Connect with us

Articles

ശബരിമലയുടെ രാഷ്ട്രീയം

Published

|

Last Updated

എന്തിലും ഏതിലും രാഷ്ട്രീയം കാണുന്നവരാണ് കേരളീയര്‍. ചെറുതും വലുതുമായ സംഭവങ്ങളിലൊക്കെയും രാഷ്ട്രീയമുണ്ടാകും. ആത്മീയ കാര്യങ്ങളിലുമുണ്ട് രാഷ്ട്രീയം. രാഷ്ട്രീയ നേതാക്കള്‍ ആത്മീയ വിഷയങ്ങളില്‍ ഇടപെടുമ്പോഴാകട്ടെ, രാഷ്ട്രീയത്തിന് ചൂട് ഏറുകയും ചെയ്യുന്നു. ശബരിമലയില്‍ കാണുന്നത് മറ്റൊന്നുമല്ല.

ശബരിമലയില്‍ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പ്രശ്‌നമുണ്ട്. ദശകങ്ങളായി ശബരിമലയില്‍ നിലനിന്നിരുന്ന സ്ത്രീ പ്രവേശന വിഷയം ഇന്ന് തീ കത്തുന്ന രാഷ്ട്രീയ വിഷയമായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ അന്തിമവിധിക്കും അപ്പുറമാണ് ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും നില്‍പ്പ് എന്ന് വന്നിരിക്കുന്നു. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ സുപ്രീം കോടതി വിധിയെ പുച്ഛിച്ചു തള്ളുന്നു.

യഥാര്‍ഥത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം വേണമെന്ന വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുന്ന വിധിയാണ് സുപ്രീം കോടതിയുടേത്. ജെന്‍ഡര്‍ റൈറ്റ്, ജെന്‍ഡര്‍ ജസ്റ്റിസ് എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ലോകമെങ്ങും ശക്തമായ വികാരമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്നും ഓര്‍ക്കണം. അതുകൊണ്ട് തന്നെയാണ് സുപ്രീം കോടതി ചരിത്ര പ്രധാനമായ വിധിയെഴുതിയത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കോ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനോ മറിച്ചൊരഭിപ്രായമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് വേണ്ടി ശബരിമല നട ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളുടെയും നട തുറന്നിടണമെന്ന് തന്നെയാണ് സംഘ്പരിവാര്‍ സംഘടനകളുടെയൊക്കെയും നിലപാട്. പക്ഷേ, ശബരിമലയില്‍ ബി ജെ പി പെട്ടെന്ന് നിലപാട് മാറ്റി. പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും. നിലപാട് മാറിയതോടെ സമരത്തിന്റെയും പ്രതിഷേധത്തിന്റെയും വേലിയേറ്റമായി. ശബരിമല അതിശക്തമായ രാഷ്ട്രീയ വടംവലിയുടെ കേന്ദ്രബിന്ദുവായി മാറുകയായിരുന്നു.

എല്ലാ രാഷ്ട്രീയ കക്ഷികളും ഇതില്‍ രാഷ്ട്രീയം കാണുന്നുണ്ട്. രാഷ്ട്രീയ ലാഭം കൊയ്‌തെടുക്കാന്‍ കോപ്പ് കൂട്ടുന്നുണ്ട്. സി പി എം മാത്രമാണ് സ്വന്തം നിലപാടില്‍ ഉറച്ചുനിന്നത്. ഇടതു മുന്നണിയും. അതാകട്ടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ബന്ധ ബുദ്ധി ഒന്നുകൊണ്ട് മാത്രം. വിധി എന്തായാലും നടപ്പാക്കാന്‍ തയ്യാറാവുമെന്ന് തന്നെയായിരുന്നു വിധി വരും മുമ്പെ സി പി എം നേതൃത്വം പറഞ്ഞുവെച്ചത്. പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് സി പി എമ്മിന്റെ പുറപ്പാട്. അതാകട്ടെ, കേരള രാഷ്ട്രീയത്തില്‍ പുതിയൊരു സംഘര്‍ഷമായി മാറിയിരിക്കുകയും ചെയ്തിരിക്കുന്നു.

ശബരിമലയും വിശ്വാസവുമൊക്കെ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ പോരുന്ന കനപ്പെട്ട വിഷയമാണെന്ന് തന്നെയാണ് ബി ജെ പി കണക്കുകൂട്ടുന്നത്. പ്രത്യക്ഷമായി രാഷ്ട്രീയമൊന്നും പറയാതെ പ്രാര്‍ഥനയുമായി തെരുവിലിറങ്ങിയ വിശ്വാസികള്‍ തന്നെയാണ് ബി ജെ പിയുടെ ലക്ഷ്യം. തൊട്ടടുത്ത് ആര്‍ എസ് എസുമുണ്ട്. രാഷ്ട്രീയമില്ലാത്ത എന്‍ എസ് എസും സമുദായാംഗങ്ങളും രാഷ്ട്രീയമായി നോക്കുമ്പോള്‍ ബി ജെ പിയും സംഘ്പരിവാറും കാലുറപ്പിച്ചിരിക്കുന്ന ധ്രുവത്തില്‍ തന്നെയാണ് നിലകൊള്ളുന്നത്. ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും ഒപ്പമുണ്ട്. ഇതിനിടക്ക് തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയിലെത്തി ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

എങ്കിലും സാക്ഷാല്‍ വെള്ളാപ്പള്ളി നടേശന്‍ സംഘ്പരിവാറിനോടൊപ്പം നില്‍ക്കാന്‍ പൂര്‍ണ മനസ്സ് കാണിക്കുന്നില്ലെന്നതാണ് വസ്തുത. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോടൊപ്പം നിലയുറപ്പിക്കാന്‍ സാധാരണ ഗതിക്ക് വെള്ളാപ്പള്ളി നടേശനാകില്ല. നായര്‍ സമുദായത്തോടൊപ്പം തോളുരുമ്മി നില്‍ക്കാന്‍ ഈഴവ സമുദായത്തിനും കഴിയില്ല. കേരള രാഷ്ട്രീയത്തിലെ അതിപ്രധാനമായൊരു ചേരിതിരിവാണിത്. പിണറായി വിജയന് ഇത് നന്നായറിയാം. ഇതിനൊക്കെ പുറമേയാണ് ദളിതരും അധഃസ്ഥിതരുമായ നിരവധി വിഭാഗങ്ങള്‍. ഇങ്ങനെയൊരു ചേരിതിരിവ് കേരളത്തിലെ ഹിന്ദു സമൂഹത്തില്‍ വ്യക്തമായി രൂപമെടുക്കുന്നുണ്ട്. അല്ലെങ്കില്‍ തന്നെ സി പി എമ്മിന്റെ വിശാലമായ അടിത്തറയുടെ ശക്തി ഈഴവരാദി പിന്നാക്ക വിഭാഗക്കാരും ദളിത് വിഭാഗങ്ങളും തന്നെ.

ഇവിടെയാണ് കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നു, അതിന്റെ നേട്ടം എങ്ങനെയൊക്കെ എന്ന ചോദ്യം ഉയരുന്നത്. വിശ്വാസി സമൂഹത്തോടൊപ്പം നില്‍ക്കുക എന്നത് തന്നെയാണ് കോണ്‍ഗ്രസിന്റെ മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴി. പക്ഷേ, ആ വഴി ബി ജെ പിയും സംഘ്പരിവാറും നേരത്തെ തന്നെ കൈയടക്കിക്കഴിഞ്ഞിരുന്നു. തെരുവിലിറങ്ങിയ നായര്‍ സമുദായാംഗങ്ങളും ബി ജെ പിയെ തന്നെയാണ് തുണയായി കണ്ടത്. ഇത് കോണ്‍ഗ്രസിന് ക്ഷീണമാകാനാണ് സാധ്യത. ശബരിമല വിഷയത്തില്‍ പുതിയൊരു ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. സംഘര്‍ഷ വഴിയിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിയുകയുമില്ല.

2019ലെ തിരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരണ വിഷയമായി ശബരിമല ഉയര്‍ന്നുവരുമ്പോള്‍ ലാഭവും നഷ്ടവും ആര്‍ക്കൊക്കെയായിരുന്നുവെന്ന് പറയാറായിട്ടില്ലെങ്കിലും ബി ജെ പി സംസ്ഥാന നേതൃത്വം ഉത്സാഹത്തിലാണ്. രണ്ട് മുന്നണികള്‍ക്കുമിടയില്‍ ഒരു ഇടം കണ്ടെത്താന്‍ വര്‍ഷങ്ങളായി ശ്രമിക്കുന്ന ബി ജെ പി, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കുറിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാകും. ഏത് കച്ചിത്തുരുമ്പിലും കടന്നുപിടിക്കും. ശബരിമല ഇപ്പോള്‍ ബി ജെ പിയുടെ കൈയില്‍ വന്നിരിക്കുന്ന കനപ്പെട്ട വിഷയമാണ്. ലോക്‌സഭയിലേക്കുള്ള 20 സീറ്റുകളില്‍ നല്ലൊരു പങ്കും കൈയില്‍ കിട്ടണമെന്ന് പിണറായിക്കുമുണ്ട് മോഹം. ഡല്‍ഹി ഭരണം പിടിച്ചടക്കാന്‍ വെമ്പുന്ന കോണ്‍ഗ്രസിനും ഇത് പ്രധാനം തന്നെ.
ശബരിമലയിലേക്ക് എല്ലാ നേതാക്കളും ഉറ്റുനോക്കുകയാണ്.