കലാപത്തിനുള്ള ഗൂഢാലോചനക്ക് രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കി: മന്ത്രി കടകംപള്ളി

Posted on: October 25, 2018 11:48 am | Last updated: October 25, 2018 at 2:50 pm

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹവും ഭക്തരോടുള്ള ദ്രോഹവുമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കലാപത്തിനുള്ള ഗൂഢാലോചനക്ക് രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കി. ശബരിമലയില്‍ രക്തമൊഴുക്കി അക്രമം നടത്താനായിരുന്നു ശ്രമം. ശബരിമല വിഷയത്തില്‍ ഗുഢാലോചന നടന്നതായി രാഹുല്‍ ഈശ്വര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.

കലാപത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നതായുള്ള സംശയങ്ങള്‍ സത്യമായിരുന്നെന്ന് അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ വ്യക്തമാക്കുന്നു. യുദ്ധത്തിന് സമാനമായ തന്ത്രങ്ങളാണ് ആവിഷ്‌കരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവിടെനിന്ന് മാറേണ്ടിവന്നത് കലാപശ്രമം നടക്കുന്നതായുള്ള ബോധ്യത്തിലാണ്. രാഹുല്‍ ഈശ്വറിനെ പോലെ മനോവൈകൃതമുള്ളവരുടെ പ്രവൃത്തികള്‍ക്ക് അനുകൂലമായ സാഹചര്യം അനുവദിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.