Connect with us

Articles

ആ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Published

|

Last Updated

ഒടുവില്‍ സഊദി സമ്മതിച്ചു. കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി കൊല്ലപ്പെട്ടത് തന്നെ. സഊദി അറേബ്യ അറ്റോര്‍ണി ജനറല്‍ നേരിട്ടിറക്കിയ പത്രക്കുറിപ്പാണ് സത്യം വിളിച്ചു പറഞ്ഞിരിക്കുന്നത്. ഇസ്താംബുളിലെ സഊദി കോണ്‍സുലേറ്റിനകത്ത് “ചര്‍ച്ച” നടക്കുന്നിതിനിടെയുണ്ടായ മല്‍പ്പിടിത്തം മരണത്തില്‍ കലാശിച്ചുവെന്നാണ് അറ്റോര്‍ണി ജനറല്‍ ശൈഖ് സഊദ് അല്‍ മുജീബ് സ്ഥിരീകരിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ ബാക്കിയാണ്. എങ്ങനെ “ചര്‍ച്ച” മല്‍പ്പിടിത്തത്തിലെത്തി? മരണത്തില്‍ കലാശിക്കാന്‍ മാത്രം മാരകമായ മല്‍പ്പിടിത്തം നടത്താന്‍ ആളുകളെ അവിടെ ഒരുക്കി നിര്‍ത്തിയിരുന്നോ? മയ്യിത്ത് എവിടെ?
തുര്‍ക്കി വനിതയെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട കടലാസ് ജോലികള്‍ക്കാണ് ഖശോഗി ഇസ്താംബുളിലെ സഊദി എംബസിയില്‍ എത്തിയത്. എംബസിക്കകത്തേക്ക് അദ്ദേഹം കയറിപ്പോകുന്നത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്. ഒക്‌ടോബര്‍ രണ്ടിനായിരുന്നു അത്. പിന്നെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനായ ജമാല്‍ ഖശോഗി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടുവെന്നും അതിനുള്ള എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും തുര്‍ക്കി വ്യക്തമാക്കിയിരുന്നു. ഖശോഗി ക്രൂര ആക്രമണത്തിന് ഇരയായിരുന്നുവെന്നും ഇതിന്റെ തെളിവായി ശബ്ദശകലമുണ്ടെന്നും തുര്‍ക്കി അധികാരികള്‍ പറയുന്നു. ഔദ്യാഗികമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും ചില മാധ്യമങ്ങള്‍ പൊട്ടും പൊടിയും പരസ്യമാക്കിയിട്ടുണ്ട്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട് പോലും: “നിങ്ങള്‍ ഇത് പുറത്ത് പോയി ചെയ്യൂ. എനിക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെ”ന്ന്. കൊലയാളികള്‍ മറുപടി പറയുന്നുവത്രേ: “സഊദിയിലെത്തുമ്പോള്‍ തന്റെ കഴുത്തിന് മുകളില്‍ തലവേണമെങ്കില്‍ മിണ്ടാതിരുന്നോളൂ” എന്ന്. കോണ്‍സുലേറ്റ് കാര്യാലയങ്ങള്‍ എവിടെയാണെങ്കിലും അത് നിലനില്‍ക്കുന്ന രാജ്യത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നാണ് നയതന്ത്ര ചട്ടം. ഏത് രാജ്യത്തിന്റെയാണോ കാര്യാലയം അവരുടെ അധികാരപരിധിയില്‍ വരുന്നതാണ് ആ കെട്ടിട സമുച്ചയം. എന്നുവെച്ചാല്‍ ഖശോഗി കൊല്ലപ്പെട്ടത് തുര്‍ക്കിയില്‍ വെച്ചാണെന്ന് പറയാനാകില്ല. അകത്തേക്ക് കയറുന്നത് തെളിയിച്ചാല്‍ തുര്‍ക്കിയുടെ ഉത്തരവാദിത്വം തീര്‍ന്നു.
ഇക്കാര്യത്തില്‍ തുര്‍ക്കി പറഞ്ഞതാണ് ലോകം വിശ്വസിച്ചത്. സഊദിക്ക് നേരെ യു എന്‍ വിരല്‍ ചൂണ്ടി. ആദ്യം ഇടപെടാതെ നിന്ന അമേരിക്കയടക്കമുള്ള വന്‍ശക്തികള്‍ കുറ്റപ്പെടുത്തി രംഗത്ത് വന്നു. മാധ്യമ ലോകം ഒറ്റക്കെട്ടായി റിയാദിലേക്ക് ആരോപണ ശരങ്ങള്‍ എയ്തു. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് മരണം സ്ഥിരീകരിച്ച് സഊദി രംഗത്ത് വന്നിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഭരണകൂടത്തെ ഇത്തരമൊരു കുറ്റസമ്മതത്തിലേക്ക് നയിച്ചത് സാമ്പത്തിക ഉത്കണ്ഠകളായിരുന്നു. ബിസിനസ്സ് പങ്കാളികള്‍ ഓരോന്നായി അകലുന്നത് സഊദിയെ വല്ലാതെ ഉലച്ച് കളഞ്ഞു. 23 മുതല്‍ റിയാദില്‍ നടത്താനിരിക്കുന്ന അതിപ്രധാനമായ വ്യാപാര ഉച്ചകോടിയില്‍നിന്ന് യൂബര്‍ അടക്കമുള്ള പ്രമുഖ സംരംഭകര്‍ പിന്‍വാങ്ങിയത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌നപദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഉച്ചകോടി ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രധാന വരുമാനമായി എണ്ണ മാത്രം ആശ്രയിക്കേണ്ട അവസ്ഥ ഒഴിവാക്കി സൗദിയിലേക്ക് കൂടുതല്‍ വ്യവസായ ഭീമന്മാരെ ആകര്‍ഷിക്കാനുള്ള പദ്ധതിയാണ് വിഷന്‍2030. രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട സുപ്രധാന ഒത്തുചേരലായി എഫ് ഐ ഐയെ കാണുന്നത് അതുകൊണ്ടായിരുന്നു. പ്രമുഖ വ്യവസായ സംരംഭകനായ റിച്ചാര്‍ഡ് ബ്രാന്‍സണും ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. അമേരിക്കയും ഇ യുവും പിന്‍വാങ്ങി. കോര്‍പ്പറേറ്റ് ഭീമന്മാരായ സീമെന്‍സ്, മാസ്റ്റര്‍ കാര്‍ഡ് എന്നിവയും ഉച്ചകോടിയിലെ പങ്കാളിത്തം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചു. ഉച്ചകോടിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ന്യൂയോര്‍ക്ക്‌ടൈംസും സി എന്‍ എന്നും പിന്‍വാങ്ങി. ക്ഷണ നിരാസത്തിന്റെ സന്ദേശങ്ങള്‍ നിരന്തരം വന്ന് തുടങ്ങുകയും ഉച്ചകോടി പൊളിയുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ, ഒരു പക്ഷേ, ഡൊണാള്‍ഡ് ട്രംപിന്റെ തന്നെ ഉപദേശപ്രകാരമായിരിക്കാം ഖശോഗി തിരിച്ചു വരില്ലെന്ന് സഊദി ഏറ്റുപറഞ്ഞത്.

