Connect with us

Editorial

ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം

Published

|

Last Updated

ബേങ്ക് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള ഓണ്‍ ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറുടെ ഒന്നര ലക്ഷം രൂപ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ അടിച്ചെടുത്തു. നിലവിലുള്ള എം ടി എം കാര്‍ഡ് മരവിപ്പിക്കാന്‍ പോവുകയാണെന്നും പുതിയ എം ടി എം കാര്‍ഡ് നല്‍കുന്നതിന് വിവരങ്ങള്‍ ആരായാനാണെന്നുമുള്ള മുഖവുരയോടെ എസ് ബി ഐയില്‍ നിന്നെന്ന വ്യാജേന ഒരു ഫോണ്‍ കോളായിരുന്നു തുടക്കം. അസി. പ്രൊഫസറുടെ ബേങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടി ഫോണ്‍ ചെയ്ത ആള്‍ വെളിപ്പെടുത്തിയതോടെ ഇത് ബേങ്കില്‍ നിന്നു തന്നെയെന്ന് അദ്ദേഹം ഉറപ്പിച്ചു. ഫോണില്‍ വന്ന ആറക്ക നമ്പര്‍ പറഞ്ഞു കൊടുക്കാനായിരുന്നു അടുത്ത നിര്‍ദേശം. അതറിയിച്ചു കൊടുത്തതോടെ താമസം വിനാ അദ്ദേഹത്തിന്റെ ബേങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടമാകുകയായിരുന്നു.
കഴിഞ്ഞ ജനുവരി 23ന് തിരുവനന്തപുരത്തെ ഒരു വിമുക്തഭടന്‍ തട്ടിപ്പിനിരയായിരുന്നു. എസ് ബി ഐ യുടെ മുംബെയിലെ ക്രെഡിറ്റ് കാര്‍ഡ് ഓഫീസില്‍ നിന്നെന്ന വ്യാജേന ഒരു സ്ത്രീയാണ് വിമുക്തഭടനുമായി ബന്ധപ്പെട്ടത്. അദ്ദേഹത്തിന്റെ വിലാസം, വയസ്സ്, ജനനത്തീയതി, കാര്‍ഡ് നമ്പര്‍ എന്നിവയെല്ലാം അവര്‍ ഇങ്ങോട്ട് അറിയിച്ചു കൊടുത്ത ശേഷം ഒ ടി പി നമ്പര്‍ ആവശ്യപ്പെടുകയായിരുന്നു. നമ്പര്‍ നല്‍കിയതോടെ ആദ്യം 85,000 രൂപയും പിന്നീട് 4,040 രൂപയും അക്കൗണ്ടില്‍ നിന്ന് നഷ്ടമായി. ഗുഡ്ഗാവിലെ ക്രെഡിറ്റ് കാര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഈ ഫോണ്‍ കോളുകള്‍ വ്യാജമായിരുന്നെന്ന് മനസ്സിലാകുന്നത്. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പുറത്തു പറയാന്‍ വിമുഖത കാണിക്കുന്നവരാണ് തട്ടിപ്പിനിരയായവരില്‍ പലരും. 2017ല്‍ സൈബര്‍ തട്ടിപ്പുകാര്‍ ഇന്ത്യയിലെ ബേങ്കിംഗ് അക്കൗണ്ടുകളില്‍ നിന്നും അടിച്ചെടുത്തത് 179 കോടി രൂപയാണ്.

ഇതിനിടെ റിസര്‍വ് ബേങ്കിന്റെയും ഐക്യരാഷ്ട്ര സഭയുടെയും പേരില്‍ തട്ടിപ്പുകള്‍ അരങ്ങേറിയിരുന്നു. അവകാശികളില്ലാതെ കിടക്കുന്ന ഫണ്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണറും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ടെന്നും മെയില്‍ ലഭിച്ചയാള്‍ക്ക് ഈയിനത്തില്‍ 4.76 കോടി രൂപക്ക് തുല്യമായ ബ്രിട്ടീഷ് പൗണ്ട് അനുവദിച്ചിട്ടുണ്ടെന്നും കാണിച്ചായിരുന്നു സന്ദേശങ്ങള്‍. മെയില്‍ ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഗുണഭോക്താവ് ഫണ്ടിന് അവകാശവാദം ഉന്നയിക്കണം. ഇതിനായി പേര്, വിലാസം, ബേങ്കിന്റെ പേര്, അക്കൗണ്ട് നമ്പര്‍, ഇമെയില്‍ വിലാസം, തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് തുടങ്ങിയവ റിസര്‍വ് ബേങ്കിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു. വ്യക്തിഗത വിവരവും ബേങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ച് അക്കൗണ്ടിലെ തുക തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.

