ശബരിമലയില്‍ ആക്രമണം നടത്തിയത് ആര്‍എസ്എസ് പരിശീലനം നല്‍കിയ ക്രിമിനലുകള്‍: മുഖ്യമന്ത്രി

Posted on: October 25, 2018 7:00 pm | Last updated: October 25, 2018 at 7:37 pm

കോട്ടയം: ശബരിമല സത്രീ പ്രവേശന വിധി നടപ്പാക്കുമെന്ന നിലപാട് ആവര്‍ത്തിച്ചുറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തീപ്പൊരിയും പിപ്പിരിയും കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇതെന്നു പറഞ്ഞ മുഖ്യമന്ത്രി ചിലര്‍ കോപ്രായം കാണിച്ചാല്‍ മതനിരപേക്ഷത തകര്‍ക്കാനാകില്ലെന്നും പറഞ്ഞു. ശബരിമലയെ തകര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു നേതാവ് ചോര വീഴ്ത്താനുള്ള സംഘത്തെ ഒരുക്കിയത് ശബരിമലയെ തകര്‍ക്കാനാണ് . ആര്‍എസ്എസ് പ്രത്യേകം പരിശീലനം നല്‍കിയ ക്രിമിനലുകളാണ് ശബരിമലയില്‍ ആക്രമണം നടത്തിയത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനെതിരെയാണ് ഇവരുടെ സമരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ ഇത്ര ക്രൂരമായി ആക്രമിക്കപ്പെട്ടത് ശബരിമലയില്‍വെച്ചാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിനെതിരെയാണ് ആര്‍എസ്എസ് നിലകൊള്ളുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകള്‍ ബിജെപിയുടെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോട്ടയത്ത് ശബരിമല രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി