ശബരിമല മാസ്റ്റര്‍ പ്ലാന്‍: 142 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി

Posted on: October 23, 2018 9:42 pm | Last updated: October 23, 2018 at 9:42 pm

തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍പ്ലാനില്‍ 142 കോടിയുടെ പ്രോജക്ടുകള്‍ക്ക് പണം അനുവദിക്കാന്‍ കിഫ്ബി തീരുമാനം. പമ്പയില്‍ 10 എംഎല്‍ഡി സ്വീവേജ് ട്രീറ്റ്‌മെന്റ്പ്ലാന്റ്, നിലക്കലിലും റാന്നിയിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള ഭൌതികസൌകര്യങ്ങള്‍, എരുമേലിയിലും പമ്പയിലും കീഴില്ലത്തും ഇടത്താവളം തുടങ്ങിയവാണ് ഈ ഘട്ടത്തില്‍ പണി പൂര്‍ത്തീകരിക്കുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റ് ഫണ്ട് എന്ന ട്രസ്റ്റാണ് പദ്ധതിയുടെ എസ് പി വി. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുമെന്ന് എസ്പിവി ഉറപ്പുവരുത്തും. രണ്ടുവര്‍ഷത്തിനകം പമ്പയില്‍ സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. അടുത്ത അമ്പതു വര്‍ഷത്തെ ശബരിമലയുടെ വികസനം മുന്നില്‍ക്കണ്ടാണ് മാസ്റ്റര്‍ പ്ലാനിനു രൂപം നല്‍കിയിരിക്കുന്നത്.

ഇതിനുപുറമെ ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് കഴിഞ്ഞ വര്‍ഷം വകയിരുത്തിയ 140 കോടി ഇക്കൊല്ലം 200 കോടിയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മറ്റു നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 91.76 കോടിയും കുടിവെള്ളത്തിന് 1.22 കോടിയും ഈ സാമ്പത്തികവര്‍ഷമുണ്ട്. ശബരിമലയില്‍ പോലീസ് ഡ്യൂട്ടിയ്ക്ക് 8.5 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ഭക്തര്‍ക്കു വേണ്ട സൌകര്യങ്ങളൊരുക്കാന്‍ ശബരിമലയ്ക്കു സമീപമുള്ള പഞ്ചായത്തുകള്‍ക്ക് 3.2 കോടിയാണ് ഈ വര്‍ഷം വകയിരുത്തല്‍.

2016-17ലെ ബജറ്റിലാണ് ശബരിമലയ്ക്കായി ഈ മാസ്റ്റര്‍ പ്ലാന്‍ വിഭാവനം ചെയ്തത്.