അമൃതസര്‍ ദുരന്തം: ജനങ്ങള്‍ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ദസറ സംഘാടകന്‍

Posted on: October 22, 2018 10:06 pm | Last updated: October 22, 2018 at 10:06 pm
SHARE

അമൃത്സര്‍: ട്രെയിന്‍ പാഞ്ഞുയകറി 61 പേര്‍ മരിച്ച സംഭവത്തില്‍, ട്രാക്കില്‍ നില്‍ക്കരുതെന്ന് ആളുകള്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ദസറ ആഘോഷങ്ങളുടെ സംഘാടകന്‍ സുരഭൂ മദന്‍ മിത്തു. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നുവെന്നും എട്ട് പത്ത് തവണ ട്രാക്കില്‍ നില്‍ക്കരുതെന്ന് അനൗണ്‍സ്‌മെന്റ് ചെയ്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

എല്ലാവരെയും ഒരുമിച്ച് കൂട്ടുവാനാണ് താന്‍ ദസറ ആഘോഷം സംഘടിപ്പിച്ചത്. ഇതിനായി എല്ലാ അനുമതികളും ലഭ്യമാക്കിയിരുന്നു. രാവണന്റെ കോലത്തിന് ചുറ്റും 20 അടി സ്ഥലം ഉണ്ടായിരുന്നു. ഫയര്‍ഫോഴ്‌സും വാട്ടര്‍ ടാങ്കറുകളും എല്ലാം സജ്ജമാക്കിയിരുന്നു. 100 പോലീസുകാരും അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ദോബി ഗട്ട് ഗ്രൗണ്ടില്‍വെച്ചാണ് പരിപാടി നടത്തിയത്. റെയില്‍വേ ലൈനില്‍ വെച്ചല്ല. ട്രാക്കില്‍ നില്‍ക്കരുതെന്ന് പലതവണ അണൗണ്‍സ് ചെയ്തതാണ് – എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു. അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് അദ്ദേഹം സംസാരിച്ചത്. തന്നോട് ശത്രുത ഉള്ള ചിലര്‍ സംഭവം മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന് ശേഷം മദന്‍ ഒളിവിലാണ്. സംഭവം നടന്ന ശേഷം ഒരു എസ് യുവി വാനില്‍ ഇയാള്‍ വീട്ടില്‍ നിന്ന് പോകുന്നത് സിസി ടിവിയിലുണ്ട്. വീട് പൂട്ടിക്കിടക്കുകയാണ്. അദ്ദേഹമാണ് അപകടത്തിന് ഉത്തരവാദിയെന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നത്. കുപിതരായ ജനങ്ങള്‍ വീടിന് നേരെ കല്ലേറ് നടത്തുകയും ചെയ്തിരുന്നു. മദനന് എതിരെ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രദേശത്തെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here