ചുളിവ് വീഴാത്ത അധ്വാനം

Posted on: October 22, 2018 6:42 pm | Last updated: October 22, 2018 at 6:44 pm

ചിലരുണ്ട്, നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും ഉള്ളുകൊണ്ട് അറിയാതെ പോകുന്നവര്‍. നമ്മുടെ ആഘോഷങ്ങളില്‍ ആദ്യ പേരുകാരല്ലാത്തവര്‍. ചിലപ്പോള്‍ ഓര്‍മയില്‍ പോലും വരാത്തവര്‍. വലിയ ക്യാന്‍വാസുള്ള ലോകത്ത് ചെറിയ മനസ്സുമായി നടക്കുന്ന നമ്മുടെ മുന്നില്‍ ആകാശത്തോളം വലുപ്പമുള്ള മനസ്സുമായി ജീവിക്കുന്നവര്‍. ഈ ഗണത്തില്‍പ്പെടുത്താം സത്യഭാമയെന്ന എഴുപത്താറുകാരിയെ. അധ്വാനം ആറ്റിക്കുറുക്കിയ ശരീരവുമായി സത്യഭാമ വീടുകള്‍ തോറും മില്‍മ പാല്‍വിതരണം തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. എത്ര ചെറുതാണെങ്കിലും ജോലിയിലെ സമര്‍പ്പണം ചിലരെ വലുപ്പമുള്ളവരാക്കും. ഉപജീവനത്തിനപ്പുറം തൊഴില്‍ ഉപാസനയാക്കിയവരുടെ ഗണത്തിലാണ് സത്യഭാമയും.

തലസ്ഥാനം
കണികാണുന്ന നന്മ
ജോലിക്കായി വെളുപ്പിന് നാലര മണിക്ക് പുറപ്പെട്ടാല്‍ സന്ധ്യ കഴിയുന്നതുവരെ അധ്വാനം. ദിവസവും എണ്‍പതിലേറെ വീടുകളിലും പ്രധാന അനാഥമന്ദിരമായ മഹിളാ മന്ദിരത്തിലും പാല്‍ വിതരണം ചെയ്യും. മഴയും വെയിലും മഞ്ഞും കാര്യമാക്കാതെ കൃത്യസമയത്ത് പാലുമായി വീട്ടുപടിക്കലുണ്ടാകും സത്യഭാമ. ചിലപ്പോള്‍ തലയില്‍ ഒരു തൊപ്പിയുണ്ടാകും. പെരുമഴയത്ത് നനഞ്ഞു കുളിച്ച് ഇരു കൈയിലും പാല്‍ സഞ്ചിയുമായി എത്തുമ്പോള്‍ ഒരു കുട പിടിച്ചു കൂടേ എന്ന് ചോദിക്കാറുണ്ട്. കുട പിടിച്ചാല്‍ രണ്ട് കൈയിലും പാല്‍ സഞ്ചി പിടിക്കാനാവില്ലെന്ന് ഉത്തരവും ചിരിയും ഒന്നിച്ചു വരും. ‘നനഞ്ഞാലും കവറുപാലിന് കുഴപ്പം വരാത്തപ്പോ എന്തിന് മഴ തീരാന്‍ കാത്തുനിന്ന് സമയം കളയണ’മെന്ന ചോദ്യവും. രാവിലെ ഒമ്പത് മണിയോടെ പാല്‍ വിതരണം പൂര്‍ത്തിയാകും. പിന്നെ നാലഞ്ചു വീടുകളില്‍ സഹായത്തിനായി പോകും. രാവിലെ പോകുന്ന വീട്ടില്‍ പ്രായമായ അപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ്്. അവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കണം. കൃത്യസമയത്തു തന്നെ അവിടെയെത്തണം. ജോലിയേക്കാള്‍ അവരോടുളള കരുതലാണ് സത്യഭാമയുടെ വാക്കുകളില്‍. അവര്‍ക്കൊപ്പം ഞാനും കഴിക്കും. പലപ്പോഴും ഉച്ച ഭക്ഷണം അവിടുന്നു തന്നെ. നാല് വീടുകളില്‍ മുറ്റം അടിക്കണം. ഒരു പക്ഷേ ഞാന്‍ സഹായിക്കുന്നതിനേക്കാള്‍ അവര്‍ എന്നെ സഹായിക്കുന്നതാകാം. റൊക്കം കാശ് കൊടുത്താണ് പാല്‍ വാങ്ങുന്നത്. ആരോടും കാശ് ആവശ്യപ്പെടാറുമില്ല. തനിക്കുളളത് കിട്ടുമെന്ന നിലപാടുകാരിയാണ്. ചില സഹായങ്ങള്‍ നിഷേധഭാവമില്ലാതെ എളിമയോടെ സ്വീകരിക്കുകയും ചെയ്യും.