ക്രെഡിറ്റ് കാര്‍ഡ,് ഡെബിറ്റ് കാര്‍ഡ് നമ്പറുകളും പാന്‍ നമ്പറുകളും ചോര്‍ത്തി ബേങ്ക് അക്കൗണ്ടിലെ തുകയടിച്ചുമാറ്റുന്ന പുതിയ മോഷണ രീതി ആരംഭിച്ചത് അടുത്ത കാലത്താണ്. എ ടി എം ഡെബിറ്റ് കാര്‍ഡ് പുതുക്കാനെന്നോ ആധാറും അക്കൗണ്ട് നമ്പറും ബന്ധിപ്പിക്കാനെന്നോ പറഞ്ഞാണ് തട്ടിപ്പുകാരുടെ ഫോണ്‍കോള്‍ വരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഡല്‍ഹിയിലും മറ്റും തമ്പടിച്ച നൈജീരിയന്‍ സംഘങ്ങളുമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഝാര്‍ഖണ്ഡിലെ ചില ഗ്രാമങ്ങളില്‍ ഇവരുടെ വലിയൊരു ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ വിളിക്കുന്ന ടെലിഫോണ്‍ നമ്പറുകള്‍ വ്യാജമായിരിക്കും. ചില കേസുകളില്‍ അക്കൗണ്ട് ഉടമയുടെ വ്യക്തിപരമായ വിവരങ്ങളും അക്കൗണ്ടിലെ തുകയും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ വെച്ചാണ് ഇവര്‍ ഫോണ്‍ ചെയ്യുന്നത്. ബേങ്ക് അക്കൗണ്ട് നമ്പറടക്കമുള്ള വിവരങ്ങള്‍ അവര്‍ക്കു ലഭിച്ചതെങ്ങനെെയന്നത് ദുരൂഹമാണ്.

ഇത്തരം തട്ടിപ്പു വിവരം പുറത്തു വന്ന ഉടനെ തന്നെ അതില്‍ അകപ്പെടാതിരിക്കാന്‍ റിസര്‍വ് ബേങ്കും എസ് ബി ഐയും ഉപഭോക്താക്കള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കിയതാണ്. വ്യക്തിഗത വിവരങ്ങളോ അക്കൗണ്ട് വിവരങ്ങളോ ആവശ്യപ്പെട്ട് ഒരു ബേങ്കില്‍ നിന്നും ഉപഭോകതാവിനെ വിളിക്കില്ലെന്നും ഇത്തരം ആവശ്യവുമായി മെസേജോ ടെലിഫോണ്‍ വിളിയോ വന്നാല്‍ പ്രതികരിക്കരുതെന്നും ബേങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉപഭോക്താവിന്റെ വിവരങ്ങള്‍ സ്ഥിരീകരിക്കേണ്ടതിനായി വെരിഫിക്കേഷന്‍ മെയിലോ കോളോ മെസേജോ വന്നാല്‍ ബേങ്കുമായി നേരിട്ട് ബന്ധപ്പെടുക മാത്രമേ ചെയ്യാവൂ എന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

വിദ്യാസമ്പന്നരും കാര്യബോധമുള്ളവരുമാണ് മലയാളികളെന്നാണ് പറയപ്പെടാറെങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ വലയില്‍ ധാരാളം കേരളീയരും വീഴുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഝാര്‍ഖണ്ഡിലെ ജംതാര ഉള്‍പ്പെടെയുള്ള സൈബര്‍ തിരുട്ടുഗ്രാമങ്ങളിലെ അക്കൗണ്ടുകളിലേക്ക് ദിനംപ്രതി കേരളത്തില്‍ നിന്നെത്തുന്നത്. സംശയാസ്പദമായ ഫോണ്‍ വിളികളോ മെസേജുകളോ വരുമ്പോള്‍ ബേങ്കുകള്‍ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്ത് പ്രതികരിക്കാതിരിക്കുകയാണ് തട്ടിപ്പില്‍ കുടുങ്ങാതിരിക്കാനുള്ള മാര്‍ഗം. അശ്രദ്ധക്കുറവു കൊണ്ടോ മറ്റോ തട്ടിപ്പില്‍ പെട്ടാല്‍ ഉടനെ പോലീസിനെയും സൈബര്‍ പോലീസിനെയും വിവരമറിയിക്കണം. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഓണ്‍ലൈനിലൂടെ തട്ടിയ പണംതിരികെ ലഭിച്ചിട്ടുണ്ട്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലൈന്‍ വാലറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങാനാണ് പണം ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വ്യാപാര കമ്പനികളുമായി ബന്ധപ്പെട്ട് പണമിടപാട് മരവിപ്പിക്കുകയുമായിരുന്നു. എങ്കിലും നഷ്ടപ്പെട്ടതിന്റെ പത്ത് ശതമാനം മാത്രമേ തിരിച്ചു പിടിക്കാനാകുന്നുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.