Connect with us

Ongoing News

വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Published

|

Last Updated

ഗുവാഹത്തി: വെസ്റ്റ്ഇന്‍ഡീസ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് വിരാട് കൊഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും കൂറ്റന്‍ സെഞ്ച്വറികളുടെ ബലത്തില്‍ അനായാസ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 322 റണ്‍സെന്ന സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഒരിക്കല്‍ പോലും പതറിയില്ല. ആക്രമണ ക്രിക്കറ്റ് പുറത്തെടുത്ത കോഹ്‌ലിയും ശര്‍മയും ചേര്‍ന്ന് 47 പന്ത് ശേഷിക്കെ വിജയം ഇന്ത്യന്‍ തീരത്തടുപ്പിച്ചു.

ടോസ് നഷ്ടപ്പെട്ട് ബറ്റിംഗിനിറങ്ങിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റുകള്‍ കളഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് 322 എന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഷിംറോണ്‍ ഹെറ്റ്മിറിന്റെ (106) തകര്‍പ്പന്‍ സെഞ്ച്വറിയാണ് വിന്‍ഡീസ് ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്നത്. ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചഹല്‍ മൂന്നും രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. ഖലീല്‍ അഹമ്മദിനാണ് ഒരു വിക്കറ്റ്.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാമത്തെ ഓവറില്‍ തോമസിന്റെ പന്തില്‍ ശിഖര്‍ ധവാനാണ് (4) പുറത്തായത്. പിന്നാലെയെത്തിയ കോഹ്‌ലിയുമായി ചേര്‍ന്ന് മികച്ച ഇന്നിംഗ്‌സിനാണ് രോഹിത് ശര്‍മ പടുത്തുയര്‍ത്തിയത്.

27ാം ഓവറിലാണ് കോഹ്‌ലി സെഞ്ച്വറി തികച്ചത്. 36ാം ഏകദിന സെഞ്ച്വറി. റണ്‍ പിന്തുടര്‍ന്നുള്ള 22ാം സെഞ്ച്വറി. ഹോം ഗ്രൗണ്ടിലെ 15ാം സെഞ്ച്വറി. ക്യാപ്റ്റനായുള്ള 14ാം സെഞ്ച്വറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം സെഞ്ച്വറി… ഇങ്ങനെ പോകുന്നു കോഹ്‌ലീശതത്തിന്റെ സ്ഥിതിവിവരം.

കോഹ്‌ലി പുറത്താകും മുമ്പുതന്നെ 84 പന്തുകളില്‍ നിന്ന് രോഹിത് ശര്‍മയും സെഞ്ച്വറി തികച്ചു. കോഹ്‌ലിക്ക് പകരക്കാരനായെത്തിയ അമ്പാട്ടി റായ്ഡുവിന് കാര്യമായി ഒന്നും ചെയ്യേണ്ടി വന്നില്ല. സെഞ്ച്വറിക്ക് ശേഷം 33 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ ഒകു അര്‍ധ ശതകം കൂടി തന്റെ ഇന്നിംഗ്‌സില്‍ കൂട്ടിച്ചേര്‍ത്ത് (152) പുറത്താകാതെ നിന്നു. 15 ബൗണ്ടറികളും എട്ട് സിക്‌സറുകളുമാണ് ശര്‍മയുടെ ബാറ്റില്‍ നിന്ന് കുതിച്ചത്.
വിജയക്കുതിപ്പില്‍ രോഹിത് ശര്‍മക്ക് ഉറച്ച പിന്തുണ നല്‍കിയ റായ്ഡു 26 പന്തുകളില്‍ നിന്ന് 22 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇതോടെ 41.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.
വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി തോമസ്, കാജ് റോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.