ഒന്നു രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഒരു ചെറുപ്പക്കാരന്‍ കാറില്‍ നിന്നിറങ്ങി പോക്കറ്റില്‍ നിന്ന് കുറച്ച് കാശെടുത്തു തന്നു. വേണ്ടെന്ന ഭാവത്തില്‍ നിന്നപ്പോള്‍ നിര്‍ബന്ധിച്ചു കാശ് തന്നിട്ട് അടുത്ത കടയില്‍ നിന്ന് എന്തെങ്കിലും വാങ്ങിക്കഴിക്കണമെന്ന് പറഞ്ഞ ശേഷം കാറില്‍ കയറിപ്പോയി. അടുത്തിടെ വീടിനടുത്ത് വഴിയില്‍ വെച്ച് ദൂരെ നിന്നും ഓടി വന്ന് ഇദ്ദേഹം വീണ്ടും കാശ് തന്നു. സഞ്ചിയുമായി കൂനി നടക്കുന്നത് ശ്രദ്ധിക്കാറുണ്ടെന്നും കാറില്‍ വീട്ടില്‍ കൊണ്ടു വിടണോയെന്നും ചോദിച്ചു. വേണ്ടെന്ന് പറഞ്ഞിട്ട് എവിടെയാണ് മോന്റെ വീടെന്ന് തിരക്കി. അടുത്തുള്ള എല്‍ ഐ സി ലൈനിലാണെന്ന് കാണിച്ചുതന്നു. മൂന്നാഴ്ച മുമ്പ് ഒരു ദിവസം വഴിയിലെല്ലാം കാണുന്നത് വയലിനുമായി നില്‍ക്കുന്ന ഈ ചെറുപ്പക്കാരന്റെ ഫോട്ടോയുടെ താഴെ ആദരാഞ്ജലികള്‍ എന്നെഴുതിയ ബോര്‍ഡുകളാണ്. അപ്പോഴാണ് കാര്‍ നിര്‍ത്തി കാശുതന്ന ചെറുപ്പക്കാരന്‍ വയലിനിസ്റ്റ് ബാലഭാസ്‌കറാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം പോയി കാണാന്‍ മനസ്സു വന്നില്ല. ആ മുഖം പഴയതു പോലെ മനസ്സില്‍ നില്‍ക്കട്ടെ. നൊമ്പരം ഇനിയും വിട്ടുമാറുന്നില്ല.

ഭ്രമം അധ്വാനത്തോട് മാത്രം
കൃഷി ഉപജീവനമാക്കിയ അച്ഛന്‍ നാരായണ പിള്ളയുടെയും അമ്മ ഗോമതിയമ്മയുടെയും ആറ് മക്കളില്‍ മൂത്തവളായ സത്യഭാമക്ക് അധ്വാനിക്കാനുള്ള മനസ്സ് പൈതൃകമായി ലഭിച്ച സ്വത്താണ്. വലിയ കുടുംബത്തില്‍ അംഗമാണെങ്കിലും തിരുവനന്തപുരം തിരുമല കല്ലറമഠത്തിന് സമീപത്തെ ഷീറ്റിട്ട ചെറിയ വീട്ടില്‍ ഒറ്റക്കാണ് താമസം. ഭര്‍ത്താവ് കൃഷ്ണപിള്ള 16 വര്‍ഷം മുമ്പ് മരിച്ചു. വിവാഹം കഴിഞ്ഞ ഏകമകള്‍ സരസുവും തന്റെ സഹോദരങ്ങളും കൂടെ ചെന്നു നില്‍ക്കാന്‍ ഏപ്പോഴും വിളിക്കും. എന്നാല്‍, ഭര്‍ത്താവുമൊത്ത് കഴിഞ്ഞ വീട്ടില്‍ നിന്ന് മാറാന്‍ മനസ്സ് അനുവദിക്കുന്നില്ല. 23ാം വയസ്സിലായിരുന്നു വിവാഹം. 50 വര്‍ഷം മുമ്പ് കാട്ടാക്കടയിലുള്ള കുടുംബവീട്ടില്‍ നിന്ന് നഗരത്തിലെത്തിയപ്പോള്‍ ഭര്‍ത്താവുമൊന്നിച്ച് കെട്ടിയ വീടാണിത്. അധ്വാനത്തിന്റെ കരുതല്‍ കൊണ്ട് നിര്‍മിച്ച കൂര. ഇവിടെ നിന്ന് ഇനി എങ്ങോട്ടുമില്ല. ചെറിയ ചെറിയ ജോലികള്‍ ചെയ്താണ് അന്നും ജീവിച്ചിരുന്നത്. ഭര്‍ത്താവുമൊത്ത് വീടുകളില്‍ നിന്ന് ചോറുപൊതികള്‍ വാങ്ങി ഓഫീസുകളിലെത്തിക്കുന്നതായിരുന്നു അന്നത്തെ ഉപജീവന മാര്‍ഗം. സെക്രട്ടേറിയറ്റിലും സെന്‍ട്രല്‍ ജയിലിലുമടക്കം ചോറെത്തിക്കും. എല്ലായിടത്തും നടന്നു തന്നെയാണ് പോകുന്നത്. പിന്നെ വീട്ടുജോലിയും ചെയ്യും. മകളെ വിവാഹം ചെയ്തയച്ചത് കാട്ടാക്കടയിലാണ്. മകള്‍ക്ക് മൂന്ന് ആണ്‍മക്കള്‍. ഒരു മകന്റെ കൂടെയാണ് മകളുടെ താമസം. ചെറുമക്കള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ മരുമകന്‍ പെട്ടെന്ന് മരിച്ചു. അതിനു ശേഷമായിരുന്നു ഭര്‍ത്താവ് കൃഷ്ണപിള്ളയുടെ വിയോഗം. രണ്ട് വേര്‍പാടുകളും ആഘാതമായെങ്കിലും കുടുംബത്തിനായി തളരാതെ പിടിച്ചു നിന്നു.

അധ്വാനമൊഴികെ ഒന്നിനോടും സത്യഭാമക്ക് ഭ്രമമില്ല. മകളെയും ചെറുമക്കളേയും കാണണമെന്ന് തോന്നുമ്പോള്‍ ബസില്‍ കയറി അങ്ങോട്ട് പോകും. തങ്ങാന്‍ നിര്‍ബന്ധിച്ചാലും നില്‍ക്കാറില്ല. കാണണമെന്ന് തോന്നുമ്പോള്‍ മക്കളും സഹോദരങ്ങളും ഇങ്ങോട്ടു വരും. സഹോദരങ്ങളില്‍ രണ്ട് പേര്‍ ജീവിച്ചിരിപ്പില്ല. അവരുടെ മക്കളും വലിയ ഉദ്യോഗസ്ഥരാണ്. സഹോദരങ്ങളുമായും അവരുടെ മക്കളുമായും ഇപ്പോഴും നല്ല ബന്ധമാണ്. ആരോടും പിണക്കമില്ല. വനം വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത സഹോദരന്‍ മണികണ്ഠന്‍ നായര്‍ ഇടക്കിടെ ചേച്ചിയെ കാണാന്‍ കൊതിയാകുന്നുവെന്ന് പറഞ്ഞ് വിളിക്കും. ജോലി ചെയ്യുന്ന വീട്ടിലെ ഫോണിലേക്കാണ് വിളി. അവന്‍ കാണാന്‍ വരുന്നതിന് മുമ്പ് ഞാന്‍ അങ്ങോട്ട് പോയി കാണും. വെറുതേ അവനെ ബുദ്ധിമുട്ടിക്കേണ്ടല്ലോ. ഇളയ സഹോദരിമാരായ സരസ്വതിയും നിര്‍മലകുമാരിയും തിരുവനന്തപുരത്തു തന്നെയാണ് താമസം. അവരുടെ മക്കളുമായും നല്ല ബന്ധമാണ്.

ശാന്തികവാടം വരെ ജീവിതം സന്തോഷമാക്കുക
അധ്വാനം പരിഗണിച്ചാല്‍ സത്യഭാമക്ക് ലഭിക്കുന്ന പ്രതിഫലം തുച്ഛമാണ്. എന്നാല്‍, ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്നവര്‍ പോലും ജീവിതമെന്ന സത്യത്തേയും അതിലെ സന്തോഷത്തേയും സത്യഭാമയോളം ഉള്‍ക്കൊള്ളുന്നുണ്ടാവില്ല. ശാന്തികവാടത്തിലെത്തുന്നത് (തിരുവന്തപുരത്തെ മൃതദേഹ സംസ്‌കരണ കേന്ദ്രമാണ് ശാന്തികവാടം) വരെ ശാന്തമായും സന്തോഷമായും ജീവിക്കുക. ഇതാണ് ജീവിതത്തോടുള്ള സത്യഭാമയുടെ തത്വശാസ്ത്രം. ആരു വിളിച്ചാലും സ്വന്തം വീട്ടില്‍ തന്നെ നില്‍ക്കുന്നതിന് സത്യഭാമക്ക് കാരണമുണ്ട്. നമ്മുടെ വീടു വിട്ടുപോയി താമസമാക്കിയാല്‍ സ്വന്തം സന്തോഷവും കാലക്രമേണ അവരുടെ സന്തോഷവും കുറയും. ആരുടെയും സന്തോഷം കുറയാന്‍ പാടില്ല. എല്ലാ ദിവസവും ചായകുടിക്കുന്നവര്‍ക്ക് ഞാന്‍ പാലുമായി ചെന്നേ തീരൂ. അതിന് മുടക്കം വരുത്താനാകില്ല. പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും വിശ്രമം എടുക്കുന്നതിനെക്കുറിച്ചും ചോദിച്ചാല്‍, വീട്ടില്‍ വെറുതേയിരിക്കാനാകില്ലെന്ന് മറുപടി.

