ശബരിമല കയറാതെ ദളിത് നേതാവ് മഞ്ജു മടങ്ങി

Posted on: October 20, 2018 7:30 pm | Last updated: October 21, 2018 at 9:49 am

പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ കേരള ദളിത് മഹിളാ ഫെഡറേഷൻ നേതാവ് എസ് പി മഞ്ജു മല കയറാതെ മടങ്ങി. മഞ്ജുവിന് ഇന്ന് മലകയറാൻ പോലീസ് അനുമതി നൽകാത്ത സാഹചര്യത്തിലാണ് മടക്കം. മലകയറാൻ ഇല്ലെന്ന് എഴുതി നൽകിയ ശേഷമാണ് ഇവർ മടങ്ങിയതെന്ന് സൂചനയുണ്ട്.

ശനിയാഴ്ച ഉച്ചക്കാണ് മഞ്ജുവും മറ്റൊരു സ്ത്രീയും ശബരിമലയിൽ ദർശനം നടത്താൻ സഹായം തേടി പോലീസിനെ സമീപിച്ചത്. പോലീസ് സാഹചര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെ കൂടെയുണ്ടായിരുന്ന സ്ത്രീ മലകയറ്റം ഉപേക്ഷിച്ചു. എന്നാൽ മഞ്ജു മല കയറണം എന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. കാലാവസ്ഥ പ്രശ്നങ്ങളും പോലീസ് ചൂണ്ടിക്കാണിക്കാണിച്ചെങ്കിലും മഞ്ജു തീരുമാനം മാറ്റിയില്ല.

ഇതോടെ പോലീസ് ഇവരുടെ പശ്ചാത്തലം അന്വേഷിച്ചപ്പോൾ വിവിധ ജില്ലകളിലായി ഇവർക്കെതിരെ പതിനഞ്ചോളം കേസുകൾ നിലവിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇതിൽ അന്വേഷണം നടത്തിയ ശേഷം മാത്രമേ മഞ്ജുവിന് മലകയറാൻ അനുമതി നൽകുകയുള്ളൂ എന്ന് പോലീസ് നിലപാടെടുക്കുകയായിരുന്നു.

ഇതോടെ മലകയറാനുള്ള തീരുമാനത്തിൽനിന്ന് മഞ്ജു പിന്മാറി. ഇക്കാര്യം രേഖാമൂലം എഴുതി നൽകിയ ശേഷമാണ് മഞ്ജു മടങ്ങിയത്.