Connect with us

Ongoing News

അവസാന പന്തില്‍ ബൗണ്ടറി നേടി വിന്‍ഡീസ്‌; ആവേശക്കളി ടൈ !

Published

|

Last Updated

വിശാഖപ്പട്ടണം: അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന ഇന്ത്യാ- വെസ്റ്റിന്‍ഡീസ് രണ്ടാം ഏകദിന പോരാട്ടം ടൈയില്‍ കലാശിച്ചു. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ അഞ്ച് റണ്‍സായിരുന്നു വെസ്റ്റിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ബാറ്റ് ചെയ്ത ഹോപ്പ് പന്ത് പോയിന്റിലൂടെ ബൗണ്ടറിയിലേക്ക് തിരിച്ചുവിട്ടു. സ്‌കോര്‍: ഇന്ത്യ 321/6, വെസ്റ്റിന്‍ഡീസ് 321/7. തകര്‍പ്പന്‍ സെഞ്ച്വറിയുമായി നിറഞ്ഞാടിയ ഹോപ്പാണ് ഇന്ത്യന്‍ വിജയം അകറ്റിയത്. 134 പന്തുകളില്‍ മൂന്ന് സിക്‌സറും പത്ത് ബൗണ്ടറികളും ഉള്‍പ്പെടെ ഹോപ്പ് 123 റണ്‍സെടുത്തു. ട്വന്റി20 ശൈലിയില്‍ ബാറ്റേന്തിയ ഹെറ്റ്‌മെയര്‍ ഹോപ്പിന് ഉറച്ച പിന്തുണയാണ് നല്‍കിയത്. 64 പന്തില്‍ ഏഴ് സിക്‌റുകളും നാല് ബൗണ്ടറികളും ഉള്‍പ്പെടെ താരം 94 റണ്‍സ് നേടി. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ പതിനാല് റണ്‍സായിരുന്നു വിന്‍ഡീസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ട് ബൗണ്ടറികള്‍ ഉള്‍പ്പെടെ പതിമൂന്ന് റണ്‍സ് നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, കരിയറിലെ 37ാം സെഞ്ച്വറിയും ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10000 റണ്‍സും നേടിയ നായകന്‍ വിരാട് കോഹ് ലിയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ വലിയ സ്‌കോര്‍ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അന്‍പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചു കൂട്ടിയത് 321 റണ്‍സ്. ഇതില്‍ 157* റണ്‍സും കോഹ്‌ലിയുടെ സംഭാവന. 130 പന്തുകളില്‍ നാല് സിക്‌സറുകളും 13 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്. അമ്പട്ടി റായിഡു 73ഉം ശിഖര്‍ ധവാന്‍ 29 റണ്‍സുമെടുത്തു.

എംഎസ് ധോണി (20), ഋഷാഭ് പന്ത് (17), രവീന്ദ്ര ജഡേജ (13), രോഹിത് ശര്‍മ (നാല്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സമാന്മാര്‍. മുഹമ്മദ് ഷാമി (പൂജ്യം) പുറത്താകാത നിന്നു. 40 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഇന്ത്യക്ക് മൂന്നാം വിക്കറ്റില്‍ കോഹ്‌ലി അമ്പട്ടി റായിഡു സഖ്യം കൂട്ടിച്ചേര്‍ത്ത 139 റണ്‍സാണ് കരുത്തായത്. ഇതിനിടെ കോഹ്‌ലി ഏകദിനത്തില്‍ പതിനായിരം റണ്‍സും തികച്ചിരുന്നു.

വെസ്റ്റിന്‍ഡീസിനായി ആഷ്‌ലി നഴ്‌സ്, ഓബദ് മക്കോയ് എന്നിവര്‍ രണ്ട് വീതവും കെമര്‍ റോച്ച്, മര്‍ലോണ്‍ സാമുവല്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഗുവാഹത്തിയില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഖലീല്‍ അഹമ്മദിനു പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. അതേസമയം, വിന്‍ഡീസ് നിരയില്‍ ഇടംകയ്യന്‍ പേസ് ബോളര്‍ ഓബദ് മക്കോയ് അരങ്ങേറ്റം കുറിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലാണ്.