മീ ടു കാമ്പയിനും കുട്ടികള്‍ക്കെതിരായ പീഡനവും

Posted on: October 26, 2018 9:35 am | Last updated: October 26, 2018 at 9:35 am

സ്ത്രീ സ്വത്വബോധത്തെയും അഭിമാനത്തെയും കടിച്ച് കീറുന്ന കാലത്തിന് വിരാമം കുറിക്കുമോ മീ ടു ക്യാമ്പയിന്‍? സ്ത്രീകളുടെ തുറന്ന പോരാട്ടം പലരുടെയും തനിനിറം പുറത്തുകൊണ്ടുവരുന്നു. 2006ല്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ തരാന ബര്‍ക്കര്‍ 13 വയസ്സുകാരിയുടെ ലൈംഗിക പരാതി കേട്ട് മറുപടി പറയാന്‍ സാധിക്കാതെ വന്നപ്പോള്‍ മീ ടു എന്ന് പറഞ്ഞ് നിര്‍ത്തുകയായിരുന്നു. ഹോളിവുഡിലെ ഹാര്‍വി വെയ്ല്‍ സ്‌റ്റെയ്‌നെതിരെ ലൈംഗിക പരാതി വ്യാപിച്ചപ്പോള്‍ മീ ടു (ഞാനും) എന്ന് പറഞ്ഞ് 2017 ഒക്ടോബര്‍ 15ന് അലീസ മിലാനോ ആദ്യമായി ട്വിറ്ററില്‍ ഹാഷ് ടാഗ് ഉപയോഗിച്ച് താന്‍ അനുഭവിച്ച ലൈംഗികാതിക്രമത്തെ പുറംലോകത്തെ അറിയിക്കുകയായിരുന്നു. ഒരു രാത്രി കൊണ്ട് രണ്ട് ലക്ഷം പേര്‍ സമാന രീതിയില്‍ ഞങ്ങളും ഇരയായിട്ടുണ്ടെന്ന് കാണിക്കുന്ന ഹാഷ് ടാഗുമായി രംഗത്തെത്തി. എന്നാല്‍, ഒരു ദിവസം കഴിഞ്ഞപ്പോയേക്കും അഞ്ച് ലക്ഷം ആളുകള്‍ വന്നു. ഫെയ്‌സ്ബുക്കില്‍ 24 മണിക്കൂറിനുള്ളില്‍ 47 ലക്ഷം ആളുകള്‍ ക്യാമ്പയിനില്‍ പങ്ക് ചേര്‍ന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 1.2 കോടി ജനങ്ങള്‍ ഹാഷ് ടാഗുമായി സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനിന്റെ ഭാഗമാകുകയും അവര്‍ അനുഭവിച്ച പീഡനങ്ങള്‍ പങ്ക് വെക്കുകയും ചെയ്തു.

സിനിമയിലും രാഷ്ട്രീയത്തിലും സെലിബ്രറ്റികളായ നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ട്. എന്നാല്‍, ഭയവും നേരിടേണ്ടി വരുന്ന പരിഹാസവും പുറത്തുപറയുന്നതില്‍ നിന്ന് അവരെ തടഞ്ഞു. എന്നാല്‍, ഇനിയും മൗനിയായാല്‍ ശേഷമുള്ള തലമുറയും ഇത്തരം ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുമെന്ന് മനസ്സിലാക്കുകയായിരുന്നു സെലിബ്രറ്റികള്‍. മീ ടു ക്യാമ്പയിനിലൂടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിലനില്‍ക്കുന്ന അക്രമാസക്ത പുരുഷാധിപത്യത്തിന് അറുതി വരുത്താന്‍ സ്ത്രീകള്‍ശ്രമിക്കുന്നു. ലോകമാപ്പില്‍ ചുരുങ്ങിയ കാലം കൊണ്ട് റഷ്യ, ചൈന, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും മീ ടു വ്യാപിക്കുന്നുണ്ട്.

ഗാന്ധിജിയുടെ 150-ാം വാര്‍ഷികം ആഘോഷിക്കാന്‍ ആഫ്രിക്കയിലേക്ക് പുറപ്പെട്ട വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെ ഒമ്പത് സ്ത്രീകളാണ് ഹാഷ് ടാഗുമായി രംഗത്തെത്തിയത്. അതുപോലെ നാനാ പടേക്കര്‍ക്കെതിരെ നടി തനുശ്രീ ദത്തയും കങ്കണ റഹൗട്ടും പൂജാ ഭട്ടും പ്രമുഖ എഴുത്തുകാരനായ ചതേന്‍ ഭഗതും മീ ടു ക്യാമ്പയിനിന്റെ ഭാഗമായി. മലയാള സിനിമയില്‍ മുകേഷിനെതിരെയും ആരോപണമുണ്ട്. ഇനിയും നിരവധി സ്ത്രീപീഡന കഥകള്‍ പുറത്ത് പറയാനുണ്ടെന്ന് ചലചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ കൂടിയായ ബീനപോള്‍ വെളിപ്പെടുത്തി.

ക്യാമ്പയിനിലൂടെ പുറത്തുവന്ന പീഡന റിപ്പോര്‍ട്ടുകള്‍ ആയിരത്തില്‍ ഒന്ന് മാത്രമാണ്. ഇതിലേറെ ലൈംഗികാതിക്രമണം പൊതുഇടങ്ങളില്‍ നടക്കുന്നു. പല കാരണങ്ങളാല്‍ പുറത്തുവരുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള പീഡനം, സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയവ എല്ലാ ഇടങ്ങളിലും വ്യാപിച്ചിരിക്കുകയാണ്. മിക്ക സര്‍വേ റിപ്പോര്‍ട്ടുകളും ഞെട്ടലോടെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. പ്രത്യേകിച്ച് ഇത്തരം പീഡനങ്ങള്‍ക്ക് ഇരയാകുന്നതില്‍ 75 ശതമാനവും കുട്ടികളും കൗമാര പ്രായക്കാരുമാണ്. മുതിര്‍ന്നവരില്‍ നിന്ന് കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമത്തെ പീഡോഫീലിയ എന്നാണ് പറയുന്നത്. പീഡോഫീലിയ ഒരു മനോരോഗമാണ്. ഇത്തരം മനോവൈകല്യത്തിന് ഒരുപാട് കാരണങ്ങളുണ്ട്. പ്രധാനമായും വൈവാഹിക ജീവിതം സംതൃപ്തമല്ലാത്തവരിലാണ് ഈ മനോവൈകല്യം കണ്ടുവരുന്നത്. ഭാര്യയുമായി വേര്‍പിരിയുകയും കുട്ടികളില്‍ താത്പര്യം കാണിക്കുകയും അവരുമായി ചങ്ങാത്തം സൃഷ്ടിച്ച് അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പീഡോഫീലിയ ബാധിച്ചവര്‍ ശ്രമിക്കുന്നു. ശരീര വളര്‍ച്ചക്കൊപ്പം മാനസിക വളര്‍ച്ച ഇല്ലാത്തവരിലും ഈ ദുശ്ശീലം കാണുന്നുണ്ട്. കാരണം, മനസ്സാണ് വികാരത്തെയും വിവേകത്തെയും നിയന്ത്രിക്കുന്നത്. മനസ്സിന്റെ തളര്‍ച്ചയോടു കൂടി മാനസിക വൈകല്യം രൂപപ്പെടുന്നു. പീഡോഫീലിയക്ക് വയസ്സൊന്നും കണക്കാക്കാനാവില്ല. 13 വയസ്സ് മുതല്‍ 90 വയസ്സ് വരെയുള്ളവരില്‍ പീഡോഫീലിയ കാണപ്പെടുന്നു. പീഡോഫീലിയ ബാധിച്ചവര്‍ രണ്ട് രീതിയിലാണ് കുട്ടികളെ പീഡിപ്പിക്കാറുള്ളത്. ഒരു കൂട്ടര്‍ ആന്തരികാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ച് രസം കണ്ടെത്തുന്നു. മറ്റു ചിലര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നു. പീഡനത്തിലേക്കുള്ള കാര്യങ്ങള്‍ പലതാണ്. ഇത്തരക്കാര്‍ ചെറുപ്രായത്തില്‍ അനുഭവിച്ച പീഡനങ്ങള്‍ പില്‍ക്കാലത്ത് കുട്ടികളുടെ മേല്‍ നടപ്പാക്കുന്നു. ചെറുപ്രായത്തില്‍ പീഡനത്തിന്റെ ഭവിഷ്യത്തുകളോ പ്രത്യാഘാതങ്ങളോ തിരിച്ചറിയാതെ വരുമ്പോള്‍ കുട്ടികളും അതിന് അടിമപ്പെടുകയും മനസ്സ് അതിനോട് താത്പര്യം കാണിക്കുകയും ചെയ്യുന്നു.

