എയര്‍സെല്‍ മാക്‌സിസ് കേസില്‍ പി ചിദംബരം ഒന്നാം പ്രതി

Posted on: October 25, 2018 3:13 pm | Last updated: October 26, 2018 at 9:24 am

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ ഒന്നാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ചിദംബരം ഉള്‍പ്പെടെ ഒമ്പത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. നേരത്തെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കേസ് നവംബര്‍ 26ന് പരിഗണിക്കും. 2006ല്‍ ചിദംബരം ധനമന്ത്രിയായിരിക്കേ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്നുവരെ ചിദംബരത്തേയും മകന്‍ കാര്‍ത്തി ചിദംബരത്തേയും അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്‌സമെന്റ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.