കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ശരീരം കോണ്‍ഗ്രസിലും മനസ്സ് ബിജെപിയിലും: പിണറായി

Posted on: October 24, 2018 7:59 pm | Last updated: October 24, 2018 at 10:22 pm

കൊല്ലം: ശബരിമലയില്‍ ക്യാമ്പ് ചെയ്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മതനിരപേക്ഷതക്ക് തടസം നില്‍ക്കുന്ന ആരെയും മാറ്റി നിര്‍ത്തുക നിസാരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയെ ക്രിമിനലുകളുടെ താവളമാക്കാന്‍ അനുവദിക്കില്ലെന്നും ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സുപ്രീം കോടതി വിധിക്ക് ശേഷം ബിജെപിയും ആര്‍എസ്എസും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. വിധിയുടെ പേരില്‍ കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാനായിരുന്നു ബിജെപിയുടെ ശ്രമം. മതനിരപേക്ഷതയുടെ മഹാശക്തികള്‍ക്ക് മുന്നില്‍ ഇവര്‍ ഒന്നുമല്ല. മതനിരപേക്ഷതയാണ് നാം അംഗീകരിച്ചിട്ടുള്ളത്. ഇത് തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. പുരുഷനൊപ്പം സ്ത്രീക്കും ആരാധനാ സ്വാതന്ത്യമുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പ് നല്‍കി. വിധി നടപ്പാക്കുക സര്‍ക്കാറിന്റെ ബാധ്യതയാണ്.

ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അക്രമികളെ സംഘപരിവാര്‍ എത്തിച്ചിരുന്നു. അവര്‍ക്കൊപ്പം ഓടുകയാണ് കോണ്‍ഗ്രസ്. കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേരത്തെ തന്നെ ബിജെപിയിലേക്ക് കാല്‍വെച്ചിരുന്നു. അവരുടെ ശരീരം മാത്രമാണ് കോണ്‍ഗ്രസിലുള്ളൂ. മനസ് ബിജെപിക്കൊപ്പമാണ്. ബിജെപി നടത്തിയ സമരത്തില്‍ കോണ്‍ഗ്രസുകാര്‍ ആളെ കൂട്ടി. കോണ്‍ഗ്രസുകാര്‍ക്ക് ഇടത്താവളമായി ബിജെപി സമരങ്ങള്‍ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.