ശ്രീലങ്കയില്‍ ഭരണമാറ്റം; വിക്രമസിംഗെ പുറത്ത്, രജപക്‌സെ പ്രധാനമന്ത്രി

Posted on: October 27, 2018 12:26 am | Last updated: October 27, 2018 at 10:24 am

കൊളംബോ: ശ്രീലങ്കയില്‍ നാടകീയമായ നീക്കത്തില്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനപ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് റെനില്‍ വിക്രമസിംഗെ യെ പുറത്താക്കി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിപക്ഷ നേതാവ് മഹീന്ദ രജപക്‌സെയെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുകയും ചെയ്തു.

പ്രസിഡന്റിന്റെ പാര്‍ട്ടി നിലവിലെ കൂട്ടുകക്ഷി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് റെനില്‍ വിക്രമസിംഗെക്കു പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്. രജപക്‌സെയുടെ സത്യപ്രതിജ്ഞാ ചടങ്ങ് അദ്ദേഹത്തിന് സ്വാധീനമുള്ള സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുകയുമുണ്ടായി.

എന്നാല്‍ പ്രസിഡന്റിന്റെ നടപടി ഭരണഘടനാപ്രതിസന്ധിക്കു വഴിവെക്കുമോയെന്ന ആശങ്ക രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. 2015ല്‍ ഭരണഘടനാ ഭേദഗതിയിലൂടെ പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള പ്രസിഡനഞരിന്റെ അധികാരം എടുത്തുകളഞ്ഞിരുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ദ്വീപ് രാഷ്ട്രത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനിരിക്കെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രജപക്‌സെക്ക് തിരിച്ചടിയേറ്റത്. ശ്രീലങ്കയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ രജപക്‌സെ രൂപവത്കരിച്ച പുതിയ പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു.

ഇതോടെയാണ് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയും യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയും ചേര്‍ന്നുള്ള സഖ്യകക്ഷി സര്‍ക്കാരില്‍ അസ്വസ്ഥതകള്‍ രൂപംകൊണ്ടത്. ശ്രീലങ്കന്‍ സാമ്പത്തിക നയം മുതല്‍ ഭരണം വരെയുള്ള വിഷയങ്ങളില്‍ സിരിസേനയും വിക്രമസിംഗെയും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിന്നതായും വിവരമുണ്ട്. 2015ല്‍ റെനില്‍ വിക്രമസിംഗെയുടെ പിന്തുണയോടെയാണ് സിരിസേന പ്രസിഡന്റായത്.