കുട്ടികള്‍ക്കെതിരെയും കൗമാരക്കാര്‍ക്കെതിരെയുമുള്ള പീഡനത്തില്‍ പ്രതികളായി പുറത്ത് വരുന്നത് അടുത്ത കുടുംബക്കാരോ സൗഹൃദവലയത്തിലുള്ളവരോ ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം 2015-16ല്‍ 4.4 ലക്ഷം കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ഇന്ത്യയില്‍ പീഡനത്തിനിരയായിട്ടുണ്ട്. ഇതില്‍ തന്നെ പുറത്തു പറഞ്ഞത് 35 ശതമാനവും നിയമപാലകാരായ പോലീസില്‍ വിവരം എത്തിച്ചവര്‍ 0.15 ശതമാനവും മാത്രമാണ്. എന്തുകൊണ്ട് അതോറിറ്റിയെ പോലും അറിയിക്കാന്‍ ഇരകള്‍ ഭയപ്പെടുന്നു എന്നത് വലിയൊരു ചോദ്യമാണ്. കുട്ടികള്‍ക്കെതിരെയും കൗമാരക്കാര്‍ക്കെതിരെയുമുള്ള പീഡന കണക്കില്‍ നിന്ന് മനസ്സിലാകുന്നത് ഇരകള്‍ സമൂഹത്തില്‍ നരകിച്ച് ജീവിക്കുകയും പരിഹാസ്യരായി അവഗണനകള്‍ നേരിടുകയും ചെയ്യുമ്പോള്‍ പ്രതികള്‍ പൊതു ഇടങ്ങളില്‍ പോലും അഭിമാനത്തോടെ ജീവിക്കുകയാണ്. 50 ശതമാനം കൗമാരക്കാര്‍ പീഡനം നേരിടുന്നത് വീട്ടില്‍നിന്നോ അടുത്ത കുടുംബക്കാരില്‍ നിന്നോ ആണ്. 14 ശതമാനം സുഹൃത്തുക്കളില്‍നിന്ന് പീഡനം നേരിടുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്ന ചില പഠനങ്ങള്‍ അനുസരിച്ച് 15 മുതല്‍ 25 ശതമാനം വരെ സ്ത്രീകളും അഞ്ച് മുതല്‍ 15 ശതമാനം വരെ പുരുഷന്മാരും കുട്ടികളായിരിക്കെ പീഡനത്തിന് ഇരയാകുന്നുണ്ട്.

