സഊദിക്കെതിരെ നടപടിക്കൊരുങ്ങി യു എസ്

Posted on: October 25, 2018 9:28 am | Last updated: October 25, 2018 at 9:28 am

വാഷിംഗ്ടണ്‍: ജമാല്‍ ഖശോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് സഊദിക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക. വിവിധ രാജ്യങ്ങള്‍ ശക്തമായ നിലപാടുമായി രംഗത്തെത്തിയത് സഊദിയെ നയതന്ത്ര പ്രതിസന്ധിയിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജമാല്‍ ഖശോഗിയുടെ വധവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. സഊദിക്കെതിരായ നയതന്ത്ര നടപടിയുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് സൂചന.

21 സഊദി ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് യു എസ് വിദേശകാര്യ മന്ത്രാലയം സൂചന നല്‍കി. ഇതോടെ ഇവര്‍ക്ക് ഭാവിയിലും അമേരിക്കയിലേക്കുള്ള വിസ ലഭിക്കുന്നതിനുള്ള സാധ്യത അസ്തമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖശോഗിയുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയും അതിന് സഹായിച്ചവരെയും വിലക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.

ഈ ശിക്ഷാ നടപടികള്‍ ഈ വിഷയത്തിലെ അമേരിക്കയുടെ അവസാന നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിസ നിഷേധിക്കുന്ന വിഷയത്തില്‍ അമേരിക്ക അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോംപിയോ അറിയിച്ചു.
അതിനിടെ, ഖശോഗിയുടെ മരണത്തിന് പിന്നാലെ സഊദി അറസ്റ്റ് ചെയ്ത 18 പേര്‍ക്കും പുറത്താക്കിയ അഞ്ച് ഉദ്യോഗസ്ഥര്‍ക്കും കൊലപാതകവുമായി ബന്ധമില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായിയും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന സഊദ് അല്‍ ഖഹ്താനിയടക്കമുള്ളവരെയായിരുന്നു പുറത്താക്കിയിരുന്നത്. ഇനിയും ഖശോഗി വധവുമായി ബന്ധപ്പെട്ട് കൂടുതല്‍ രാജ്യങ്ങള്‍ സഊദിക്കെതിരെ കടുത്ത നിലപാട് എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.