Kerala
പ്രതിഷേധം അക്രമാസക്തം; തെരുവുയുദ്ധം; നിരോധനാജ്ഞ

പത്തനംതിട്ട: സ്ത്രീപ്രവേശ നിയന്ത്രണം നീക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ ശബരിമലയില്‍ തെരുവുയുദ്ധം. പോലീസും സമരക്കാരും പരസ്പരം ഏറ്റുമുട്ടിയതോടെ നിലയ്ക്കലും പമ്പയും കലാപഭൂമിയായി. സ്ത്രീകളടക്കം ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. യുവതികളെ തടയുമെന്ന് പ്രഖ്യാപിച്ചെത്തിയവരുടെ പ്രതിഷേധ സമരം അതിരുവിട്ടതോടെ പോലീസും തിരിച്ചടിച്ചു. വൈകുന്നേരത്തോടെയാണ് മേഖലയുടെ നിയന്ത്രണം പോലീസ് തിരിച്ചുപിടിച്ചത്. അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ നിലക്കല്‍, പമ്പ, സന്നിധാനം, ഇലവിങ്കല്‍ മേഖലകളില്‍ ജില്ലാ കലക്ടര്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കെ തുലാമാസ പൂജക്കായി വൈകുന്നേരം ശബരിമല നട തുറന്നു.
രാത്രിയോടെ തന്നെ നിലക്കലും പമ്പയിലും തമ്പടിച്ച പ്രവര്‍ത്തകരെ നീക്കാന്‍ രാവിലെ മുതല്‍ പോലീസ് ശ്രമം തുടങ്ങിയിരുന്നു. കോണ്‍ഗ്രസും ബി ജെ പിയും രണ്ട് സ്ഥലങ്ങളിലായി രാവിലെ മുതല്‍ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമെ അയ്യപ്പ സംരക്ഷണ സമിതിയുടെ പേരില്‍ പമ്പയില്‍ പ്രാര്‍ഥനാ യജ്ഞവുമാണ് പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍, പ്രതിഷേധവും അക്രമവും ഇതിനപ്പുറത്തേക്ക് നീങ്ങുകയായിരുന്നു. എ ഡി ജി പി അനില്‍കാന്തും ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. രാവിലെ തന്നെ നിലയ്ക്കലിലെ സമര പന്തല്‍ പൊളിച്ച് പ്രതിഷേധക്കാരെ തുരത്തിയെങ്കിലും കൂടുതല്‍ പേര്‍ സംഘടിച്ചെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു. പോലീസ് എണ്ണത്തില്‍ കുറവായതിനാല്‍ ആ ഘട്ടത്തില്‍ സമരക്കാരെ നേരിടാനായില്ല. ഉച്ചവരെ ആത്മസംയമനത്തോടെയായിരുന്നു പോലീസ് ഇടപെടല്‍. രാവിലെ പത്ത് മണിയോടെ തന്നെ സമരം കൂടുതല്‍ ശക്തമായി. പമ്പയിലേക്കെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ നിലയ്ക്കലില്‍ വെച്ച് പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഏഴ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ഡി എസ് എന്‍ ജി ഉള്‍പ്പെടെയുള്ള വാഹനങ്ങളും ക്യാമറകളും തകര്‍ത്തു. പത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് പോലീസ് വാഹനങ്ങളും കല്ലേറില്‍ തകര്‍ന്നു. ചേര്‍ത്തലയില്‍ നിന്ന് ദര്‍ശനത്തിനെത്തിയ യുവതിയെ പത്തനംതിട്ട ബസ്സ്റ്റാന്‍ഡിലും ആന്ധ്രയില്‍ നിന്നെത്തിയ യുവതിയടക്കമുള്ള കുടുംബത്തെ സന്നിധാനത്തേക്കുള്ള വഴിയില്‍ വെച്ചും പ്രതിഷേധക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു.
ഉച്ചയോടെ പോലീസിനെതിരെ വ്യാപകമായ കല്ലേറുണ്ടായി. ഇതോടെ നിലക്കലും പമ്പയിലെയും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. ഒന്നര മണിക്കൂര്‍ നീണ്ട തെരുവ് യുദ്ധമാണ് പിന്നീട് അരങ്ങേറിയത്. റോഡിലേക്കും കാട്ടിലേക്കും ഓടിക്കയറിയ പ്രതിഷേധക്കാര്‍ പോലീസിന് നേരെയും പോലീസ് തിരിച്ചും രൂക്ഷമായ കല്ലേറ് നടന്നു. പോലീസ് നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയതിനാല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്ന സ്ത്രീകളെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്നു വന്ന സംഘത്തിലെ യുവതിയെ മല കയറുന്നതില്‍നിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. പതിനെട്ടാം പടിക്കുമുന്നിലാണ് ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചവരെയും വൈകുന്നേരം അറസ്റ്റ് ചെയ്ത് നീക്കി. പമ്പയില്‍ നാമജപം നടത്തി പ്രതിഷേധിച്ച തന്ത്രി കുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ഇതില്‍ പ്രതിഷേധിച്ച് അതേസ്ഥലത്ത് ബി ജെ പി സമരം നടത്തി.
വിശ്വാസികളെ തടയാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അക്രമങ്ങള്‍ അതിരുവിട്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ ഇന്ന് രാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
വാഹനം തടഞ്ഞാല്‍ കര്‍ശന നടപടി:
ഡി ജി പി
തിരുവനന്തപുരം: ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹറ. ശബരിമല തീര്‍ഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും ലഭ്യമാക്കാനും ഡി ജി പി നിര്‍ദേശം നല്‍കി.