Connect with us

Kerala

ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാൽ വലിയ ഭവിഷ്യത്തുകൾ ഉണ്ടാകും: മുഖ്യമന്ത്രി

Published

|

Last Updated

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകുവാനുള്ള ദേവസ്വം ബോർഡിൻറെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനസർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഏതാനും കൂട്ടരുടെ കോപ്രായം കണ്ടു നീങ്ങിയാൽ വലിയ ഭവിഷ്യത്ത് ഉണ്ടാകുമെന്നും ദേവസ്വംബോർഡിന് ഓർമ്മപ്പെടുത്തി. പത്തനംതിട്ടയിൽ എൽ ഡി എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയിൽ വരുന്നവർക്ക് സുരക്ഷയും ശാന്തിയും സൗകര്യവും സർക്കാർ നൽകും. തന്ത്രിയുടെ കോന്തലയിൽ തൂക്കിയിട്ട താക്കോലിൽ ആണ് ശബരിമലയിലെ അധികാരം എന്ന് തെറ്റിദ്ധരിക്കരുത്. ശബരിമല പന്തളം കൊട്ടാരത്തിൻെറയോ തന്ത്രിയുടെയോ സ്വത്തല്ല. ദേവസ്വം ബോർഡിൻറെതാണ്. അത് മനസിലാക്കണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

എല്ലാവർക്കും ദർശനത്തിന് പോകാവുന്ന കേന്ദ്രമാണ് ശബരിമല. അതിനെ അങ്ങിനെ അല്ലാതാക്കാനുള്ള നീക്കമാണ് ആർഎസ്എസ് നടത്തുന്നത്. സുപ്രീംകോടതി വിധിയെ ദുർബലപ്പെടുത്തുന്ന ഒരു നടപടിക്കും സർക്കാർ തയ്യാറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.