തുടക്കത്തില്‍ ആരോപണങ്ങളെ സഊദി ശക്തമായി പ്രതിരോധിച്ചിരുന്നു. ഏത് അന്വേഷണത്തിനും തയ്യാറാണ്; അടിസ്ഥാനരഹിതമായി ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് സഊദി അധികാരികള്‍ പ്രഖ്യാപിച്ചു. രാജകുടുംബത്തിന്റെ അടുത്ത സുഹൃത്തായ ഡൊണാള്‍ഡ് ട്രംപിനോട് കൊമ്പു കോര്‍ക്കുന്ന അങ്ങേയറ്റത്തെ പ്രതിരോധത്തിന് പോലും സഊദി തുനിഞ്ഞിറങ്ങി. ഒടുവിലിപ്പോള്‍ എല്ലാ ആരോപണങ്ങളും ശരിവെക്കുന്ന നിലയില്‍ ഖശോഗിയുടെ മരണം സ്ഥിരീകരിക്കുമ്പോള്‍ ഏറ്റവും ശക്തമായ അറേബ്യന്‍ രാജ്യം ചരിത്രത്തിലെ ഏറ്റവും വേദനാപൂര്‍ണമായ ഒറ്റപ്പെടലിലേക്ക് കൂപ്പുകുത്തുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 18 സഊദി പൗരന്‍മാരെ അറസ്റ്റ് ചെയ്തുവെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്. റോയല്‍ കോര്‍ട്ട് ഉപദേശകന്‍ സഊദ് അല്‍ ഖഹ്താനി, രഹസ്യാന്വേഷണ ഉപമേധാവി അഹ്മദ് അല്‍ അസിരി തുടങ്ങി പ്രമുഖരെ തത്സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കയിട്ടുമുണ്ട്. സമഗ്ര അന്വേഷണം നടക്കുമെന്നും പ്രഖ്യാപനമുണ്ട്. പക്ഷേ അതൊന്നും ഭരണകൂടത്തിന്റെ പങ്ക് സംബന്ധിച്ച് ചോദ്യങ്ങളെ അടയ്ക്കാന്‍ ഉപകരിക്കുമെന്ന് തോന്നുന്നില്ല. ചോദ്യങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കും. ഖത്വര്‍- സഊദി ബന്ധവിച്ഛേദനത്തിന് ശേഷം ലോക രാഷ്ട്രങ്ങള്‍ സഊദി പക്ഷം, സഊദി വിരുദ്ധ പക്ഷമെന്ന് രണ്ടായി പിളര്‍ന്നിട്ടുണ്ട്. ഇറാനും തുര്‍ക്കിയും നേതൃത്വം നല്‍കുന്ന വിരുദ്ധ പക്ഷത്തിന് ഖശോഗിയുടെ രക്തം അടങ്ങാത്ത ഊര്‍ജം സമ്മാനിക്കും. അമേരിക്ക സഊദി സംരക്ഷണത്തിന്റെ കുപ്പായം തത്കാലമെങ്കിലും അഴിച്ചു വെക്കും. ആഗോള മാധ്യമ സമൂഹം സാഹസികമായ അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിലേക്ക് ആഴ്ന്നിറങ്ങും. വെളിപ്പെടുത്തലുകള്‍ വന്നു കൊണ്ടേയിരിക്കും.
ചില്ലറക്കാരനല്ല ജമാല്‍ ഖശോഗി. തുര്‍ക്കിയിലാണ് വേരുകള്‍. പിതാമഹന്‍ തുര്‍ക്കിയില്‍ നിന്ന് സഊദിയിലേക്ക് വന്നയാളാണ്. സഊദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഔദ്യോഗിക വൈദ്യനായിരുന്നു അദ്ദേഹം. പിതാവിനും കൊട്ടാരവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഖശോഗിയുടെ അനന്തരവന്‍ കുപ്രസിദ്ധിയും സുപ്രസിദ്ധിയും ഒരു പോലെ അവകാശപ്പെടാവുന്ന ആയുധ ഇടപാടുകാരനായിരുന്നു. ഡയാനാ രാജകുമാരിക്കൊപ്പം കൊല്ലപ്പെട്ട കാമുകന്‍ ദോദി ഫയാദ്, ഖശോഗിയുടെ ബന്ധുവാണ്. സംഭവബഹുലമായ ഔദ്യോഗിക ജീവിതമാണ് ഖശോഗിക്കുള്ളത്. സഊദി ഗസറ്റ്, അല്‍ മദീന, അറബ് ന്യൂസ് തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങളുടെ തലപ്പത്ത് പ്രവര്‍ത്തിച്ചു. തൊണ്ണൂറുകളില്‍ അഫ്ഗാന്‍, പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. അക്കാലത്ത് സഊദിയുടെ രഹസ്യാന്വേഷണ വിഭാഗത്തിനു വേണ്ടി സേവനം ചെയ്തുവെന്നും ഉസാമാ ബിന്‍ ലാദനുമായി ബന്ധമുണ്ടായിരുന്നുവെന്നും 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ഖശോഗിക്ക് അറിയാമായിരുന്നുവെന്നുമെല്ലാം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അത് ഒരുപക്ഷേ ക്യാരക്ടര്‍ കില്ലിംഗിന്റെ ഭാഗമാകാം.
ഒരു കാലത്ത് സഊദി ഭരണകൂടവുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഖശോഗി പിന്നീട് തീവ്ര സലഫിസത്തിന്റെ വിമര്‍ശകനായെന്നത് വസ്തുതയാണ്. അല്‍ വതന്റെ എഡിറ്റര്‍ ചീഫ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റുന്നത് ഇബ്‌നു തൈമിയ്യയെ ആശപരമായി വിമര്‍ശിക്കുന്ന ലേഖനം വന്നതിന്റെ പേരിലാണ്. അതിന് ശേഷം ലണ്ടനിലേക്ക് ചേക്കേറിയ അദ്ദേഹം തിരിച്ച് സഊദിയിലെത്തിയത് ഭരണകൂടത്തിന്റെ അടുത്ത ആളായി രൂപാന്തരം പ്രാപിച്ചായിരുന്നു. പക്ഷേ, തന്റെ ആശയഗതി അദ്ദേഹം തുറന്ന് പറഞ്ഞു കൊണ്ടിരിക്കുകയും ഒരു ഘട്ടത്തില്‍ ബ്രദര്‍ഹുഡുമായി ബന്ധമുള്ളവരുമായി അടുപ്പം പുലര്‍ത്തുകയും ചെയ്തു. ജര്‍മന്‍ മാധ്യമത്തിന് 2017ല്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്: “സഊദി ഭരണകൂടം ഇഖ്‌വാനെ കാണുന്നത് തീവ്രവാദി ഗ്രൂപ്പായാണ്. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ പലരും അതിനെ മനസ്സിലാക്കുന്നത് സലഫിസത്തേക്കാള്‍ മിതവാദപരമായാണ്” എന്ന്. സഊദിയില്‍ അദ്ദേഹം സംശയത്തിന്റെ നിഴലിലാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നതും വാഷിംഗ്ടണ്‍ പോസ്റ്റില്‍ കയറുന്നതും. സലഫിസത്തില്‍ നിന്ന് രാജ്യം കുതറി മാറാന്‍ ശ്രമിക്കുകയാണെന്നും പരിഷ്‌കരണത്തിന്റെ പാതയിലേക്കാണ് താന്‍ രാജ്യത്തെ നയിക്കുന്നതെന്നും പ്രഖ്യാപിച്ച മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനായി ഖശോഗി മാറുന്നതാണ് പിന്നെ കണ്ടത്. പാശ്ചാത്യ കൈയടി പ്രതീക്ഷിച്ച് സല്‍മാന്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങളെ പിന്തുണക്കുമ്പോഴും കിരീടാവകാശിയുടെ ട്രംപ് ബന്ധമടക്കം ഖശോഗി തുറന്ന് കാട്ടിക്കൊണ്ടിരുന്നു.

ഇനിയും പുറത്ത് വരാനിരിക്കുന്ന അന്തര്‍നാടകങ്ങള്‍ ഉയര്‍ത്തുന്ന കാതലായ ചില ചോദ്യങ്ങളുണ്ട്. ഇതില്‍ സല്‍മാന്‍ രാജകുമാരന്റെ പങ്കെന്താണ്? കൊട്ടാരത്തിലെ അന്തര്‍ സംഘര്‍ഷത്തിന്റെ ഭാഗമാണോ ഇത്? സലഫിസ്റ്റ് സ്വാധീനത്തെ ചൊല്ലി രൂപപ്പെട്ട ചേരി തിരിവ് ഈ കൊടുംക്രൂരതയില്‍ കലാശിച്ചോ? അന്താരാഷ്ട്ര ചാരക്കെണിയാണോ? തീര്‍ച്ചയായും സഊദിക്ക് അതിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ചില കൈവിട്ട തീരുമാനങ്ങളെടുക്കേണ്ടി വന്നിട്ടുണ്ട്. യമനിലെ ഇടപെടലും ഇറാന്റെ ചരടുവലിക്കെതിരായ നീക്കങ്ങളും ഖത്വറിനോടുള്ള സമീപനവുമെല്ലാം അതില്‍ ചിലതാണ്. ശരിയായാലും തെറ്റായാലും ഈ നീക്കങ്ങള്‍ക്ക് വന്‍ ശക്തികളുടെ പിന്തുണയുണ്ട്. ഈ ഭൗമരാഷ്ട്രീയ പശ്ചാത്തലത്തില്‍ സഊദിയെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ മാത്രമേ ഈ കൊലപാതകം ഉപകരിക്കൂ. അതാകട്ടേ മേഖലയുടെ മൊത്തം സുരക്ഷിതത്വത്തെ ബാധിക്കുകയും ചെയ്യും. ഏത് രഹസ്യം ചോരുന്നതിന്റെ പേരിലായാലും, ഏത് വിമര്‍ശനത്തിന്റെ പേരിലായാലും അങ്ങേയറ്റത്തെ രാഷ്ട്രീയ വിഡ്ഢിത്തമായി ഈ അരുംകൊല വിലയിരുത്തപ്പെടുന്നത് അതുകൊണ്ടാണ്. നയതന്ത്ര കാര്യാലയത്തില്‍ നടന്ന കൊല സഊദിയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ സ്വാധീനിക്കുക തന്നെ ചെയ്യും. ട്രംപ് അല്‍പ്പം മയത്തിലാണ് പ്രതികരിച്ചത്. അറസ്റ്റിലും പുറത്താക്കലുകളിലും സംതൃപ്തിയുണ്ടെന്ന് വ്യക്തമാക്കി സഊദിയെ വളഞ്ഞിട്ടാക്രമിക്കരുതെന്ന സന്ദേശം നല്‍കിയിരിക്കുന്നു അദ്ദേഹം.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിപ് ഉര്‍ദുഗാനാണ് നേട്ടം മുഴുവന്‍. കൃത്യ സമയത്ത് ഇടപെടാനും വെളിപ്പെടുത്തലുകള്‍ നടത്താനും അദ്ദേഹത്തിന് സാധിച്ചു. മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നുവെന്ന തരത്തില്‍ തന്റെ മേല്‍ വരുന്ന പഴികളെ ഖശോഗിക്ക് വേണ്ടിയുള്ള പോരാട്ടം കൊണ്ട് അദ്ദേഹത്തിന് മറികടക്കാം. ഇറാനോടും ഖത്വറിനോടും തുടരുന്ന ബാന്ധവം കുറേക്കൂടി ശക്തമായി തുടരാം. ഭരണകൂട ഭീകരതയുടെ എതിര്‍ ചേരിയിലാണ് താനെന്ന് സ്വയം അടയാളപ്പെടുത്താം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest