Malappuram
പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: ഖത്വീബ് കോണ്‍ഫറന്‍സ്

മലപ്പുറം: രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വമെന്ന സംസ്‌കൃതിയെ തകര്‍ക്കുന്ന വിധത്തില്‍ ഏക സിവില്‍ കോഡ് എന്ന ആശയത്തിലേക്ക് നയിക്കുന്ന രൂപത്തിലുള്ള ഇടപെടലുകള്‍ ആശങ്കാജനകമാണെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മലപ്പുറത്ത് നടന്ന സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ഖത്വിബ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
മലപ്പുറം മഅ്ദിന്‍ എജ്യുപാര്‍ക്കില്‍ നടന്ന കോണ്‍ഫറന്‍സ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി അധ്യക്ഷത വഹിച്ചു.
എസ് എം എ സംസ്ഥാന സെക്രട്ടറി കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി “മിമ്പറും മിഹ്‌റാബും” എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍, മൊയ്തീന്‍കുട്ടി ബാഖവി പൊന്മള, ഇ യഅ്ഖൂബ് ഫൈസി, അബ്ദുലത്വീഫ് മുസ്ലിയാര്‍ മഖ്ദൂമി, പി അബ്ദു ഹാജി വേങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് ഖാസിം കോയ പൊന്നാനിയെ ചടങ്ങില്‍ ആദരിച്ചു. പത്തപ്പിരിയം അബ്ദുര്‍റഷീദ് സഖാഫി സ്വാഗതവും എം സുലൈമാന്‍ ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.