എപ്പോഴും സന്തോഷമായിരിക്കാന്‍ ചില ചിട്ടകള്‍ കാത്തു സൂക്ഷിക്കുന്നു സത്യഭാമ. ശരീരം അനുവദിക്കുന്നതു വരെ അധ്വാനിക്കുക, അധ്വാനത്തിന്റെ അളവുകോല്‍ പ്രതിഫലത്തിലല്ലാതെ ഫലപ്രാപ്തിയില്‍ കണക്കാക്കുക, അന്യനെ ദ്രോഹിക്കാതിരിക്കുക. ജീവിതത്തില്‍ ആരോടും കയര്‍ത്ത് സംസാരിച്ചതായി ഓര്‍മയില്ല. അതിനുള്ള അവസരവും ഒരുക്കിയിട്ടില്ല. കിലോമീറ്ററുകള്‍ നടന്നാണ് പണ്ടൊക്കെ ഓരോ സ്ഥലത്തും പോയിരുന്നത്. ഇപ്പോള്‍ എല്ലാവര്‍ക്കും ബൈക്കും കാറുമൊക്കെയായി. ഇപ്പോഴും കഴിയാവുന്നിടത്തൊക്കെ നടന്നു പോകും. മകളുടെ വീട്ടിലേക്ക് ബസിലും. ഇന്നത്തെ കുട്ടികളോട് പഴയ കാര്യങ്ങള്‍ പറഞ്ഞാല്‍ അവര്‍ അംഗീകരിക്കില്ല. അവരുടെ മനസ്സ് കൂടി കണക്കിലെടുത്ത് വേണം അവരോട് പെരുമാറാന്‍. ഏഴര പതിറ്റാണ്ടിന്റെ അനുഭവത്തില്‍ സത്യഭാമ പറയുന്നു.
സ്വന്തം കാര്യത്തിനപ്പുറം സമൂഹത്തിലെ കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും മാതൃകയാണ് സത്യഭാമ. പ്രളയത്തില്‍ കഷ്ടപ്പെട്ടവര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെറുതെങ്കിലും ഒരു സംഭാവന നല്‍കി. വിധവാ പെന്‍ഷനായി ലഭിച്ച 4500 രൂപയില്‍ നിന്ന് ഒരുവിഹിതം സന്തോഷമായാണ് നല്‍കിയതെന്ന് സത്യഭാമ പറയുന്നു. അവര്‍ നമ്മളേക്കാള്‍ കഷ്ടതയില്‍ ജീവിക്കുകയല്ലേ. കയറിക്കിടക്കാന്‍ ഒരു കൂരയെങ്കിലും നമുക്കുണ്ട്. വീടു മൊത്തം വെള്ളത്തില്‍ മുങ്ങിപ്പോയവര്‍ക്ക് നമ്മളാല്‍ കഴിയുന്നത് ചെയ്യുക. അത്രമാത്രം.

സ്വന്തം കാര്യം മാത്രം നോക്കുകയും അലസതയില്‍ മുഴുകുകയും ചെയ്യുന്നവര്‍ക്ക് പാഠപുസ്തകമാണ് സത്യഭാമ. നമ്മുടെ സമൂഹത്തില്‍ അധ്വാനിച്ചു ജീവിക്കുന്നവരില്‍ ഒരാള്‍ മാത്രമല്ല, അധ്വാനം ജീവിതചര്യയാക്കുകയും അതില്‍ ആനന്ദം കണ്ടെത്തി ജീവിക്കുകയും ചെയ്യുന്ന അപൂര്‍വം ചിലരുടെ പ്രതിനിധിയാണ് സത്യഭാമ. തകരഷീറ്റു കൊണ്ടു മറച്ച കൂരക്ക് കീഴെയിരുന്ന് അധ്വാനം നല്‍കുന്ന സംതൃപ്തി ആസ്വദിക്കുകയാണ് സത്യഭാമ. കേരളം കണികണ്ടുണരുന്ന നന്മ എന്ന പരസ്യവാചകത്തെ ഓര്‍മിപ്പിച്ച് പാലുമായി വീട്ടു പടിക്കലെത്തുന്ന നന്മയാണ് ഈ എഴുപത്തിയാറുകാരി.
.