രാജ്യാന്തര സമ്മിറ്റിന് വേദിയായി മര്‍കസ് നോളജ് സിറ്റി

Posted on: October 21, 2018 10:07 am | Last updated: October 21, 2018 at 10:07 am

കോഴിക്കോട്: സമാധാനത്തിനും ലോകസുരക്ഷക്കും ആവശ്യമായ പുതിയ ആശയങ്ങളുടെ പാഠശാലയായി മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റ് ശ്രദ്ധേയമാവുന്നു. പത്ത് രാഷ്ട്രങ്ങളിലെ പ്രതിനിധികളും ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളുമടങ്ങുന്ന മൂന്നൂറ് അംഗ പ്രതിനിധി സംഘത്തിന് ഭാവിയിലെ ലോകത്തെ നിയന്ത്രിക്കുന്ന നയതന്ത്രജ്ഞരും രാഷ്ട്രനിര്‍മാതാക്കളുമാവാനുള്ള പരിശീലനമാണ് സമ്മിറ്റിലൂടെ നല്‍കുന്നത്. ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തന രീതിയെ കൃത്യമായി പിന്തുടര്‍ന്നും ചട്ടങ്ങള്‍ പാലിച്ചും ഏഴു വേദികളിലായാണ് സെഷനുകള്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മാധ്യമരംഗത്തെ വിദഗ്ധരായ പതിനെട്ട് പേര്‍ സമ്മേളനം കവര്‍ ചെയ്യുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ യൂത്ത് സമ്മിറ്റാണ് മര്‍കസില്‍ സംഘടിപ്പിച്ചതെന്ന് സമ്മിറ്റ് ചെയര്‍മാന്‍ സഈദ് മുഹമ്മദ് നാഷിദ് പറഞ്ഞു. സമ്മേളനത്തിന്റെ സജ്ജീകരണങ്ങള്‍ ആധുനികമായും സാങ്കേതികമായും തികവോടെ നിര്‍വഹിക്കാന്‍ നൂറംഗ വോളണ്ടിയേര്‍സ് പ്രവര്‍ത്തിക്കുന്നു.

ഇന്ന് നടക്കുന്ന സമാപന സമ്മിറ്റില്‍ മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ മികച്ച നയതന്ത്ര ആശയങ്ങള്‍ രൂപപ്പെടുത്തിയ പ്രതിനിധിക്ക് ബെസ്റ്റ് ഡിപ്ലോമസി അവാര്‍ഡ് നല്‍കും. പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് സമ്മിറ്റിന്റെ രാജ്യാന്തര തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്. മര്‍കസ് ഗാര്‍ഡനിലെ അബൂബക്കര്‍ സിദ്ധീഖ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ഉബയ്യ് അലി കോര്‍ഡിനേറ്ററും മുഹമ്മദ് അബ്ദുല്‍ ബാരിയും അബന്‍ അഹ്മദും ഡെലിഗേറ്റ് കാര്യങ്ങളും നിയന്ത്രിക്കുന്നു. നോളജ് സിറ്റിയിലെ ലോ കോളജ്, യുനാനി മെഡിക്കല്‍ കോളജ്, ക്ലബ് ഹൗസ് എന്നിവിടങ്ങളില്‍ സജ്ജമാക്കിയ വേദികളിലാണ് സമ്മിറ്റ് നടക്കുന്നത്. നോളജ് സിറ്റിയിലെ ഐഡിയല്‍ സ്‌കൂള്‍, ലോ കോളജ്, യുനാനി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വോളണ്ടിയര്‍മാരില്‍ സജീവമായി രംഗത്തുണ്ട്. മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമീര്‍ ഹസന്‍, ഓപറേഷന്‍ മാനേജര്‍ സി. റഹീം, മര്‍കസ് അക്കാദമിക് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, ഇവന്റ് കോര്‍ഡിനേറ്റര്‍ കെ.കെ ശമീം കല്‍പേനി, മര്‍കസ് ഗാര്‍ഡന്‍ ജോയിന്റ് ഡയറക്ടര്‍ ആസഫ് നുറാനി, ജി.സി.സി മീഡിയ കോര്‍ഡിനേറ്റര്‍ മുനീര്‍ പാണ്ട്യാല തുടങ്ങിയവര്‍ സമ്മേളനത്തിന്റെ പാശ്ചാത്തല സൗകര്യമൊരുക്കുന്നു.

ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്, അലിഫ് ഗ്ലോബല്‍ സ്‌കൂള്‍, യേനപ്പോയ യൂണിവേഴ്‌സിറ്റി, ക്രസന്റ് ബില്‍ഡേല്‍സ്, ഫ്‌ളൈ കിയോസ്‌ക്, ലാന്റ്മാര്‍ക്ക്, ഹസ്സന്‍ ഹാജി കമ്പനി, ഫെസ്സ് ഇന്‍ ഹോട്ടല്‍, ടാലന്‍മാര്‍ക്ക്, മര്‍കസ് ലോ കോളജ്, മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്, ഇംതിബിഷ്, ഹാന്റ്മാര്‍ക്ക് എന്നീ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പാര്‍ട്ട്ണര്‍ഷിപ്പോടെയാണ് മര്‍കസ് യൂത്ത് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.