കണ്ണൂരില്‍ ആദ്യ വിമാനമിറങ്ങുന്നത് അമിത് ഷാ; തിരഞ്ഞെടുപ്പ് കരുനീക്കങ്ങള്‍ക്കായി ബി ജെ പി അധ്യക്ഷനെത്തുന്നു

Posted on: October 25, 2018 9:18 am | Last updated: October 25, 2018 at 10:36 am

കണ്ണൂര്‍: ഉദ്ഘാടനം കാത്തിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യം പറന്നിറങ്ങുന്നത് ബി ജെ പി ദേശീയ പ്രസിഡന്റ് അമിത് ഷാ. ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രത്യേക വിമാനത്തില്‍ 27ന് രാവിലെ പത്തിന് അമിത്ഷാ കണ്ണൂരിലെത്തുന്നതെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാല്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനത്തിലുപരി കൃത്യമായ രാഷ്ട്രീയ ലക്ഷ്യവുമായാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. സംസ്ഥാനത്തെ പുതിയ സാഹചര്യത്തില്‍ ശബരിമല വിവാദവും മറ്റും എങ്ങനെ തിരഞ്ഞെടുപ്പില്‍ നേട്ടമാക്കി മാറ്റാമെന്ന കുതന്ത്രങ്ങളുമായാണ് വരവ്. ഇതിനായുള്ള പദ്ധതികളാണ് കണ്ണൂര്‍ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂരില്‍ നിന്ന് തുടക്കം കുറിക്കുക എന്നതാണ് ലക്ഷ്യം.

ആദ്യമായാണ് ഒരു ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി അമിത്ഷാ നേരിട്ടെത്തുന്നത്. നേരത്തെ കരിപ്പൂരില്‍ വിമാനമിറങ്ങി കണ്ണൂരിലേക്ക് റോഡ് മാര്‍ഗം വരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വെച്ച് തന്നെയാണ് സി പി എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയില്‍ ഉദ്ഘാടനം പോലും കഴിയാത്ത വിമാനത്താവളത്തില്‍ ആദ്യമിറങ്ങാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അപേക്ഷയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അനുമതി നല്‍കുകയായിരുന്നു. കണ്ണൂരില്‍ അമിത്ഷാ ആദ്യ വിമാനമിറങ്ങുന്നത് ദേശീയതലത്തില്‍ തന്നെ ബി ജെ പി പ്രചാരണമാക്കും. അദ്ദേഹത്തിന് വലിയ സ്വീകരണം നല്‍കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. വിമാനത്താവളം മുതല്‍ ഉദ്ഘാടന വേദി വരെ നീണ്ടുനില്‍ക്കുന്ന വരവേല്‍പ്പാണ് ഒരുക്കുക. ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്രയും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ്.

ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് പുറമെ സംസ്ഥാനത്ത് രണ്ട് പരിപാടികളാണ് അദ്ദേഹത്തിനുള്ളത്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കുന്നതാണ് ഒന്ന്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സി പി എമ്മുകാര്‍ കൊലപ്പെടുത്തിയതെന്ന് കരുതുന്ന ഉത്തമന്‍, മകന്‍ രമിത്ത് എന്നിവരുടെ വീടാണ് സന്ദര്‍ശിക്കുക. കേരളത്തിലെ രാഷ്ട്രീയ കൊലപാതക വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കുകയാണ് ലക്ഷ്യം. ഇതിനായാണ് ശബരിമല വിഷയത്തില്‍ കൃത്യമായ നിലപാടുമായി മുന്നോട്ട്‌പോകുന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരായ സംഘ്പരിവാര്‍ പ്രചാരണം ദേശീയതലത്തില്‍ ശക്തമാക്കും.

നേരത്തെ കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റായിരിക്കെ നടത്തിയ ജനരക്ഷാ യാത്രയില്‍ ഒമ്പത് കിലോമീറ്റര്‍ അമിത്ഷാ കാല്‍നടയായി സഞ്ചരിച്ചിരുന്നു. തുടര്‍ന്ന് മടങ്ങിയ അദ്ദേഹം യാത്ര മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയില്‍ എത്തുമ്പോള്‍ പങ്കെടുക്കാന്‍ വരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര ജനപങ്കാളിത്തമില്ലാത്തിനാലും യാത്രക്കിടെയുണ്ടായ ചില വിവാദങ്ങളെ തുടര്‍ന്നും അദ്ദേഹം പിണറായിയില്‍ എത്തിയില്ല. ഇത് സി പി എമ്മും മറ്റും വലിയ പ്രചാരണമാക്കി. ഇത് കൂടി മുന്‍നിര്‍ത്തിയാണ് പിണറായിയിലെ ബലിദാനികളുടെ വീട്ടില്‍ അമിത്ഷാ സന്ദര്‍ശിക്കുന്നത്.

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ദേശീയതലത്തിലും മറ്റും നടത്തുന്ന പ്രചാരണങ്ങള്‍ കേരളത്തിലും ശക്തമാക്കാന്‍ അദ്ദേഹം പദ്ധതിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതുതായി പണി കഴിപ്പിച്ച ജില്ലാ കമ്മിറ്റി ഓഫീസില്‍ അമിത്ഷായുടെ നിര്‍ദേശ പ്രകാരം ഇലക്ഷന്‍ വാര്‍ റൂം എന്ന പേരില്‍ ഒരു പ്രത്യേക കേന്ദ്രം ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടറുകളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി തിരഞ്ഞെടുത്ത വിദഗ്ധരെ ഉള്‍പ്പെടുത്തി ഈ റൂം കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയകളില്‍ സജീവമായി ഇടപെടും. ബി ജെ പിയുടെ സോഷ്യല്‍ മീഡിയകളിലെ പ്രചാരണത്തിന്റെ ഒരു കേന്ദ്രായി ഈ റൂം മാറും. കണ്ണൂരിലെ പരിപാടികള്‍ക്ക് ശേഷം വര്‍ക്കലയിലെ ശ്രീനാരായണ വിഭാഗത്തിന്റെ പൊതുപരിപാടിയിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.
ശബരിമല വിഷയത്തില്‍ ബി ഡി ജെ എസ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം സജീവമായി ബി ജെ പിക്കൊപ്പം സമരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ വെള്ളാപ്പള്ളി നടേശന് ബി ജെ പിയുമായി അത്ര സ്വരചേര്‍ച്ചയില്ല. ഈ അവസരത്തിലാണ് വര്‍ക്കലയിലെ ശ്രീനാരായണ വിഭാഗത്തിന്റെ പരിപാടിയില്‍ പ്രത്യേക ക്ഷണിതാവായി അദ്ദേഹം എത്തുന്നതെന്നത് ശ്രദ്ധേയമാണ്. വര്‍ക്കലയിലെ സന്യാസികളുമായുള്ള ബന്ധം ശക്തിപ്പെടുത്തി ഈഴവ വിഭാഗത്തിന്റെ പിന്തുണ ബി ജെ പിക്കുണ്ടെന്ന് വരുത്തിതീര്‍ത്ത് വെള്ളാപ്പള്ളിക്ക് ഒരു തിരിച്ചടി നല്‍കുകയെന്നതാണ് ലക്ഷ്യം വെക്കുന്നത്.