Connect with us

Gulf

കേരള ബേങ്കിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരന്‍ എം എല്‍ എ

Published

|

Last Updated

ദുബൈ: കേരള ബേങ്ക് രൂപീകരണം സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കുന്നതാണെന്ന് കെ മുരളീധരന്‍ എം എല്‍ എ. കേരള ബേങ്കിന് റിസര്‍വ് ബേങ്കിന്റെ അംഗീകാരം കിട്ടിയാല്‍ സഹകരണം എന്ന വാക്കു പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാകും. അതു കൊണ്ടു തന്നെ കേരള ബാങ്കിനെതിരെ കോടതിയെ സമീപിക്കും. സഹകരണ പ്രസ്ഥാനങ്ങള്‍ എല്ലാ കാലത്തും നിലനില്‍ക്കേണ്ടതാണെന്നും കേരള ബേങ്കിനെതിരെ ഏതറ്റം വരെയും പോകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരള സഹകരണ ഫെഡറേഷന്റെ ആഗോള സഹകരണ കോണ്‍ഗ്രസ് ദുബൈയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറു കൊല്ലത്തിലധികം പഴക്കമുള്ള സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കരുതെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണറും മുന്‍ ധനമന്ത്രിയുമായ കെ ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു.കേരള ബേങ്ക് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ബേങ്ക് ഉണ്ടാക്കുകയാണ് വേണ്ടത്. സഹകരണ ബേങ്കുകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും കെ ശങ്കരനാരായണന്‍ പറഞ്ഞു.
ദുബൈയുടെ വളര്‍ച്ചയില്‍ ഇന്ത്യയുടെ പിന്തുണ വളരെ വലുതായിരുന്നു എന്ന് ദുബൈ വേള്‍ഡ് സെന്‍ട്രല്‍ കോര്‍പ്പറേഷന്‍ ഡയറക്ടറും സഹകരണ കോണ്‍ഗ്രസ് സ്വാഗത സംഘം ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഫല്‍ സായി പറഞ്ഞു. വ്യാപാര ബന്ധം ഇരു രാജ്യങ്ങളും കൂടുതല്‍ ശകതിപ്പെടുത്തേണ്ടതുണ്ട്. ലോക രാജ്യങ്ങളുടെ ട്രേഡിംഗ് ഹബ്ബായി ദുബൈ മാറുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബര്‍ദുബൈ ഗ്രാന്റ് എക്‌സല്‍സിയര്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സഹകരണ ഫെഡറേഷന്റെയും എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെയും ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.ജനറല്‍ സെക്രട്ടറി എം.പി. സാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ആസൂത്രബ ബോര്‍ഡ് മുന്‍ അംഗം സി.പി.ജോണ്‍, ബി.ജെ.പി വക്താവ് എം.എസ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സഹകരണ ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍ പി.ആര്‍.എന്‍ നമ്പീശന്‍ നന്ദി പറഞ്ഞു.

കേരള ബേങ്ക് രൂപീകരണം സര്‍ക്കാരിന്റെ ദുരുദ്ദേശപരമായ നടപടിയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സഹകരണ ബേങ്കുകളെ പിടിച്ചു പറിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭവിഷ്യത്തുകള്‍ സംബന്ധിച്ച് യാതൊരു ആലോചനയുമില്ല.കേരള ബേങ്കിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ പി എ മജീദ് പറഞ്ഞു. സഹകരണ ഫെഡറേഷന്റെ ആഗോള സഹകരണ കോണ്‍ഗ്രസിലെ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ പ്രസ്ഥാനം -ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം സി പി ജോണ്‍ പ്രബന്ധം അവതരിപ്പിച്ചു.
സഹകരണ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല, വൈസ് ചെയര്‍മാന്‍മാരായ പി ആര്‍ എന്‍ നമ്പീശന്‍, കെ സുരേഷ് ബാബു, ട്രഷറര്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest