സധീര സാരഥി

സിറാജ് ദിനപത്രത്തിന്റെ നാലമത് എഡിഷന്‍ കണ്ണൂരിലാണ്. കണ്ണൂര്‍ എഡിഷന്‍ ഹംസ ഉസ്താദിന്റെതാണ്. ഒരു ദിനപത്രം നടത്തുക എന്നത് ഏറെ ശ്രമകരമാണിന്ന്. അതും സിറാജ് പോലെ കണിശ അതിര്‍വരമ്പുകളുള്ള പത്രങ്ങള്‍ക്ക്. എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതില്‍ അസാമാന്യ ധീരതയാണ് ഉസ്താദ് പ്രകടിപ്പിച്ചത്. ഉസ്താദിന്റെ പൊതു ജീവിതം അടയാളപ്പെടുത്തിയ രണ്ടു സ്ഥാപനങ്ങളാണ് അല്‍ അബ്‌റാനും സിറാജ് കണ്ണൂര്‍ എഡിഷനും.
Posted on: October 24, 2018 8:46 pm | Last updated: October 24, 2018 at 10:44 pm

കന്‍സുല്‍ ഉലമാ കെ പി ഹംസ മുസ്‌ലിയാര്‍ ജന്മം കൊണ്ട് തളിപ്പറമ്പുകാരനാണ്. അറിയപ്പെടുന്നത് ചിത്താരി ഉസ്താദ് എന്ന പേരിലും. ചിലര്‍ അങ്ങിനെയാണ്. കര്‍മ്മ ഭൂമിയോട് ചേര്‍ത്തായിരിക്കും അറിയപ്പെടുക. പ്രശസ്തനായ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ പ്രിയ ശിഷ്യന്‍, വാഴക്കാട് ദാറുല്‍ ഉലൂമിലെ പഠനത്തിന് ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബിരുദം നേടി പുറത്തു വന്നു. സേവനമേഖലയുടെ തുടക്കത്തിലെ ഉസ്താദ് നല്ല പ്രസംഗ വൈഭവം തെളിയിച്ചു. സംഘാടക ശേഷി പ്രകടിപ്പിച്ചു. പെരുമാറ്റം വശ്യവും ശബ്ദം ഘനഗാംഭീരവും. ആഴത്തിലുള്ള അന്വേഷണവും സുചിന്തിര നിലപാടുകളും വളരെ വേഗം ഉസ്താദിനെ സംഘടനാ നേതൃനിരയില്‍ എത്തിച്ചു.

ആദര്‍ശത്തോടുള്ള പ്രതിബദ്ധത എടുത്തുപറയേണ്ടത് തന്നെ. 1970-ല്‍ സമസ്തക്ക് ജില്ലാ താലൂക്ക് ഘടകങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത് മുതല്‍ സംഘടനാ നേതൃനിരയിലേക്ക് കാലൂന്നാന്‍ തുടങ്ങി. ആ നല്ല തുടക്കം ഇന്നും വര്‍ധിത വീര്യത്തില്‍ നിലനില്‍ക്കുന്നു. താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയുമായും നൂറുല്‍ ഉലമാ എം എ ഉസ്താദുമായും സ്ഥാപിച്ച വ്യക്തിബന്ധവും അവിഭക്ത കണ്ണൂര്‍ ജില്ലയിലും വിഭജിത ജില്ലയിലും സുന്നത്ത് ജമാഅത്തിന്റെ സാരഥ്യത്തിലേക്ക് അദ്ദേഹത്തിന് പാതയൊരുക്കി. കണ്ണൂര്‍ ജില്ലാ സമസ്തയുടെ പ്രാസ്ഥാനിക രംഗത്ത് എടുത്ത് പറയാവുന്ന പുത്തന്‍ കാല്‍വെപ്പുകള്‍ നടത്തിയിട്ടുണ്ട്. ബോര്‍ഡിങ്ങ് മദ്രസകളും, മുതഅല്ലിം സ്‌കോളര്‍ഷിപ്പും സമന്വയ വിദ്യാഭ്യാസവും ജില്ലയുടെ സംഭാവനകളാണ്. താജുല്‍ ഉലമയുടെ ആത്മീയ നേതൃത്വവും നൂറുല്‍ ഉലമയുടെ ധൈഷണിക ചിന്തകളും ചിത്താരി ഉസ്താദിന്റെ യുവോര്‍ജവും ഈ മുന്നേറ്റങ്ങള്‍ക്കെല്ലാം പിന്നിലുണ്ട്.

അവിഭക്ത കണ്ണൂര്‍ ജില്ലയുടെ സംഭാവനയായ ജാമിഅ സഅദിയ്യ കെട്ടിപ്പൊക്കുന്നതില്‍ ആദര്‍ശ പ്രസ്ഥാനത്തിന്റെ നേതാക്കൊപ്പം ചിത്താരി ഉസ്താദും ഉണ്ട്. എം എ ഉസ്താദിന് പൂര്‍ണ്ണ പിന്തുണയുമായി. പിന്നീട് കണ്ണൂര്‍ ജില്ലയുടെ സ്വന്തം സ്ഥാപനമായി അല്‍മഖര്‍ സ്ഥപിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് ഹംസ ഉസ്താദാണ്. തളിപ്പറമ്പ് ബദരിയ്യ നഗറില്‍ തുടങ്ങിയ സ്ഥാപനം നാടുകാണിയിലെ വിശാലമായ കാമ്പസിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ അവിടം വിജനമായിരുന്നു. ചിലരുടെ ദൃഷ്്ടിയില്‍ നാടുകാണിയിലേക്കുള്ള മാറ്റം എടുത്തു ചാട്ടമായിരുന്നു. ഒഴിഞ്ഞ പ്രദേശമാണ്. കൂടെ പോകാന്‍ പോലും ആളുകള്‍ ധൈര്യം കാണിക്കാതിരുന്ന കാലത്ത്് അവിടെ ഒരു വിശിഷ്ട വൈജ്ഞാനിക കേന്ദ്രമാക്കി രൂപകല്‍പന ചെയ്യുകയും പ്രയോഗത്തില്‍ വരുത്തി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഉസ്താദിന്റെ സംരഭകത്വ സംഘാടക മികവിന് വേറെ തെളിവുകള്‍ ആവശ്യമില്ല. വിശാലമായ പ്രദേശം വിലക്കുവാങ്ങി. പുറമെ നിന്ന് വരുന്ന താമസക്കാര്‍ക്ക് വാങ്ങിയ സ്ഥലത്ത് നിന്ന് സ്ഥാപനത്തിന് വേണ്ടത്ര അടയാളപ്പെടുത്തി ബാക്കിയുള്ളത് വില്‍പന നടത്തി. അങ്ങിനെയാണ് നാടുകാണിയില്‍ നാട്ടുകാരെത്തിയത്. ഇതിന്റെ പിന്നിലെ ചിന്തയും നേതൃത്വവും ഉസ്താദ് തന്നെ.

ഇന്നവിടെ കെ ജി മുതല്‍ പി ജി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. പള്ളിയുണ്ട്, മറ്റു സൗകര്യങ്ങള്‍ എല്ലാമുണ്ട്. സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ കേന്ദ്രമുശാവറ അംഗമായി ഉസ്താദ് നിയുക്തനായത് 1981 ജൂണ്‍ 27-ന് ആണ്. അതിന് മുമ്പ് താലൂക്ക് ജില്ലാ മുശാവറയുടെ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്. സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന സാരഥികളില്‍ പ്രമുഖനായ ഉസ്താദ് 1996 മുതല്‍ 2001 വരെ രണ്ടു പ്രവര്‍ത്തനകാലം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനമലങ്കരിച്ചിട്ടുണ്ട്. 1974 മുതല്‍ പ്രാസ്ഥാനിക രംഗത്ത് പ്രക്ഷുബ്ധത കൂടി വരികയായിരുന്നു. കാരണം മുസ്‌ലിം ലീഗിലെ ഭിന്നിപ്പിനെതുടര്‍ന്ന് പണ്ഡിതരെയും സ്ഥാപനങ്ങളെയും നേതാക്കളെയും വീതം വെക്കാന്‍ തുടങ്ങി. യൂനിയന്‍ ലീഗ് പക്ഷത്തില്‍ പ്രത്യക്ഷത്തില്‍ വരാത്തത് വിമതന്‍മാരായി മുദ്ര കുത്തപ്പെട്ടു. അക്കൂട്ടത്തിലായിരുന്ന ഇ കെ അബൂബക്കര്‍ മുസ്‌ലിയാരും, ഇ കെ ഹസന്‍ മുസ്‌ലിയാരും, എ പി അബൂബക്കര്‍ മുസ് ലിയാരും, താജുല്‍ ഉലമാ തങ്ങളും നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരും കെ പി ഹംസ മുസ്‌ലിയാരുമടങ്ങുന്ന ഏറെ തിളങ്ങിയ നേതൃനിര സുന്നികളുടെ ആവേശവുമായി.

പ്രാസ്ഥാനിക രംഗത്ത് സത്യ വഴിയില്‍ ഉറച്ച് നിന്നതുകൊണ്ട് ഒരുപാട് സഹിച്ച നേതാക്കളില്‍ മുന്‍ നിരയില്‍ ചിത്താരി ഉസ്താദുമുണ്ട്. ഉസ്താദ് അണികള്‍ക്ക് നല്‍കിയ ഉപദേശവും ആര്‍ജവമുള്ള നേതൃത്വവും മാതൃതാ യോഗ്യമാണ്. തിളക്കമാര്‍ന്ന നേതൃത്വ നിരയുടെ ത്യാഗവും സമര്‍പ്പണവും ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ മതചരിത്രം മറ്റൊന്നായിത്തീരുമായിരുന്നു. ആദര്‍ശ പ്രസ്ഥാനത്തിന്റെ ശബ്ദം സമൂഹമധ്യത്തില്‍ ഉണ്ടാകുന്നില്ല. വ്യതിചലിത പ്രസ്ഥാനങ്ങള്‍ സര്‍വ്വ സജ്ജരായി നിര്‍ബാധം പ്രവര്‍ത്തിക്കുകയും സുന്നികള്‍ സഹിക്കുന്നവരായി മാറുകയും ചെയ്യുമായിരുന്നു.

സിറാജ് ദിനപത്രത്തിന്റെ നാലമത് എഡിഷന്‍ കണ്ണൂരിലാണ്. കണ്ണൂര്‍ എഡിഷന്‍ ഹംസ ഉസ്താദിന്റെതാണ്. ഒരു ദിനപത്രം നടത്തുക എന്നത് ഏറെ ശ്രമകരമാണിന്ന്. അതും സിറാജ് പോലെ കണിശ അതിര്‍വരമ്പുകളുള്ള പത്രങ്ങള്‍ക്ക്. എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതില്‍ അസാമാന്യ ധീരതയാണ് ഉസ്താദ് പ്രകടിപ്പിച്ചത്. ഉസ്താദിന്റെ പൊതു ജീവിതം അടയാളപ്പെടുത്തിയ രണ്ടു സ്ഥാപനങ്ങളാണ് അല്‍ അബ്‌റാനും സിറാജ് കണ്ണൂര്‍ എഡിഷനും. മുകളില്‍ പ്രതിപാദിച്ച അല്‍മഖറുസ്സുന്നിയ്യ ഉസ്താദിന്റെ വിയര്‍പ്പിന്റെ മണമുള്ള വിദ്യാഭ്യാസ സമുച്ഛയവുമാണ്. നമുക്ക് പിന്തുടരാന്‍ ചരിത്രത്തിലൂടനീളം അഇമ്മത്തും ഉലമാഉം ഉണ്ട്. കേരളം പണ്ഡിത പ്രതിഭകളുടെ നാടാണ്. ആത്മീയ യുഗ പുരുഷരുടെ മണ്ണാണ്. ഇല്‍മും വിശുദ്ധിയും വരും തലമുറയിലും ഉണ്ടാക്കിക്കൊടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് നമ്മുടെ നേതൃത്വം.