അജ്മാന്‍: ജ്വല്ലറി ഉടമയേയും ജീവനക്കാരെയും കത്തിമുനയില്‍ നിര്‍ത്തി വന്‍ കൊള്ള നടത്തിയ നാലംഗ ആഫ്രിക്കന്‍ സംഘത്തെ അജ്മാന്‍ പോലീസിന്റെ സി ഐ ഡി വിഭാഗം അറസ്റ്റ് ചെയ്തു. കത്തി ഉപയോഗിച്ച് ചിലയാളുകള്‍ ജ്വല്ലറി ഉടമയേയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി മോഷണം നടത്തിയെന്ന വിവരമാണ് ലഭിച്ചതെന്ന് അജ്മാന്‍ പോലീസ് സിഐഡി വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍. അഹമ്മദ് സയീദ് അല്‍ നുമൈനി പറഞ്ഞു.
ഉടന്‍ തന്നെ ഒരു സംഘം ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി പോലീസ് സംഭവ സ്ഥലത്തേക്ക് കുതിച്ചു. അന്വേഷണത്തില്‍ ആഫ്രിക്കന്‍ സംഘം ജ്വല്ലറി ഉടമയേയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി സ്വര്‍ണം കൊള്ളയടിച്ചുവെന്ന് വ്യക്തമായി. ഇവര്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്തിരുന്നു. പോലീസ് ഉടന്‍ തന്നെ തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചില്ല. എന്നാല്‍, പിന്നീട് പ്രതികള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് സിഐഡി സംഘം കണ്ടെത്തി.
റാസല്‍ഖൈമയിലെ ഒറ്റപ്പെട്ടു കിടക്കുന്ന പഴയ വീട്ടിലാണ് ആഫ്രിക്കന്‍ സംഘം കഴിയുന്നതെന്ന് അജ്മാന്‍ സിഐഡി സംഘം മനസിലാക്കി. റാസല്‍ഖൈമ പോലീസിന്റെ സഹായത്തോടെ അജ്മാന്‍ സിഐഡി സംഘം ഓപ്പറേഷന്‍ ആസൂത്രണം ചെയ്യുകയും വീട് റെയ്ഡ് നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. പബ്ലിക് പ്രോസിക്യൂഷനു മുന്നില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
കുറ്റവാളികളെ പിടികൂടിയ സിഐഡി ഉദ്യോഗസ്ഥരെ ലഫ്. കേണല്‍ അല്‍ നുമൈനി അഭിനന്ദിച്ചു. അവരുടെ കഴിവും മുന്‍പരിചയവുമാണ് പ്രതികളെ പിടികൂടാന്‍ സഹായകരമായതെന്ന് അദ്ദേഹം പറഞ്ഞു. റാസല്‍ഖൈമ പോലീസിന്റെ സഹായത്തിനും നുമൈനി പ്രത്യേകം നന്ദി പറഞ്ഞു. ഒരു തരത്തിലുള്ള കുറ്റകൃത്യങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്ന് സിഐഡി ഡയറക്ടര്‍ വ്യക്തമാക്കി.