സിബിഐ ആസ്ഥാനത്ത് വന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി അറസ്റ്റില്‍- VIDEO

Posted on: October 26, 2018 2:20 pm | Last updated: October 27, 2018 at 4:51 pm

ന്യൂഡല്‍ഹി: നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി സിബിഐ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ഡല്‍ഹിയിലെ സിജിഒ കോംപ്ലക്‌സിലുള്ള സിബിഐ ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാക്കളായ അശോക് ഗെ്ഹ ലോട്ട്, പ്രമോദ് തിവാരി, അഹ്മദ് പട്ടേല്‍ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി.

അര്‍ധരാത്രിയില്‍ സി.ബി.ഐ മേധാവിയെ മാറ്റിയ നടപടി ലജ്ജാവഹവും ഭരണഘടനാ വിരുദ്ധവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍ യുദ്ധ വിമാന ഇടപാടിനെ കുറിച്ചുള്ള അന്വേഷണം തടസ്സപ്പെടുത്താനാണ് സര്‍ക്കാറിന്റെ ശ്രമമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ചിന് പ്രതിപക്ഷ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചു. ലോക താന്ത്രിക് ജനതാ ദള്‍ നേതാവ് ശരത് യാദവ്, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നദീമുല്‍ ഹഖ് എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. സിപിഎം, എഎപി പാര്‍ട്ടികളുടെ പ്രതിനിധികളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.