ന് മണിയിലേക്ക് നീട്ടിയത് അജ്മീറിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി പരിഗണിച്ചായിരുന്നുവെന്ന് ആരോപണമുണ്ട്. അന്ന് ഒരു മണിക്ക് അജ്മീറില്‍ മോദി പങ്കെടുക്കുന്ന റാലി സംഘടിപ്പിച്ചിരുന്നു ബി ജെ പി. ഈ പരിപാടിയിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി സൗജന്യ വൈദ്യുതി ഉള്‍പ്പെടെ സംസ്ഥാനത്തെ കര്‍ഷകരെ പാട്ടിലാക്കാനുള്ള ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. കമ്മീഷന്റെ പത്രസമ്മേളനം ഒരു മണിക്ക് നടന്നിരുന്നുവെങ്കില്‍ ഈ പ്രഖ്യാപനം നടക്കില്ലായിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന് കൂടെ പ്രഖ്യാപിക്കേണ്ടിയിരുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം പിന്തിച്ചതിനു പിന്നിലും മോദിയുടെയും ബി ജെ പിയുടെയും രാഷ്ട്രീയ താത്പര്യങ്ങളായിരുന്നു.

ജനാധിപത്യ വ്യവസ്ഥയുടെ അടിക്കല്ലാണ് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്. പാര്‍ലിമെന്റ്, നിയമസഭകള്‍, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍ക്ക് കാര്‍മികത്വം വഹിക്കുകയെന്ന വലിയൊരു ഉത്തരവാദിത്വമാണ് കമ്മീഷന് നിര്‍വഹിക്കാനുള്ളത്. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട കമ്മീഷന്‍ സംശയത്തിനതീതമായിരിക്കണം. സ്വയം ഭരണാവകാശമുള്ള ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ അതിന്റെ പ്രവര്‍ത്തനം സുതാര്യവുമാകണം. കമ്മീഷനില്‍ അതാത് കാലത്തെ ഭരണകൂടത്തിന് യാതൊരു സ്വാധീനവുമില്ലാതിരിക്കുമ്പോള്‍ മാത്രമേ സുതാര്യവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകള്‍ നടക്കൂ. പ്രതിപക്ഷത്തിന്റെയും ജുഡീഷ്യറിയുടെയും അഭിപ്രായം തേടാതെ കമ്മീഷനെ പ്രധാനമന്ത്രി തിരഞ്ഞെടുക്കുമ്പോള്‍ വ്യക്തി, രാഷ്ട്രീയ താത്പര്യങ്ങളുടെ സ്വാധീനം സ്വാഭാവികമാണ്. തിരഞ്ഞെടുപ്പുകളുടെ സ്വതന്ത്രമായ നടത്തിപ്പിനെ അത് ബാധിക്കും. അചല്‍ കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനായിരുന്ന കാലത്ത് രാജ്യം ഇതനുഭവിച്ചതാണ്. ഗുജറാത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിയായും നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ചീഫ് സെക്രട്ടറിയും മോദിയുടെ അടുപ്പക്കാരനുമായിരുന്ന അചല്‍ കുമാറില്‍ നിന്ന് കമ്മീഷന്റെ വിശ്വാസ്യതക്ക് നിരക്കാത്ത പല നടപടികളുമുണ്ടായി. കഴിഞ്ഞ മെയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എം എസ് ഗില്‍, ടി എസ് കൃഷ്ണമൂര്‍ത്തി, എസ് വൈ ഖുറൈശി, ബി ബി ടണ്ഠണ്‍, വി എസ് സമ്പത്ത്, എച്ച് എസ് ബ്രഹ്മ, നസീം സെയ്ദി തുടങ്ങി മുന്‍ തിര. കമ്മീഷണര്‍മാരുടെ കൂട്ടായ്മ ഇതില്‍ ആശങ്ക രേഖപ്പെടുത്തിയതുമാണ്. ഈ സാഹചര്യത്തില്‍ അനിവാര്യമാണ് തിര. കമ്മീഷണര്‍മാരുടെ നിയമന രീതി കുറ്റമറ്റതും ബാഹ്യതാത്പര്യങ്ങളില്‍ നിന്ന് മുക്തവുമാകാനുള്ള ഗൗരവതരമായ ആലോചനകളും നീക്കങ്ങളും. വിഷയം സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്.

Latest