പ്രധാനമായും കുട്ടികളെ ഉപയോഗപ്പെടുത്തുന്നത് ടൂറിസ്റ്റ് മേഖലകളിലാണ്. ടൂറിസത്തില്‍ വേശ്യാവൃത്തിയിലൂടെ കോടികള്‍ സമ്പാദിക്കുന്ന അനേകം രാജ്യങ്ങളുണ്ട്. തായ്‌ലാന്‍ഡ് ടൂറിസ്റ്റ് മേഖലയിലെ മുഖ്യ ആകര്‍ഷണം വേശ്യാവൃത്തി കേന്ദ്രങ്ങളാണ്. നമ്മുടെ തിരുവനന്തപുരം ടൂറിസം മേഖലയില്‍ പോലും സെക്‌സ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 201617 കാലയളവില്‍ രാജ്യത്ത് 7,26,993 ഗര്‍ഭഛിദ്രം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കേരളത്തില്‍ ഇന്ന് ബാലപീഡനവും പ്രകൃതിവിരുദ്ധ പീഡനവും വര്‍ധിച്ചുവരികയാണ്. ഒറ്റപ്പെട്ടു കാണുന്ന കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കുകയും അവസാനം മദ്യവും ലഹരിയും നല്‍കി അവരെ വേശ്യാലയത്തിലേക്ക് നയിക്കുകയുമാണ് മാഫിയകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ലൈംഗികാതിക്രമത്തിന് പിടികൂടുന്നവരെ ശിക്ഷക്ക് വിധേയമാക്കുന്നതിനൊപ്പം വിദഗ്ദ മാനസിക രോഗ ചികിത്സ സാധ്യമാക്കുകയും ചെയ്താല്‍ ചില മാറ്റങ്ങള്‍ സാധ്യമാണ്. കൃത്യമായ ചികിത്സ നേടിയാല്‍ മാറ്റിയെടുക്കാവുന്ന രോഗമാണ് പീഡോഫീലിയ. മുതിര്‍ന്നവരില്‍നിന്ന് മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാകുന്ന കുട്ടികളെയും ചികിത്സക്കു വിധേയമാക്കണം. ധൈര്യം അവര്‍ക്ക് നല്‍കുകയും വേണം. അതുപോലെ കുട്ടികളുമായി അടുത്തിടപഴകാനും അവരുമായി അടുത്ത സൗഹൃദം സ്ഥാപിക്കാനും മാതാപിതാക്കള്‍ ശ്രമിച്ചാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് വലിയൊരു പരിഹാരം കാണാന്‍ സാധിക്കും. പോസിറ്റീവായ രീതിയില്‍ ലൈംഗികവിദ്യാഭ്യാസം നിര്‍ബന്ധമാക്കുകയും കൂടി ചെയ്താല്‍ മാത്രമേ പീഡനത്തിന് ഇരയാകുന്ന കുട്ടികളെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

സമൂഹത്തില്‍ വ്യാപകമായി പീഡനങ്ങള്‍ നടക്കുമ്പോള്‍ നിയമവും നിയമപാലകരും ശിക്ഷാവിധികളും നോക്കുകുത്തികളായി നില്‍ക്കുകയാണ്. ഇത്തരം സമീപനം കൊണ്ടാണ് പീഡനങ്ങള്‍ അധികരിക്കുന്നത്. എത്രപേരെ പീഡിപ്പിച്ചാലും ഒരു പ്രശ്‌നവും വരില്ല എന്നുള്ള ധാരണയില്‍ നിന്നാണ് പീഡനത്തിലേക്ക് വീണ്ടും പോകാനുള്ള ത്വര വളരുന്നത്. പുതിയ നിയമങ്ങള്‍ നിര്‍മിച്ചത് കൊണ്ടോ അന്വേഷണ കമ്മീഷന്‍ രൂപവത്കരിച്ചത് കൊണ്ടോ മാത്രം ഒരു പീഡനവും തടയാന്‍ കഴിയില്ല. മറിച്ച് പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കിയാല്‍ മാത്രമേ ഇത്തരം വൃത്തികേടുകള്‍ തടയാന്‍ കഴിയുകയുള്ളൂ.